വിക്കറ്റ് കീപ്പറാക്കുന്നില്ലെങ്കിൽ റിഷഭ് പന്തിനെ നാലാം ടെസ്റ്റിൽ കളിപ്പിക്കരുത്: രവി ശാസ്ത്രി

നാലാം ടെസ്റ്റില്‍ പന്ത് ബാറ്റിങിന് മാത്രം ഇറങ്ങാനാണ് സാധ്യതയെന്നു ഇന്ത്യയുടെ അസിസ്റ്റന്റ് കോച്ച് റയാൻ ടെൻ ഡോഷേറ്റ് വ്യക്തമാക്കിയിരുന്നു

വിക്കറ്റ് കീപ്പറായി നിൽക്കാൻ കഴിയില്ലെങ്കിൽ റിഷഭ് പന്തിനെ ഇം​ഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിൽ കളിപ്പിക്കരുതെന്ന് മുൻ ഇന്ത്യൻ കോച്ച് രവി ശാസ്ത്രി. പന്ത് ഫീൽഡ് ചെയ്യുമ്പോൾ പരിക്ക് വഷളാകാനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് വിശ്രമം അനുവദിക്കുകയാണ് നല്ലതെന്നും ശാസ്ത്രി വ്യക്തമാക്കി.

'മത്സരത്തിൽ പന്ത് ഫീൽഡ് ചെയ്യാൻ ഇറങ്ങേണ്ടി വരും. അങ്ങനെ സംഭവിച്ചാൽ അത് താരത്തിന്റെ പരിക്കിനെ ബാധിക്കും. ​ഗ്ലൗസ് ഉള്ളപ്പോൾ കുറച്ചു സംരക്ഷണമുണ്ടാകുമെന്നു പറയാം. പക്ഷേ ഫീൽഡ് ചെയ്യാൻ ഇറങ്ങിയാൽ അതല്ല സ്ഥിതി. പരിക്ക് വഷളാകും. അദ്ദേഹം ബാറ്റിങ്ങിനും കീപ്പറായും ഇറങ്ങണം. എല്ലിന് പൊട്ടുണ്ടെങ്കിൽ അദ്ദേഹത്തിന് വിശ്രമം അനുവദിക്കുന്നതായിരിക്കും നല്ലത്. അഞ്ചാം ടെസ്റ്റിൽ ഓവലിൽ അദ്ദേഹത്തിന് അവസരം കൊടുക്കുകയാണ് വേണ്ടത്. പരിക്ക് പൂർണമായി ഭേദമാകാൻ 9 ദിവസമെങ്കിലും വേണം', ശാസ്ത്രി വ്യക്തമാക്കി.

നാലാം ടെസ്റ്റില്‍ പന്ത് ബാറ്റിങിന് മാത്രം ഇറങ്ങാനാണ് സാധ്യതയെന്നു ഇന്ത്യയുടെ അസിസ്റ്റന്റ് കോച്ച് റയാൻ ടെൻ ഡോഷേറ്റ് വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലായിരുന്നു ശാസ്ത്രിയുടെ പ്രതികരണം. ലോർഡ്സിൽ നടന്ന മൂന്നാം ടെസ്റ്റിനിടെ പന്തിന് കീപ്പിങ് ചെയ്യാൻ കഴിഞ്ഞിരുന്നില്ല. ലോർഡ്സ് ടെസ്റ്റിന്റെ ആദ്യ ദിവസം താരത്തിന്‍റെ ഇടത് ചൂണ്ടുവിരലിന് പരിക്കേറ്റതോടെ മത്സരത്തിന്റെ ബാക്കി ഭാഗങ്ങളിൽ ധ്രുവ് ജുറേലാണ് വിക്കറ്റ് കീപ്പിങ് ചുമതലകൾ ഏറ്റെടുത്തത്. പന്ത് ബാറ്റിങ്ങിന് വേണ്ടി മാത്രമാണ് ഇറങ്ങിയിരുന്നത്.

അതേസമയം നാലാം ടെസ്റ്റ് ഇന്ത്യക്ക് ഏറെ നിര്‍ണായകമാണ്. ഈ മത്സരം വിജയിച്ചാല്‍ ഇന്ത്യക്ക് പരമ്പരയില്‍ സമനില നേടാനാകും. എന്നാല്‍ തോല്‍വിയാണെങ്കില്‍ ഒരു മത്സരം ബാക്കിനില്‍ക്കെ ഇംഗ്ലണ്ട് പരമ്പര സ്വന്തമാക്കും. ജൂലൈ 23 നാണ് നാലാം ടെസ്റ്റ് മത്സരം ആരംഭിക്കുക.

Content Highlights: Rishabh Pant shouldn't play in Manchester if he can't keep wickets says Ravi Shastri

To advertise here,contact us