'ക്യാപ്റ്റനെന്ന നിലയില്‍ വലിയ റെഡ് ഫ്‌ളാഗ്!' യുവസ്പിന്നറെ ഇറക്കാന്‍ വൈകിയതില്‍ ഗില്ലിനെ വിമര്‍ശിച്ച് മുന്‍താരം

'ലോർഡ്‌സിൽ കഴിഞ്ഞ ഇന്നിംഗ്‌സിൽ 22 റൺസിന് നാല് വിക്കറ്റ് വീഴ്ത്തിയ ഓഫ് സ്പിന്നറെ നമ്മൾ മാഞ്ചസ്റ്ററിൽ നേരത്തെ ഇറക്കുന്നത് കണ്ടിട്ടില്ല'

ഇം​ഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിനിടെ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മൻ ​​ഗില്ലിനെ വിമർശിച്ച് മുൻ താരം സഞ്ജയ് മഞ്ജരേക്കർ. മാഞ്ചസ്റ്ററിൽ നടന്ന നാലാം ടെസ്റ്റിന്റെ മൂന്നാം ദിനത്തിൽ ഓഫ് സ്പിന്നർ വാഷിംഗ്ടൺ സുന്ദറിനെ വൈകി ഇറക്കാനുള്ള ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന്റെ തീരുമാനത്തെയാണ് മഞ്ജരേക്കർ ചോദ്യം ചെയ്തത്. സുന്ദറിനെ വൈകി ഇറക്കാനുള്ള തീരുമാനം ക്യാപ്റ്റനെന്ന നിലയിൽ ​ഗില്ലിന്റെ റെഡ് ഫ്ളാ​ഗ് ആണെന്നാണ് മഞ്ജരേക്കർ വിശേഷിപ്പിച്ചത്.

“ക്യാപ്റ്റന്‍ വാഷിംഗ്ടൺ സുന്ദറിനെ ഇറക്കുന്നില്ല. സുന്ദറിനെ ഇറക്കാതിരിക്കാൻ പ്രത്യേകിച്ച് ഒരു കാരണവും ഞാൻ കാണുന്നില്ല. ഒരു ക്യാപ്റ്റനെന്ന നിലയിൽ ശുഭ്മാൻ ഗില്ലിന്റെ സ്വഭാവത്തിലെ പ്രധാനപ്പെട്ട റെഡ‍് ഫ്ലാ​ഗായാണ് ഞാൻ ഇതിനെ കാണുന്നത്”, സ്റ്റാർ സ്പോർട്സിൽ സംസാരിക്കുമ്പോൾ മഞ്ജരേക്കർ തുറന്നടിച്ചു.

Washington Sundar 🎯🔥👏🏻 pic.twitter.com/L9xSYigKfn

മുൻ ഇംഗ്ലണ്ട് പേസർ സ്റ്റുവർട്ട് ബ്രോഡും മഞ്ജരേക്കറുടെ അഭിപ്രായത്തോട് യോജിച്ച് സംസാരിച്ചു. "എല്ലാവരും വാഷിംഗ്ടൺ സുന്ദർ എവിടെയാണെന്ന് ചോദിക്കുന്നു? എന്തുകൊണ്ടാണ് നമ്മൾ അദ്ദേഹത്തെ കാണാത്തത്? അവർ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 300 റൺസ് നേടി, ലോർഡ്‌സിൽ കഴിഞ്ഞ ഇന്നിംഗ്‌സിൽ 22 റൺസിന് നാല് വിക്കറ്റ് വീഴ്ത്തിയ ഓഫ് സ്പിന്നറെ നമ്മൾ മാഞ്ചസ്റ്ററിൽ നേരത്തെ ഇറക്കുന്നത് കണ്ടിട്ടില്ല," ബ്രോഡ് അഭിപ്രായപ്പെട്ടു.

ഇന്ത്യയ്ക്കെതിരെ രണ്ട് വിക്കറ്റിന് 225 എന്ന നിലയില്‍ ഇന്നിങ്‌സ് തുടങ്ങിയ ഇം​ഗ്ലണ്ട് മൂന്നാം ദിനം സ്റ്റംപെടുക്കുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 544 റണ്‍സെന്ന നിലയിലാണ്. ഇതോടെ ഇന്ത്യയുടെ 358 റണ്‍സിനെതിരെ 186 റണ്‍സിന്റെ ശക്തമായ ലീഡ് ഇംഗ്ലീഷ് പടയ്ക്ക് ലഭിച്ചു. മൂന്നാം ദിനം ജസ്പ്രീത് ബുംറയടക്കമുള്ള ഇന്ത്യൻ പേസർമാർ വിക്കറ്റ് വീഴ്ത്താൻ ബുദ്ധിമുട്ടിയിരുന്നു. എന്നിട്ടും ഓഫ് സ്പിന്നർ സുന്ദറിനെ 69-ാം ഓവർ വരെ കാത്തിരിക്കാനുള്ള ഗില്ലിന്റെ തീരുമാനത്തിനെതിരെ കൂടുതൽ വിമർശനങ്ങൾ ഉയർന്നത്.

71 റൺസ് നേടി മുന്നോട്ടുകുതിക്കുകയായിരുന്ന ഒല്ലി പോപ്പിനെ പുറത്താക്കുകയും ഹാരി ബ്രൂക്കിനെ വെറും 3 റൺസിന് പുറത്താക്കുകയും ചെയ്ത സുന്ദർ ഉടൻ തന്നെ മികച്ച പ്രകടനം കാഴ്ചവച്ചു. വൈകിയ ഡബിൾ സ്ട്രൈക്ക് ഇന്ത്യയ്ക്ക് കളിയിലേക്ക് ഒരു ചെറിയ തിരിച്ചുവരവ് നൽകി. ഇതോടെയാണ് എന്തുകൊണ്ടാണ് ഓഫ് സ്പിന്നറെ നേരത്തെ ഉപയോഗിക്കാത്തതെന്ന് ചോദിച്ച് പലരും രംഗത്തെത്തിയത്.

Content Highlights: ‘A major red flag…’: Sanjay Manjrekar questions Shubman Gill over ignoring Washington Sundar on Day 3

To advertise here,contact us