'തോറ്റ രണ്ട് മത്സരങ്ങളും ഇന്ത്യക്ക് ജയിക്കാമായിരുന്നു, നാലാം ടെസ്റ്റിൽ ഒരു മാറ്റം വരുത്തണം': അജിൻക്യ രഹാനെ

'ലോഡ്സ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന്റെ ബൗളിങ് മികച്ചതായിരുന്നു. ആദ്യ ഇന്നിങ്സില്‍ ഇന്ത്യ 70-80 റണ്‍സിൻ്റെയെങ്കിലും ലീഡ് നേടിയിരുന്നെങ്കില്‍ മത്സരഫലം മറ്റൊന്നാകുമായിരുന്നു.'

ഇം​ഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യൻ ടീമിൽ ഒരു മാറ്റം നിർദ്ദേശിച്ച് അജിൻക്യ രഹാനെ. ഇം​ഗ്ലണ്ട് പരമ്പരയിൽ നിലവിൽ പരാജയപ്പെട്ട രണ്ട് ടെസ്റ്റും ഇന്ത്യയ്ക്ക് വിജയിക്കാമായിരുന്നുവെന്നാണ് ഇന്ത്യൻ താരം കൂടിയായ രഹാനെയുടെ വാക്കുകൾ. നിലവിൽ നാലാം ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിൽ ഒരു മാറ്റം വരുത്തണമെന്നാണ് രഹാനെ നിർദ്ദേശിച്ചിരിക്കുന്നത്.

'ടെസ്റ്റ് ക്രിക്കറ്റിൽ വിജയിക്കണമെങ്കില്‍ 20 വിക്കറ്റുകൾ വീഴ്ത്തേണ്ടതുണ്ട്. അതിനായി ഒരു സ്പെഷ്യലിസ്റ്റ് ബൗളറെകൂടി ഇന്ത്യ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തണം. ജസ്പ്രീത് ബുംമ്ര, ആകാശ് ദീപ്, മുഹമ്മദ് സിറാജ് എന്നിവര്‍ക്കൊപ്പം പന്തെറിയാന്‍ കഴിയുന്ന ഒരു ബൗളര്‍ കൂടി ഇന്ത്യൻ ടീമിൽ ഉണ്ടാകണം. കാരണം, ഇംഗ്ലണ്ടിലെ പിച്ചുകളില്‍ നാല്, അഞ്ച് ദിവസങ്ങളിൽ ബാറ്റിങ് എളുപ്പമായിരിക്കില്ല.' രഹാനെ തന്റെ യുട്യൂബ് ചാനലിൽ പ്രതികരിച്ചു.

'ഇം​ഗ്ലണ്ട് പരമ്പരയിൽ നിലവിൽ പരാജയപ്പെട്ട രണ്ട് ടെസ്റ്റുകളിലും ഇന്ത്യയ്ക്ക് വിജയിക്കാൻ കഴിയുമായിരുന്നുവെന്നും രഹാനെ ചൂണ്ടിക്കാട്ടി. ലോഡ്സ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന്റെ ബൗളിങ് മികച്ചതായിരുന്നു. ആദ്യ ഇന്നിങ്സില്‍ ഇന്ത്യ 70-80 റണ്‍സിൻ്റെയെങ്കിലും ലീഡ് നേടിയിരുന്നെങ്കില്‍ മത്സരഫലം മറ്റൊന്നാകുമായിരുന്നു. വലിയ സ്കോര്‍ നേടാന്‍ ഇന്ത്യക്ക് മുന്നില്‍ അവസരവുമുണ്ടായിരുന്നു. എന്നാല്‍ ആദ്യ ഇന്നിങ്സിൽ റിഷഭ് പന്തിന്‍റെ റൺഔട്ട് മത്സരത്തിന്റെ ​ഗതിമാറ്റി മറിച്ചു. ലഞ്ചിന് തൊട്ടു മുമ്പ് സ്റ്റോക്സിന്‍റെ നേരിട്ടുള്ള ത്രോയിൽ പന്ത് റൺഔട്ടാകുകയും ചെയ്തു,' രഹാനെ വ്യക്തമാക്കി.

ഇം​ഗ്ലണ്ടിനെതിരെ മൂന്ന് ടെസ്റ്റുകൾ പിന്നിടുമ്പോൾ ഇന്ത്യ പരമ്പരയിൽ പിന്നിലാണ്. രണ്ട് മത്സരങ്ങൾ ഇം​ഗ്ലണ്ടും ഒന്നിൽ ഇന്ത്യയും വിജയിച്ചു. കടുത്ത പോരാട്ടം കാഴ്ചവെച്ചെങ്കിലും ഒന്നാം ടെസ്റ്റിലും മൂന്നാം ടെസ്റ്റിലും ഇന്ത്യ പരാജയപ്പെട്ടു. എ‍ഡ്ജ്ബാസ്റ്റണിൽ ചരിത്ര വിജയം നേടാൻ സാധിച്ചത് മാത്രമാണ് ഇന്ത്യയുടെ ആശ്വാസം. പരമ്പര നഷ്ടം ഒഴിവാക്കാൻ അടുത്ത മത്സരത്തിൽ ഇന്ത്യയ്ക്ക് വിജയിക്കേണ്ടതുണ്ട്. ജൂലൈ 23 മുതലാണ് പരമ്പരയിലെ നാലാം ടെസ്റ്റ് ആരംഭിക്കുക.

ഇം​ഗ്ലണ്ട് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം: ശുഭ്മൻ ​ഗിൽ (ക്യാപ്റ്റൻ), റിഷഭ് പന്ത് (വൈസ് ക്യാപ്റ്റൻ, വിക്കറ്റ് കീപ്പർ), യശസ്വി ജയ്സ്വാൾ, കെ എൽ രാഹുൽ, സായി സുദർശൻ, അഭിമന്യൂ ഈശ്വരൻ, കരുൺ നായർ, നിതീഷ് കുമാർ റെഡ്ഡി, രവീന്ദ്ര ജഡേജ, ധ്രുവ് ജുറേൽ (വിക്കറ്റ് കീപ്പർ), വാഷിങ്ടൺ സുന്ദർ, ഷാർദുൽ താക്കൂർ, ജസ്പ്രീത് ബുംമ്ര, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ആകാശ് ദീപ്, അർഷ്ദീപ് സിങ്, കുൽദീപ് യാദവ്.

Content Highlights: Ajinkya Rahane suggested one change for the fourth test

To advertise here,contact us