മഴയും ഇന്ത്യയെ രക്ഷിച്ചില്ല, രണ്ടാം ഏകദിനത്തില്‍ തിരിച്ചടിച്ച് ഇംഗ്ലണ്ട്; പരമ്പര ഒപ്പത്തിനൊപ്പം

വിജയത്തോടെ പരമ്പര സമനിലയിലാക്കാൻ ഇംഗ്ലണ്ടിന് സാധിച്ചു

ഇം​ഗ്ലണ്ട് വനിതകൾ‌ക്കെതിരായ രണ്ടാം ഏകദിന മത്സരത്തിൽ ഇന്ത്യയ്ക്ക് പരാജയം. മഴ വില്ലനായ കളിയിൽ ഡക്ക് വർത്ത് ലൂയിസ് നിയമപ്രകാരം എട്ട് വിക്കറ്റിനാണ് ഇംഗ്ലണ്ടിന്റെ വിജയം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 29 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 143 റൺസെടുത്ത് നിൽക്കവേയാണ് മഴയെത്തിയത്. പിന്നാലെ ഡക്ക് വർത്ത് ലൂയിസ് നിയമപ്രകാരം 24 ഓവറിൽ 115 റൺസാണ് ഇംഗ്ലണ്ടിന്റെ വിജയലക്ഷ്യമായി നിശ്ചയിച്ചത്. 18 പന്തുകൾ ബാക്കി നിൽക്കെ ആതിഥേയർ വിജയത്തിലെത്തി.

England win the 2nd ODI by 8 wickets (DLS) in Lord's and level the series 1⃣-1⃣#TeamIndia will aim to clinch a win in the decider in Chester-le-Street 🏟️Scorecard ▶️ https://t.co/ZeObbnYqoK#ENGvIND pic.twitter.com/Jed0g4EP0n

മത്സരത്തിൽ ടോസ് നേടിയ ഇംഗ്ലണ്ട് വനിതകൾ ഇന്ത്യയെ ആദ്യം ബാറ്റിങ്ങിനയയ്ക്കുകയായിരുന്നു. ഓപ്പണർ പ്രതിക റാവലിന്റെ (3) വിക്കറ്റ് ഇന്ത്യക്ക് വേഗത്തിൽ നഷ്ടമായി. 42 റൺസെടുത്ത സ്മൃതി മന്ദാനയാണ് ഇന്ത്യൻ നിരയിലെ ടോപ് സ്കോറർ. 30 റൺസെടുത്ത ദീപ്തി ശർമയും ഇന്ത്യൻ നിരയിൽ തിളങ്ങി. 29 ഓവറുകളിൽ 143/8 എന്ന സ്കോറാണ് ഇന്ത്യ നേടിയത്. ഇംഗ്ലണ്ടിന് വേണ്ടി സോഫി എക്കിൾസ്റ്റോൺ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി.

ഡക്ക് വർത്ത് ലൂയിസ് നിയമപ്രകാരം 24 ഓവറിൽ 115 റ‌ൺസായിരുന്നു ഇംഗ്ലണ്ടിന്റെ വിജയലക്ഷ്യം. ഓപ്പണർമാരായ അമി ജോൺസും ടമ്മി ബീമൗണ്ടും ചേർന്ന് കൂട്ടിച്ചേർത്ത് 54 റൺസ് മികച്ച തുടക്കം ഇംഗ്ലണ്ടിന് സമ്മാനിച്ചു.‌ 34 റൺസെടുത്ത ബീമൗണ്ടാണ് ഇംഗ്ലണ്ട് നിരയിൽ ആദ്യം പുറത്തായത്. പിന്നാലെ 21 റൺസെടുത്ത ക്യാപ്റ്റൻ സ്കിവർ ബ്രണ്ടും വീണു. 46 റൺസെടുത്ത അമി ജോൺസും ഒൻപത് റൺസോടെ സോഫിയ ഡങ്ക്ലിയുമായിരുന്നു ഇംഗ്ലണ്ട് വിജയം നേടുമ്പോൾ ക്രീസിൽ.

വിജയത്തോടെ പരമ്പര സമനിലയിലാക്കാൻ ഇംഗ്ലണ്ടിന് സാധിച്ചു. നേരത്തെ ആദ്യ മത്സരത്തിൽ ഇന്ത്യ നാല് വിക്കറ്റിന് ജയിച്ചിരുന്നു. ഈ മാസം 22 നാണ് പരമ്പരയിലെ അവസാന മത്സരം. ഈ കളിയിൽ വിജയിക്കുന്ന ടീം പരമ്പര സ്വന്തമാക്കും.

Content Highlights: ENG-W vs IND-W, 2nd ODI: England beats India by eight wickets in rain-reduced game

To advertise here,contact us