എജ്ജാതി ട്രാൻ‌സ്ഫോർമേഷൻ! രണ്ട് മാസം കൊണ്ട് 17 കിലോ കുറച്ചു, ഞെട്ടിച്ച് സര്‍ഫറാസ്‌

ഫിറ്റ്നസ് പ്രശ്നങ്ങൾ ചൂണ്ടികാണിച്ച് ഇം​ഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ നിന്നും താരം തഴയപ്പെട്ടിരുന്നു

ആഭ്യന്തര ക്രിക്കറ്റിലും അന്താരാഷ്ട്ര തലത്തിലും അമ്പരപ്പിക്കുന്ന പ്രകടനം പുറത്തെടുത്ത താരമാണെങ്കിലും പലപ്പോഴും ശരീരത്തിന്റെയും ഫിറ്റ്നസിന്റെയും പേരിൽ പരിഹാസങ്ങളും വിമർശനങ്ങളും ഏറ്റുവാങ്ങേണ്ടിവന്നിട്ടുള്ള താരമാണ് സര്‍ഫറാസ് ഖാൻ. ഫിറ്റ്നസ് പ്രശ്നങ്ങൾ ചൂണ്ടികാണിച്ച് ഇം​ഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ നിന്നും താരം തഴയപ്പെട്ടിരുന്നു. ഇത് ഒട്ടനവധി ചർച്ചകൾക്ക് വിധേയമാവുകയും ചെയ്‌തിരുന്നു. എന്നാൽ ഇപ്പോഴിതാ ഗംഭീര ട്രാൻസ്ഫോർമേഷൻ നടത്തി വിമർശകരെയും ആരാധകരെയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ് ഇന്ത്യയുടെ യുവ താരം സർഫറാസ് ഖാൻ.

കേവലം രണ്ട് മാസങ്ങൾ കൊണ്ട് 17 കിലോ ഭാരം കുറച്ചാണ് സർഫറാസ് സോഷ്യൽ‌ മീഡിയയിൽ കൈയ്യടി നേടിയിരിക്കുന്നത്. തന്റെ സമൂഹ മാധ്യമ അക്കൗണ്ടിലൂടെയാണ് താരം തന്റെ ട്രാൻസ്ഫോർമേഷൻ ചിത്രങ്ങൾ പങ്കുവെച്ചത്. ഇതിനോടൊപ്പം എങ്ങനെയാണ് ഭാരം കുറച്ചത് എന്ന ടിപ്പും പങ്കുവെച്ചിട്ടുണ്ട്. തന്റെ ഭക്ഷണ രീതിയിൽ വലിയൊരു മാറ്റം തന്നെ വരുത്തിയാണ് സർഫറാസ് ഈ നേട്ടത്തിലേക്ക് എത്തുന്നത്. അതും തന്റെ പിതാവിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് സർഫറാസ് ഇത്തരം ഒരു തീരുമാനത്തിലേക്ക് എത്തുന്നത്.

SARFARAZ KHAN HAS LOST 17KGS IN THE LAST 2 MONTHS. 🤯 pic.twitter.com/c9zbQQWors

'റൊട്ടി, അരി, പഞ്ചസാര, മാവ്, ബേക്കറി സാധനങ്ങൾ എന്നിവയെല്ലാം കഴിക്കുന്നത് ഞങ്ങൾ പൂർണമായും നിർത്തി' എന്നാണ് സർഫറാസിന്റ പിതാവും പരിശീലകനുമായ നൗഷാദ് ഖാൻ നേരത്തെ ഒരു സംഭാഷണത്തിൽ പറഞ്ഞത്. 'ഇപ്പോൾ ഞങ്ങളുടെ ഭക്ഷണത്തിൽ ഗ്രിൽ ചെയ്ത മത്സ്യം, ചിക്കൻ, വേവിച്ച മുട്ട, ഫ്രഷ് സാലഡുകൾ, ബ്രോക്കോളി, വെള്ളരിക്ക, അവോക്കാഡോ എന്നിവയാണ് ഉള്ളത്. ഞങ്ങൾ ഗ്രീൻ ടീയിലേക്കും ഗ്രീൻ കോഫിയിലേക്കും പോലും മാറി. ഈ കർശനമായ ദിനചര്യ തുടങ്ങിയിട്ട് 1.5 മാസമായി' എന്നും അദ്ദേഹം പറഞ്ഞു.

അതേസമയം താരത്തിന്റെ വെയ്റ്റ് ലോസ് യാത്രയെ അഭിനന്ദിച്ച് ഒട്ടനവധി ആളുകളാണ് രംഗത്തെത്തുന്നത്. സർഫറാസിനെ തഴഞ്ഞ ബിസിസിഐയെ ചോദ്യം ചെയ്‌തും നിരവധി പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ ഉയർന്നു കഴിഞ്ഞു. വെറും രണ്ട് മാസം കൊണ്ട് 17 കിലോ കുറക്കുക എന്നത് കഠിനാധ്വാനം എന്ന ഒന്നുകൊണ്ട് മാത്രം ലഭിച്ചതാണ് എന്നും ആരാധകർ പറഞ്ഞു.

അതേസമയം ഇതുവരെ ഇന്ത്യയ്ക്കായി ആറ് ടെസ്റ്റ് മത്സരങ്ങൾ കളിച്ച സർഫറാസ് ഖാൻ ഒരു സെഞ്ച്വറിയും മൂന്ന് അർധ സെഞ്ച്വറികളും നേടിയിട്ടുണ്ട്. ഇന്ത്യ എ ടീമും ഇംഗ്ലണ്ട് ലയൺസും തമ്മിൽ നടന്ന ടെസ്റ്റ് മത്സരത്തിൽ 119 പന്തിൽ 92 റൺസ് നേടി ഔട്ട് ആയ മത്സരം താരത്തിന്റെ അവസാന ടെസ്റ്റ് മത്സരം.

Content Highlights: ‘Lost 17kgs in 2 months’: Sarfaraz Khan's shocking physical transformation stuns fans and selectors

To advertise here,contact us