ഇംഗ്ലണ്ടിനെതിരായ നിര്ണായകമായ നാലാം ടെസ്റ്റിന് ഒരുങ്ങുന്ന ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയായാണ് യുവപേസര് അര്ഷ്ദീപ് സിങ്ങിന് പരിക്കേറ്റ വാര്ത്തകള് പുറത്ത് വരുന്നത്. വ്യാഴാഴ്ച നെറ്റ് സെഷനിടെയാണ് അര്ഷ്ദീപിന്റെ ഇടങ്കൈക്ക് പരിക്കേറ്റത്. വൈറ്റ്ബോള് ഫോര്മാറ്റുകളില് ഇന്ത്യക്കായി കളിച്ചിട്ടുള്ള അര്ഷ്ദീപ് ടെസ്റ്റില് അരങ്ങേറ്റം കുറിച്ചിട്ടില്ലെങ്കിലും താരത്തിന്റെ പരിക്ക് ഇന്ത്യയെ സാരമായി ബാധിച്ചേക്കുമെന്നാണ് റിപ്പോര്ട്ട്.
ഇപ്പോഴിതാ താരത്തിന് പകരക്കാരനെ ഇന്ത്യന് ടീമില് ഉള്പ്പെടുത്തിയെന്ന റിപ്പോര്ട്ടുകളാണ് പുറത്തുവരുന്നത്. നാലാം ടെസ്റ്റിനുള്ള ഇന്ത്യന് ടീമില് അര്ഷ്ദീപിന് പകരം ഹരിയാന പേസര് അന്ഷുല് കാംബോജിനെയാണ് ഉള്പ്പെടുത്തിയത്. ഐപിഎല്ലില് ചെന്നൈ സൂപ്പര് കിംഗ്സിന്റെ ഭാഗമാണ് അന്ഷുല്. താരം ഇതിനോടകം ഇംഗ്ലണ്ടിലേക്ക് പുറപ്പെട്ടെന്നും റിപ്പോര്ട്ടുകളുണ്ട്.
🚨 KAMBOJ TIME IN INDIAN TEAM. 🚨- Anshul Kamboj has been added to India's Test squad for the ongoing England Tests. (Express Sports). pic.twitter.com/ldwA3PeyoB
നേരത്തെ ഇംഗ്ലണ്ടില് പര്യടനം നടത്തിയ ഇന്ത്യ എ ടീമിന്റെ ഭാഗമായിരുന്നു 24കാരനായ അന്ഷുല് കാംബോജ്. ഇന്ത്യ എ ടീമിനൊപ്പം അന്ഷുല് രണ്ട് അനൗദ്യോഗിക ടെസ്റ്റുകളില് നിന്ന് അഞ്ച് വിക്കറ്റുകള് വീഴ്ത്തുകയും ഒരു അര്ധ സെഞ്ച്വറി നേടുകയും ചെയ്തിരുന്നു.
2024-25 രഞ്ജി ട്രോഫിയില് കേരളത്തിന്റെ പത്ത് വിക്കറ്റ് വീഴ്ത്തി ചരിത്രം സൃഷ്ടിച്ചാണ് അന്ഷുല് ആരാധക ശ്രദ്ധ നേടുന്നത്. 30.1 ഓവറില് 49 റണ്സ് വിട്ടുകൊടുത്താണ് കാംബോജ് പത്ത് വിക്കറ്റ് പിഴുതത്. ഒന്പത് ഓവര് മെയ്ഡനായിരുന്നു. രഞ്ജിയില് ഒരിന്നിങ്സില് പത്ത് വിക്കറ്റും സ്വന്തമാക്കുന്ന മൂന്നാമത്തെ താരമെന്ന ചരിത്ര നേട്ടവും അന്ഷുല് സ്വന്തം പേരില് എഴുതിച്ചേര്ത്തു. കഴിഞ്ഞ സീസണില് ചെന്നൈ സൂപ്പര് കിംഗ്സിനായി ഐപിഎല്ലില് അരങ്ങേറ്റം കുറിച്ച അന്ഷുല് എട്ട് മത്സരങ്ങളില് നിന്ന് എട്ട് വിക്കറ്റുകള് നേടിയിരുന്നു.
അതേസമയം നാലാം ടെസ്റ്റ് ഇന്ത്യക്ക് ഏറെ നിര്ണായകമാണ്. ഈ മത്സരം വിജയിച്ചാല് ഇന്ത്യക്ക് പരമ്പരയില് സമനില നേടാനാകും. എന്നാല് തോല്വിയാണെങ്കില് ഒരു മത്സരം ബാക്കിനില്ക്കെ ഇംഗ്ലണ്ട് പരമ്പര സ്വന്തമാക്കും. ജൂലൈ 23 നാണ് നാലാം ടെസ്റ്റ് മത്സരം ആരംഭിക്കുക.
Content Highlights: CSK pacer Anshul Kamboj gets called up to Indian team in England as injury cover for Arshdeep Singh - Report