ഇന്ത്യൻ ടെസ്റ്റ് ടീമിൽ തീരുമാനങ്ങളെടുക്കുന്നത് പരിശീലകൻ ഗൗതം ഗംഭീറാണോ ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലാണോ എന്ന ചോദ്യം പലനാളുകളായി ആരാധകർ ഉന്നയിക്കുന്ന ചോദ്യമാണ്. ഇപ്പോഴിതാ ഈ ചോദ്യത്തിൽ പ്രതികരിക്കുകയാണ് ഇന്ത്യയുടെ മുൻ താരം സുനിൽ ഗവാസ്കർ. താൻ നയിക്കുന്ന ടീമിൽ ആര് കളിക്കണമെന്ന് തീരുമാനിക്കുള്ള സ്വാതന്ത്ര്യം പോലും ശുഭ്മൻ ഗില്ലിനില്ലേയെന്നാണ് ഗവാസ്കർ ചോദിക്കുന്നത്. സോണി ടിവിയിലെ ചർച്ചയ്ക്കിടെയായിരുന്നു ഗവാസ്കറുടെ പ്രതികരണം. ഇംഗ്ലണ്ട് പരമ്പരയിൽ സ്പിന്നർ കുൽദീപ് യാദവിനെ ടീമിന് പുറത്തിരുത്തിയ തീരുമാനത്തെ ഗവാസ്കർ ചോദ്യം ചെയ്യുകയും ചെയ്തു.
ഇന്ത്യൻ ടീമിന് എല്ലാ കാലത്തും പരിശീലകരുണ്ടായിരുന്നുവെന്നും എന്നാൽ ക്യാപ്റ്റന്റെ തീരുമാനമായിരിക്കണം ടീമിൽ അന്തിമമെന്നും ഗവാസ്കർ ചൂണ്ടിക്കാണിക്കുന്നു. 'തങ്ങളുടെ കാലത്തും പരിശീലകരുണ്ടായിരുന്നു. എന്നാൽ എല്ലായ്പ്പോഴും ക്യാപ്റ്റനാണ് അവസാന തീരുമാനം സ്വീകരിച്ചിരുന്നത്. ക്യാപ്റ്റന്റേതാണ് ടീം. ക്യാപ്റ്റൻസി മികവിന്റെ അടിസ്ഥാനത്തിലാണ് ക്യാപ്റ്റന്മാരെ വിലയിരുത്തുക', ഗവാസ്കർ പറഞ്ഞു.
ഗില്ലിന് ആവശ്യമെന്ന് തോന്നിയാൽ കുൽദീപിനെ ടീമിൽ ഉൾപ്പെടുത്തണം. നേതൃത്വം നൽകുന്ന ആളായതിനാൽ എപ്പോഴും ഉത്തരവാദിത്തം ഗില്ലിനാണെന്നും അത് കാണിക്കാൻ അദ്ദേഹം തയാറാകണമെന്നും ഗവാസ്കർ പറയുന്നു.
ഇംഗ്ലണ്ടിന് എതിരായ ടെസ്റ്റ് പരമ്പരയിൽ സ്ക്വാഡിലുണ്ടായിട്ടും ഇതുവരെ ഒരു കളിയിൽപ്പോലും പ്ലേയിങ് ഇലവനിൽ അവസരം ലഭിച്ചിട്ടില്ലാത്ത താരമാണ് ഇന്ത്യയുടെ സ്റ്റാർ സ്പിന്നറായ കുൽദീപ് യാദവ്. മാഞ്ചസ്റ്ററിൽ നടന്നുകൊണ്ടിരിക്കുന്ന നാലാം ടെസ്റ്റിനുള്ള ടീമിൽ കുൽദീപ് ഉണ്ടാകുമെന്നാണ് ആരാധകർ കരുതിയതെങ്കിലും താരത്തെ ഇന്ത്യ വീണ്ടും പുറത്തുനിർത്തുകയായിരുന്നു. ഇത് ക്രിക്കറ്റ് ലോകത്തെ ശരിക്കും അമ്പരപ്പിച്ചു. നാലാം ടെസ്റ്റിൽ ഇന്ത്യയുടെ ബൗളിങ് നിര നിരാശാജനകമായ പ്രകടനം കാഴ്ച വെക്കുമ്പോൾ കുൽദീപിനെ തഴഞ്ഞത് വീണ്ടും ചർച്ചയായിരുന്നു.
Content Highlights: "It's Shubman Gill's Team Not Gautam Gambhir's": Sunil Gavaskar Fumes At Kuldeep Yadav's Absence