മാഞ്ചസ്റ്ററിലെ സെഞ്ച്വറി; അര ഡസനോളം റെക്കോർഡുകൾ സ്വന്തം പേരിലാക്കി ഗിൽ

35 വര്‍ഷത്തിനുശേഷം ആദ്യമായാണ് ഒരു ഇന്ത്യൻ താരം മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡില്‍ സെഞ്ച്വറി നേടുന്നത്

ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിലെ സെഞ്ച്വറിയോടെ അപൂർവ്വ നേട്ടം സ്വന്തമാക്കി ഇന്ത്യൻ നായകന്‍ ശുഭ്മാന്‍ ഗിൽ. 35 വര്‍ഷത്തിനുശേഷം ആദ്യമായാണ് ഒരു ഇന്ത്യൻ താരം മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡില്‍ സെഞ്ച്വറി നേടുന്നത്. 1990ല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് ഗില്ലിന് മുമ്പ് മാഞ്ചസ്റ്ററില്‍ സെഞ്ച്വറി നേടിയ അവസാന ഇന്ത്യൻ ബാറ്റര്‍. മാഞ്ചസ്റ്ററില്‍ സെഞ്ച്വറി നേടുന്ന ഒമ്പതാമത്തെ മാത്രം ഇന്ത്യൻ താരവുമാണ് ഗില്‍.

ഒരു ടെസ്റ്റ് പരമ്പരയില്‍ ക്യാപ്റ്റനായി നാലു സെഞ്ച്വറികള്‍ നേടുന്ന മൂന്നാമത്തെ മാത്രം ക്യാപ്റ്റനാവുമായി ഗില്‍. 1947-48ൽ ഇന്ത്യക്കെതിരെ ഓസ്ട്രേലിയന്‍ ബാറ്റിംഗ് ഇതിഹാസം ഡോണ്‍ ബ്രാഡ്മാനും 1978-79ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ സുനില്‍ ഗവാസ്കറും ക്യാപ്റ്റനായിരിക്കെ ഒരു പരമ്പരയില്‍ നാലു സെഞ്ച്വറികള്‍ വീതം നേടിയിട്ടുണ്ട്. ഒരു ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ ടെസ്റ്റ് സെഞ്ച്വറികള്‍ നേടുന്ന ഇന്ത്യൻ താരമെന്ന സുനില്‍ ഗവാസ്കറുടെയും വിരാട് കൊഹ്‌ലിയുടെയും റെക്കോര്‍ഡിനൊപ്പമെത്താനും ഗില്ലിനായി.

1971ലും 1978-79ൽ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഗവാസ്കറും 2014-2015ല്‍ ഓസ്ട്രേലിയക്കെതിരെ വിരാട് കോലിയും നാലു സെഞ്ചുറികള്‍ വീതം നേടിയിട്ടുണ്ട്. ഇത് കൂടാതെ ഇംഗ്ലണ്ടില്‍ ഒരു ടെസ്റ്റ് പരമ്പരയില്‍ 700 റണ്‍സ് നേടുന്ന ആദ്യ ഏഷ്യൻ താരമായും ഗിൽ മാറി. 2006ല്‍ ഇംഗ്ലണ്ടിനെതിരെ 631 റണ്‍സ് നേടിയ മുൻ പാക് താരം മുഹമ്മദ് യൂസഫിന്‍റെ പേരിലായിരുന്നു ഇതിന് മുമ്പ് ഇംഗ്ലണ്ടില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയതിന്‍റെ റെക്കോര്‍ഡ്.

Content Highlights: Century in Manchester; Gill sets half a dozen records to his name

To advertise here,contact us