ക്യാപ്റ്റൻ സ്റ്റോക്സിന് മുന്നിൽ കുരുങ്ങി ക്യാപ്റ്റൻ ഗിൽ; രണ്ടാം സെഷനിൽ ഇംഗ്ലണ്ടിന്റെ തിരിച്ചുവരവ്

നാലാം ടെസ്റ്റിന്റെ രണ്ടാം സെഷൻ ഇംഗ്ലണ്ടിന്റെ കയ്യിൽ.

നാലാം ടെസ്റ്റിന്റെ രണ്ടാം സെഷൻ ഇംഗ്ലണ്ടിന്റെ കയ്യിൽ. 46 റൺസ് ചേർക്കുന്നതിനിടെ മൂന്ന് വിക്കറ്റുകൾ നഷ്ടമായി. ഒന്നാം ദിനം ചായയ്ക്ക് പിരിയുമ്പോള്‍ മൂന്നിന് 149 എന്ന നിലയിലാണ് ഇന്ത്യ. റിഷഭ് പന്ത് (3), സായ് സുദര്‍ശന്‍ (23) എന്നിവരാണ് ക്രിസീല്‍.

ആദ്യ സെഷനില്‍ ഇന്ത്യക്ക് വിക്കറ്റൊന്നും നഷ്ടമായിരുന്നില്ല. എന്നാല്‍ ലഞ്ചിന് ശേഷം രാഹുല്‍ മടങ്ങി. ജയ്‌സ്വാളിനൊപ്പം 94 റണ്‍സ് ചേര്‍ത്തതിന് ശേഷമാണ് രാഹുല്‍ മടങ്ങുന്നത്. 46 റൺസാണ് നേടിയത്. ക്രിസ് വോക്‌സിന്റെ പന്തില്‍ സ്ലിപ്പില്‍ സാക് ക്രൗളിക്ക് ക്യാച്ച്. നാല് ബൗണ്ടറികള്‍ അടങ്ങുന്നതായിരുന്നു രാഹുലിന്റെ ഇന്നിംഗ്‌സ്.

അധികം വൈകാതെ ജയ്‌സ്വാള്‍ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി. എന്നാല്‍ ജയ്‌സ്വാളിനെ കൂടുതല്‍ സമയം ക്രീസില്‍ തുടരാന്‍ ഡോസണ്‍ അനുവദിച്ചില്ല. സ്ലിപ്പില്‍ ഹാരി ബ്രൂക്കിന് ക്യാച്ച് നല്‍കിയാണ് ജയ്‌സ്വാള്‍ പുറത്താവുന്നത്. ഒരു സിക്‌സും 10 ഫോറും ഉള്‍പ്പെടുന്നതായിരുന്നു 58 റൺസ് നേടിയ ഇന്നിംഗ്‌സ്.

തുടര്‍ന്ന് ക്രീസിലെത്തിയ ഗില്‍, ആത്മവിശ്വാസത്തോടെയാണ് തുടങ്ങിയത്. എന്നാല്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മുന്നില്‍ ഗില്ലിന് പിഴച്ചു. ബെന്‍ സ്റ്റോക്‌സിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു താരം. 12 റൺസ് മാത്രമാണ് നേടാനായത്.

Content Highlights: Captain Gill falls short in front of Captain Stokes

To advertise here,contact us