മാറ്റമില്ലാതെ ഡിവില്ലിയേഴ്സിന്റെ വെടിക്കെട്ട്; ഇം​ഗ്ലണ്ട് ചാംപ്യൻസിനെതിരെ 41 പന്തിൽ സെഞ്ച്വറി

വിജയലക്ഷ്യമായ 153 റൺസിൽ 116 റൺസും ഡിവില്ലിയേഴ്സിന്റെ ബാറ്റിൽ നിന്നാണ് പിറന്നത്

പ്രായം തളർത്താത്ത വെടിക്കെട്ട് വീര്യവുമായി ദക്ഷിണാഫ്രിക്കൻ മുൻ താരം എ ബി ഡിവില്ലിയേഴ്സ്. വേൾഡ് ചാംപ്യൻസ് ഓഫ് ലെജൻഡ്സ് ക്രിക്കറ്റ് ടൂർണമെന്റിൽ 41 പന്തിലാണ് 41കാരനായ ഡിവില്ലിയേഴ്സ് സെ‍ഞ്ച്വറി നേട്ടം പൂർത്തിയാക്കിയത്. ഇം​ഗ്ലണ്ട് ചാംപ്യൻസിനെതിരായ മത്സരത്തിലായിരുന്നു ഡിവില്ലിയേഴ്സ് തന്റെ പ്രഹരശേഷി വീണ്ടും പുറത്തെടുത്തത്.

മത്സരത്തിൽ രണ്ടാമത് ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ചാംപ്യൻസിന് 153 റൺസായിരുന്നു വിജയലക്ഷ്യം. 12.2 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ ദക്ഷിണാഫ്രിക്ക ലക്ഷ്യം മറികടന്നു. വിജയലക്ഷ്യമായ 153 റൺസിൽ 116 റൺസും ഡിവില്ലിയേഴ്സിന്റെ ബാറ്റിൽ നിന്നാണ് പിറന്നത്. 51 പന്തിൽ 15 ഫോറും ഏഴ് സിക്സറും സഹിതമാണ് ഡിവില്ലിയേഴ്സിന്റെ വെടിക്കെട്ട്. മികച്ച പിന്തുണ നൽകിയ ഹാഷിം അംല 25 പന്തിൽ നാല് ഫോറുകളുടെ സഹായത്തോടെ 29 റൺസും നേടി.

A 41 YEAR OLD WITH A 41 BALL HUNDRED - THE GOAT, AB DE VILLIERS. pic.twitter.com/mHCkDzd2Oo

ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്കെതിരെയും ഡിവില്ലിയേഴ്സ് തിളങ്ങിയിരുന്നു. 30 പന്തിൽ മൂന്ന് ഫോറും നാല് സിക്സറും സഹിതം പുറത്താകാതെ 63 റൺസാണ് ഡിവില്ലിയേഴ്സ് ആദ്യ മത്സരത്തിൽ നേടിയത്.

നേരത്തെ ദക്ഷിണാഫ്രിക്ക ചാംപ്യൻസിനെതിരെ ആദ്യം ബാറ്റ് ചെയ്ത ഇം​ഗ്ലണ്ട് ചാംപ്യൻസ് നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 152 റൺസെടുത്തു. ഫില്‍ മസ്റ്റാര്‍ഡ് 39 റൺസെടുത്ത് ഇം​ഗ്ലണ്ട് നിരയിലെ ടോപ് സ്കോററായി. സമിത് പട്ടേൽ 24 റൺസും ക്യാപ്റ്റൻ ഒയിൻ മോർ​ഗൻ 20 റൺസും സംഭാവന ചെയ്തു. ദക്ഷിണാഫ്രിക്ക ചാംപ്യൻസിനായി വെയ്ൻ പാർണലും ഇമ്രാൻ താഹിറും രണ്ട് വിക്കറ്റുകൾ വീഴ്ത്തി.

Content Highlights: AB de Villiers smashes 41-ball century against England Champions

To advertise here,contact us