ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിൽ ഇന്ത്യൻ മുൻ ക്യാപ്റ്റൻ രോഹിത് ശർമയുടെ റെക്കോർഡ് തകർക്കാൻ യുവതാരം റിഷഭ് പന്ത്. ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിൽ 40 റൺസ് കൂടി നേടിയാൽ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിൽ കൂടുതൽ റൺസ് നേടിയ ഇന്ത്യൻ താരമെന്ന റെക്കോർഡ് റിഷഭ് പന്തിന് സ്വന്തമാക്കാം. നിലവിൽ ടെസ്റ്റ് ചാംപ്യൻഷിപ്പിൽ ഇന്ത്യയ്ക്കായി 69 ഇന്നിങ്സുകൾ കളിച്ച രോഹിത് 2,716 റൺസ് നേടിയിട്ടുണ്ട്. 67 ഇന്നിങ്സുകളിൽ നിന്ന് 2,677 റൺസുമായി റിഷഭ് പന്താണ് തൊട്ടുപിന്നിലുള്ളത്.
അതിനിടെ ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിൽ റിഷഭ് പന്ത് കളിക്കുന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. ലോഡ്സിൽ നടന്ന മൂന്നാം ടെസ്റ്റിനിടെ പന്തിന്റെ വിരലിന് പരിക്കേറ്റിരുന്നു. പരിക്കേറ്റ ശേഷവും റിഷഭ് ഇന്ത്യയ്ക്കായി ബാറ്റ് ചെയ്തെങ്കിലും വിക്കറ്റ് കീപ്പറുടെ ജോലി ധ്രുവ് ജുറേലാണ് ചെയ്തത്. പന്തിനെ ബാറ്ററായി മാത്രം കളിപ്പിക്കുന്ന കാര്യമാണ് ആലോചിക്കുന്നതെന്ന് ടീം മാനേജ്മെന്റ് സൂചിപ്പിച്ചിരുന്നു.
ഈ മാസം 23നാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള നാലാം ടെസ്റ്റ് മത്സരത്തിന് തുടക്കമാകുക. ഇംഗ്ലണ്ടിനെതിരെ മൂന്ന് ടെസ്റ്റുകൾ പിന്നിടുമ്പോൾ ഇന്ത്യ പരമ്പരയിൽ പിന്നിലാണ്. രണ്ട് മത്സരങ്ങൾ ഇംഗ്ലണ്ടും ഒന്നിൽ ഇന്ത്യയും വിജയിച്ചു. കടുത്ത പോരാട്ടം കാഴ്ചവെച്ചെങ്കിലും ഒന്നാം ടെസ്റ്റിലും മൂന്നാം ടെസ്റ്റിലും ഇന്ത്യ പരാജയപ്പെട്ടു. എഡ്ജ്ബാസ്റ്റണിൽ ചരിത്ര വിജയം നേടാൻ സാധിച്ചത് മാത്രമാണ് ഇന്ത്യയുടെ ആശ്വാസം. പരമ്പര നഷ്ടം ഒഴിവാക്കാൻ അടുത്ത മത്സരത്തിൽ ഇന്ത്യയ്ക്ക് വിജയിക്കേണ്ടതുണ്ട്.
Content Highlights: Rishabh Pant is on the verge of breaking Rohit Sharma's record