ഒടുവില്‍ ഗില്ലിന്റെ പരാതി കേട്ടു; ഡ്യൂക്ക് ബോളില്‍ നിര്‍ണായക തീരുമാനവുമായി നിര്‍മാതാക്കള്‍

പന്ത് വേഗത്തിൽ ‘സോഫ്റ്റ്’ ആകുന്നുവെന്നും ആകൃതി മാറുന്നുവെന്നുമുള്ള പരാതികൾ ആദ്യ ടെസ്റ്റ് മുതൽ ഉയർന്നിരുന്നു

ഇന്ത്യ– ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിൽ ഉപയോഗിക്കുന്ന ഡ്യൂക്സ് പന്തുകളുടെ ‘ഗുണനിലവാരം’ പരിശോധിക്കുമെന്ന് നിർമാതാക്കൾ. ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മൻ ​ഗില്ലിന്റേതടക്കം നിരവധി പരാതികള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് പന്തുകളുടെ ഗുണനിലവാരം പുനഃപരിശോധനക്ക് വിധേയമാക്കാമെന്ന് സമ്മതിച്ച് നിര്‍മാതാക്കളായ ബ്രിട്ടീഷ് ക്രിക്കറ്റ് ബോള്‍സ് അറിയിച്ചത്.

മത്സരത്തിനുപയോഗിച്ച പന്തുകളെല്ലാം ശേഖരിച്ച് പരമ്പരയ്ക്കുശേഷം വിശദമായ പരിശോധന നടത്തുമെന്ന് ഡ്യൂക്സ് ക്രിക്കറ്റ് ബോൾ നിർമാണക്കമ്പനി ഉടമ ദിലീപ് ജജോദിയ അറിയിച്ചിരിക്കുകയാണ്. പന്ത് വേഗത്തിൽ ‘സോഫ്റ്റ്’ ആകുന്നുവെന്നും ആകൃതി മാറുന്നുവെന്നുമുള്ള പരാതികൾ ആദ്യ ടെസ്റ്റ് മുതൽ ഉയർന്നിരുന്നു. ഇപ്പോഴിതാ 30 ഓവറുകൾക്ക് ശേഷം പന്തിന്റെ സ്വഭാവത്തിൽ വലിയ മാറ്റമുണ്ടാകുന്നു എന്നാണ് ഉയരുന്ന വലിയ വിമർശനം. ടീമുകളുടെ ആവശ്യപ്രകാരം അംപയർമാർ പന്ത് പരിശോധിക്കേണ്ടിവന്നതിനാൽ മത്സരത്തിനിടെ കൂടുതൽ സമയം നഷ്ടമുണ്ടാകുകയും ചെയ്തു.

പന്തിന്റെ നിലവാരത്തെക്കുറിച്ച് ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മൻ ഗിൽ പരാതിപ്പെട്ടതിന് പിന്നാലെ സ്റ്റുവർട്ട് ബോർഡ് അടക്കമുള്ള മുൻ ഇംഗ്ലണ്ട് താരങ്ങളും വിമർശനവുമായി രംഗത്തെത്തുകയും ചെയ്തു. പന്തിന്റെ ആകൃതി പെട്ടെന്ന് മാറുന്നു എന്ന് ചൂണ്ടിക്കാട്ടി ഇരുടീമുകളും ഇതിനോടകം തന്നെ പലതവണ പരാതി ഉന്നയിച്ച് കഴിഞ്ഞു.

Content Highlights: Dukes ball controversy: Manufacturer to conduct examination after strong criticism from both teams

To advertise here,contact us