റുതുരാജ് ഗെയ്ക്ക്‌വാദ്‌ ഇം​ഗ്ലീഷ് കൗണ്ടി കളിക്കില്ല; അപ്രതീക്ഷിതമായി താരത്തിന്റെ പിന്മാറ്റം

ഈ മാസം 22നായിരുന്നു റുതുരാജിൻ്റെ കൗണ്ടി ക്രിക്കറ്റ് അരങ്ങേറ്റം നടക്കേണ്ടിയിരുന്നത്

ഇം​ഗ്ലീഷ് കൗണ്ടി ക്രിക്കറ്റിൽ കളിക്കുന്നതിൽ നിന്ന് പിന്മാറി ഇന്ത്യൻ താരം റുതുരാജ് ഗെയ്ക്ക്‌വാദ്‌. ഇംഗ്ലണ്ടില്‍ യോർക്ഷെയർ ക്രിക്കറ്റ് ക്ലബിന് വേണ്ടിയായിരുന്നു റുതുരാജ് കളിക്കാമെന്ന് കരാറിലെത്തിയത്. ഈ മാസം 22ന് സറേക്കെതിരെയായിരുന്നു റുതുരാജ് യോർക്ഷെയർ ടീമിൽ അരങ്ങേറാനിരുന്നത്. വ്യക്തിപരമായ കാരണങ്ങളെ തുടർന്നാണ് താരത്തിന്റെ അപ്രതീക്ഷിത പിന്മാറ്റമെന്ന് യോർക്ഷെയർ ക്രിക്കറ്റ് ക്ലബ് വാർത്താകുറിപ്പിൽ അറിയിച്ചു.

അതിനിടെ പരിക്കിനെ തുടർന്നാണ് റുതുരാജ് കൗണ്ടി ക്രിക്കറ്റിൽ നിന്ന് പിന്മാറിയതെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ഐപിഎല്ലിനിടെ റുതുരാജിന് പരിക്കേറ്റിരുന്നു. പിന്നീട് ഐപിഎല്ലിൽ ചെന്നൈയ്ക്കുവേണ്ടി റുതുരാജ് കളത്തിലെത്തിയിരുന്നില്ല. ജൂൺ ആദ്യം ഇം​ഗ്ലണ്ട് ലയൺസിനെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യ എ ടീമിൽ റുതുരാജ് ഇടംപിടിച്ചിരുന്നു. എന്നാൽ ഇന്ത്യ എയുടെ പ്ലേയിങ് ഇലവനിൽ റുതുരാജിന് അവസരം ലഭിച്ചിരുന്നില്ല.

ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ആറ് ഏകദിനങ്ങളും 23 ട്വന്റി 20 മത്സരങ്ങളും റുതുരാജ് കളിച്ചിട്ടുണ്ട്. ആറ് ഏകദിനങ്ങളിൽ നിന്നായി 115 റൺസാണ് ഇന്ത്യൻ ടീമിൽ റുതുരാജിന്റെ സമ്പാദ്യം. 23 ട്വന്റി 20 മത്സരങ്ങളിൽ 623 റൺസും റുതുരാജ് ഇന്ത്യൻ കുപ്പായത്തിൽ അടിച്ചിട്ടുണ്ട്. പുറത്താകാതെ നേടിയ 123 റൺസാണ് റുതുരാജ് ട്വന്റി 20 ക്രിക്കറ്റിൽ നേടിയ ഉയർന്ന സ്കോർ.

Content Highlights: Ruturaj Gaikwad withdraws from County

To advertise here,contact us