ഇന്ത്യയ്ക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ ചരിത്രം കുറിക്കാൻ ഇംഗ്ലണ്ട് താരം ജോ റൂട്ട്. മത്സരത്തിൽ 120 റൺസ് കൂടി നേടാൻ സാധിച്ചാൽ ടെസ്റ്റ് ക്രിക്കറ്റിലെ എക്കാലത്തെയും വലിയ റൺവേട്ടക്കാരിൽ റൂട്ടിന് രണ്ടാം സ്ഥാനത്തെത്താം. ടെസ്റ്റ് ക്രിക്കറ്റിൽ ഇതുവരെ 156 മത്സരങ്ങൾ കളിച്ച ജോ റൂട്ട് 13,259 റൺസ് നേടിയിട്ടുണ്ട്. രാഹുൽ ദ്രാവിഡ്, ജാക് കാലിസ്, റിക്കി പോണ്ടിങ്, സച്ചിൻ തെണ്ടുൽക്കർ എന്നിവരാണ് റൺവേട്ടയിൽ റൂട്ടിന് മുന്നിലുള്ളത്.
ഇന്ത്യയ്ക്കെതിരായ നാലാം ടെസ്റ്റിൽ 120 റൺസ് കൂടി നേടിയാൽ ജോ റൂട്ടിന് ദ്രാവിഡ്, കാലിസ്, പോണ്ടിങ് എന്നിവരെ ഒരുമിച്ച് മറികടക്കാം. പിന്നീട് ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ മാത്രമാകും റൂട്ടിന് മുന്നിൽ ഉണ്ടാകുക. 200 ടെസ്റ്റ് കളിച്ച സച്ചിൻ 15,921 റൺസാണ് നേടിയിട്ടുള്ളത്. സച്ചിനെ മറികടക്കാൻ റൂട്ടിന് വേണ്ടത് ഇനി 2,663 റൺസ് കൂടി വേണം.
ഈ മാസം 23നാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള നാലാം ടെസ്റ്റ് മത്സരത്തിന് തുടക്കമാകുക. ഇംഗ്ലണ്ടിനെതിരെ മൂന്ന് ടെസ്റ്റുകൾ പിന്നിടുമ്പോൾ ഇന്ത്യ പരമ്പരയിൽ പിന്നിലാണ്. രണ്ട് മത്സരങ്ങൾ ഇംഗ്ലണ്ടും ഒന്നിൽ ഇന്ത്യയും വിജയിച്ചു. കടുത്ത പോരാട്ടം കാഴ്ചവെച്ചെങ്കിലും ഒന്നാം ടെസ്റ്റിലും മൂന്നാം ടെസ്റ്റിലും ഇന്ത്യ പരാജയപ്പെട്ടു. എഡ്ജ്ബാസ്റ്റണിൽ ചരിത്ര വിജയം നേടാൻ സാധിച്ചത് മാത്രമാണ് ഇന്ത്യയുടെ ആശ്വാസം. പരമ്പര നഷ്ടം ഒഴിവാക്കാൻ അടുത്ത മത്സരത്തിൽ ഇന്ത്യയ്ക്ക് വിജയിക്കേണ്ടതുണ്ട്.
Content Highlights: Joe Root On Verge Of Becoming 2nd-Highest Test Run-Getter