ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിനായി മാഞ്ചസ്റ്ററിലെ ഓൾഡ് ട്രാഫോർഡിലാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം. അതിനിടെ ഇന്ത്യൻ താരങ്ങൾക്ക് വ്യത്യസ്തമായ ഒരു അവസരം ലഭിച്ചു. ഇംഗ്ലണ്ട് ഫുട്ബോൾ ടീം മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ താരങ്ങളുമായി ഇന്ത്യൻ ക്രിക്കറ്റ് ടീമിന് സൗഹൃദ സന്ദർശനം നടത്താൻ കഴിഞ്ഞു. ഇരുടീമുകളുടെയും സ്പോൺസറായ അഡിഡാസാണ് ഇത്തരമൊരു കുടിക്കാഴ്ചയ്ക്ക് അവസരമൊരുക്കിയത്. സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്ന ചിത്രങ്ങളിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ചുവപ്പൻ കുപ്പായത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം താരങ്ങളാണ് പ്രത്യക്ഷപ്പെടുന്നത്. സമാനമായി ഇന്ത്യൻ ജഴ്സിയിൽ യുണൈറ്റഡ് താരങ്ങളെയും കാണാം.
ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ശുഭ്മൻ ഗിൽ, വൈസ് ക്യാപ്റ്റൻ റിഷഭ് പന്ത് എന്നിവർ റെഡ് ഡെവിൾസിന്റെ ജഴ്സിയിൽ ഫുട്ബോൾ തട്ടുകയാണ്. അതുപോലെ ഇന്ത്യൻ പേസർ മുഹമ്മദ് സിറാജിന്റെ ബൗളിങ്ങിനെ നേരിടുന്നത് മാഞ്ചസ്റ്റർ യുണൈറ്റഡിൻ്റെ പ്രതിരോധ താരം ഹാരി മഗ്വെയറും. ഇന്ത്യൻ ടീമിന്റെ മുഖ്യപരിശീലകൻ ഗൗതം ഗംഭീർ ഫോട്ടോയെടുത്തത് യുണൈറ്റഡ് മാനേജർ റൂബന് അമോറിമിനൊപ്പമായിരുന്നു. ബ്രൂണോ ഫെര്ണാണ്ടസ്, അമദ് ഡിയാലോ, മേസണ് മൗണ്ട് തുടങ്ങിയ യുണൈറ്റഡ് താരങ്ങളെല്ലാം കുടിക്കാഴ്ചയിലുണ്ടായിരുന്നു.
United in Manchester.🤝 #TeamIndia | @adidas | @ManUtd pic.twitter.com/zGrIqrcHKG
അഡിഡാസിന്റെ സമൂഹമാധ്യമങ്ങളിലാണ് ഇരുടീമിലെയും താരങ്ങൾ ഒരുമിച്ചുള്ള ചിത്രങ്ങൾ ആദ്യം പുറത്തുവന്നത്. പിന്നാലെ ബിസിസിഐയും ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു. ജൂലൈ 23നാണ് മാഞ്ചസ്റ്ററിലെ ഓൾഡ് ട്രാഫോർഡിൽ ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള നാലാം ടെസ്റ്റിന് തുടക്കമാകുക.
Content Highlights: Indian cricket team spent time with Manchester United players