ഓള്‍ഡ് ട്രഫോർഡില്‍ പുതിയ വെല്ലുവിളികള്‍! ഇംഗ്ലണ്ടിനെതിരെ തിരിച്ചുവരാന്‍ ഇന്ത്യ; നാലാം ടെസ്റ്റ് ഇന്ന് മുതല്‍

ഓള്‍ഡ് ട്രഫോർഡില്‍ പുതിയ വെല്ലുവിളികള്‍! ഇംഗ്ലണ്ടിനെതിരെ തിരിച്ചുവരാന്‍ ഇന്ത്യ; നാലാം ടെസ്റ്റ് ഇന്ന് മുതല്‍

ഇം​ഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റുകള്‍ അടങ്ങുന്ന പരമ്പരയില്‍ തിരിച്ചു വരാന്‍ ടീം ഇന്ത്യ. ഇന്ത്യ- ഇം​ഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ നാലാമത്തെ മത്സരം ഇന്ന് മാഞ്ചസ്റ്ററിൽ ആരംഭിക്കുകയാണ്. പരമ്പരയില്‍ ഇന്ത്യ 2-1ന് പിന്നിലാണ്. ഇനിയൊരു മല്‍സരം തോറ്റാല്‍ പരമ്പര നഷ്ടമാവും.

ക്രിക്കറ്റിന്റെ ഹോം ഗ്രൗണ്ട് എന്നറിയപ്പെടുന്ന ലോര്‍ഡ്‌സില്‍ ചരിത്രവിജയത്തിന് തൊട്ടരികിലെത്തിയിട്ടും ഹൃദയഭേദകമായ പരാജയം ഏറ്റുവാങ്ങേ‌ണ്ടി വന്നതിന്റെ ആഘാതത്തിലാണ് ഇന്ത്യന്‍ ടീം. മാഞ്ചസ്റ്ററില്‍ ഇന്ന് നാലാം ടെസ്റ്റ് ആരംഭിക്കുമ്പോള്‍ മികച്ച പ്രകടനത്തിലൂടെ ശക്തമായ തിരിച്ചുവരവാണ് ശുഭ്മൻ ​ഗില്ലിന്റെ ലക്ഷ്യം.

Smiles 🔛Gearing 🆙 for the 4th Test in Manchester 🏟️#TeamIndia | #ENGvIND pic.twitter.com/JKVf5Di60S

ഇന്ത്യയെ സംബന്ധിച്ചിടത്തോളം ജീവന്മരണ പോരാട്ടമാണ് ഓൾ‍ഡ് ട്രഫോർഡിൽ കാത്തിരിക്കുന്നത്. ഇന്ത്യയുടെ ടെസ്റ്റ് നായകനായി ചുമതലയേറ്റ ശേഷമുള്ള ആദ്യ പരമ്പര സ്വന്തമാക്കാന്‍ ക്യാപ്റ്റൻ ശുഭ്മന്‍ ഗില്ലിന് മാഞ്ചസ്റ്റർ ടെസ്റ്റിൽ പരാജയം ഒഴിവാക്കേണ്ടതുണ്ട്.

അതേസമയം മാഞ്ചസ്റ്ററിൽ നിർണായക പോരാട്ടത്തിനിറങ്ങുന്ന ഇന്ത്യയ്ക്ക് കാര്യങ്ങൾ അത്ര എളുപ്പമല്ല. പരമ്പരയിൽ ഒരു തിരിച്ചുവരവിന് ഒരുങ്ങുന്ന മെൻ ഇൻ ബ്ലൂവിന് വലിയ തിരിച്ചടിയായിരിക്കുകയാണ് പ്രധാന താരങ്ങളുടെ പരിക്ക്. വിക്കറ്റ് കീപ്പർ ബാറ്റർ റിഷഭ് പന്തിന്റെ പരിക്കാണ് ഇന്ത്യയ്ക്ക് ഏറ്റവും കൂടുതൽ തലവേദന സൃഷ്ടിക്കുന്നത്. പേസര്‍മാരായ അര്‍ഷ്ദീപ് സിങ്ങും ആകാശ് ദീപും പരിക്കിന്റെ പിടിയിലാണ്. കാല്‍മുട്ടിന് പരിക്കേറ്റ പേസ് ബൗളിംഗ് ഓള്‍റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡിക്ക് പരമ്പര തന്നെ നഷ്ട്ടമാകും.

ചരിത്രവും ഇന്ത്യയ്ക്ക് അനുകൂലമല്ല. ഓൾഡ് ട്രഫോർഡ് ഗ്രൗണ്ടില്‍ ഇന്ത്യയ്ക്ക് ടെസ്റ്റ് മത്സരത്തിൽ വിജയം സ്വന്തമാക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. ആദ്യ വിജയത്തിലൂടെ ചരിത്രനേട്ടം കൈവരിക്കാന്‍ ഗില്ലിന് അവസരമുണ്ട്. ഇന്ത്യ ഇവിടെ ഒമ്പത് ടെസ്റ്റ് മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. നാല് മത്സരങ്ങള്‍ തോറ്റപ്പോള്‍ അഞ്ച് എണ്ണം സമനിലയിലായി.

Content Highlights: IND vs ENG fourth Test: Injury-hit India against England ​in Manchester

To advertise here,contact us