രാഹുലിന് മുന്നില്‍ പൊട്ടിക്കരയുന്ന കരുണ്‍! വിരമിക്കല്‍ ആശങ്ക പടര്‍ത്തി ചിത്രം വൈറല്‍, യാഥാര്‍ത്ഥ്യം ഇതാണ്

നാലാം ടെസ്റ്റിൽ കരുണിനെ ഇന്ത്യൻ ഇലവനിൽ നിന്ന് ഒഴിവാക്കുകയും ചെയ്തിരുന്നു

ഇം​ഗ്ലണ്ട് പരമ്പരയിൽ ഇന്ത്യൻ‌ താരം കരുൺ നായരിന് പ്രതീക്ഷയ്ക്കൊത്ത പ്രകടനം പുറത്തെടുക്കാൻ സാധിച്ചിരുന്നില്ല. തുടർന്ന് മാഞ്ചസ്റ്ററിൽ നടന്നുകൊണ്ടിരിക്കുന്ന നാലാം ടെസ്റ്റിൽ കരുണിനെ ഇന്ത്യൻ ഇലവനിൽ നിന്ന് ഒഴിവാക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ കരുൺ നായരുടെ ഒരു ചിത്രവും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.

മാഞ്ചസ്റ്റർ ടെസ്റ്റിൽ കരുൺ നായരെ കളിപ്പിക്കാതിരുന്നതിന് പിന്നാലെ താരത്തിന്റെ ഉറ്റസുഹൃത്തും സഹതാരവുമായ കെ എൽ രാഹുലിനൊപ്പമുള്ള കരുണിന്റെ ഒരു ഫോട്ടോയാണ് വൈറലായത്. കരയുന്ന കരുണിനെ ആശ്വസിപ്പിക്കുന്നുവെന്ന തരത്തിലുള്ള ചിത്രമാണിത്. ടീമിൽ‌ നിന്ന് ഒഴിവാക്കിയതിന്റെ വിഷമത്തിലാണ് കരുൺ കരയുന്നതെന്നും കരുൺ വിരമിക്കൽ പ്രഖ്യാപിക്കാൻ ഒരുങ്ങുകയാണെന്നുമുള്ള അഭ്യൂഹങ്ങൾ ഇതോടെ ശക്തമായി.

Karun Nair Caught Crying then KL Rahul Consoled.. probably he is talking about Retirement pic.twitter.com/MSXkRPRzz8

എന്നാൽ കരുൺ നായരെ രാഹുൽ ആശ്വസിപ്പിക്കുന്ന ഫോട്ടോ മാഞ്ചസ്റ്ററിലേത് അല്ല എന്നാണ് റിപ്പോർട്ട്. മൂന്നാം ടെസ്റ്റ് നടന്ന ലോർഡ്സിൽ വെച്ചുള്ള ഫോട്ടോയാണ് ഇത്. ലോർഡ്സ് ടെസ്റ്റിലും ബാറ്റിങ്ങിൽ കരുൺ നിരാശപ്പെടുത്തിയിരുന്നു. ഈ സമയം കരുണിനെ രാഹുൽ ആശ്വസിപ്പിക്കുന്ന ദൃശ്യമാണിതെന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്.

നാലാം ടെസ്റ്റിൽ കരുണിന് പകരം സായ് സുദർശനെയാണ് ഇന്ത്യ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തിയത്. അർധ സെഞ്ച്വറിയുമായി സായ് മികവ് കാണിക്കുകയും ചെയ്തു. എട്ട് വർഷത്തിന് ശേഷമാണ് കരുൺ ഇന്ത്യൻ പ്ലേയിങ് ഇലവനിലേക്ക് എത്തിയത്. എന്നാൽ കരുണിന് ഇംഗ്ലണ്ടിൽ മികവ് കാണിക്കാനായില്ല.

ഇം​ഗ്ലണ്ടിനെതിരായ പരമ്പരയിൽ ഇതിനകം നടന്ന മൂന്ന് ടെസ്റ്റുകളിലും കരുണ്‍ ടീമിന്റെ ഭാഗമായിരുന്നു. ആദ്യ ടെസ്റ്റില്‍ ആറാമനായും തുടര്‍ന്നുള്ള മല്‍സരങ്ങളില്‍ മൂന്നാം നമ്പറിലുമാണ് അദ്ദേഹം ബാറ്റ് ചെയ്തത്. എന്നാൽ‌ ഒരു അർധ സെഞ്ച്വറി പോലും കരുണിന് നേടാനായിട്ടില്ല. ഭേദപ്പെട്ട തുടക്കങ്ങള്‍ ലഭിച്ച ശേഷം 20-30 റണ്‍സിനിടെ അദ്ദേഹം വിക്കറ്റ് കൈവിടുകയായിരുന്നു. 0, 20, 31, 26, 40, 14 എന്നിങ്ങനെയാണ് കരുണിന്റെ സ്‌കോറുകള്‍.

Content Highlights: Is Karun Nair retiring? Know truth behind viral photo of KL Rahul consoling batter

To advertise here,contact us