'ഏകദിന ലോകകപ്പ് അടുത്ത് വരുന്നു, ഓരോ മത്സരങ്ങളും പ്രധാനപ്പെട്ടതാണ്': ദീപ്തി ശർമ

'ലോകകപ്പിനെക്കുറിച്ച് ഇന്ത്യൻ ടീമിന് വലിയ ആശങ്കകളില്ല'

ഇം​ഗ്ലണ്ട് വനിത ഏകദിന ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തിലെ വിജയത്തിന് പിന്നാലെ പ്രതികരണവുമായി ഇന്ത്യൻ വനിത താരം ദീപ്തി ശർമ. ഏകദിന ലോകകപ്പ് അടുത്ത് വരുന്നതിനാൽ ഓരോ മത്സരവും പ്രധാനപ്പെട്ടതാണെന്ന് ദീപ്തി ശർമ പറയുന്നു. എന്നാൽ ലോകകപ്പിനെക്കുറിച്ച് ഒരുപാട് ചിന്തിക്കുന്നില്ലെന്നും ഇന്ത്യൻ ഓൾറൗണ്ടർ പറഞ്ഞു.

'ഏകദിന ലോകകപ്പിനായുള്ള ഇന്ത്യൻ ടീമിന്റെ തയ്യാറെടുപ്പുകൾ മികച്ച രീതിയിലാണ് മുന്നോട്ടുപോകുന്നത്. ശ്രീലങ്കൻ പരമ്പരയിലും ഇം​ഗ്ലണ്ടിലും ഇന്ത്യൻ ടീം നന്നായി കളിച്ചു. ഏകദിന ലോകകപ്പ് അടുത്ത് വരികയാണ്. ലോകകപ്പിനെക്കുറിച്ച് ഇന്ത്യൻ ടീമിന് വലിയ ആശങ്കകളില്ല. എങ്കിലും ഓരോ മത്സരങ്ങളും പ്രധാനപ്പെട്ടതാണ്. അതാണ് ഈ നിമിഷം ഇന്ത്യൻ ടീം ചിന്തിക്കുന്നത്.' ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തിന് ശേഷമുള്ള വാർത്താസമ്മേളനത്തിൽ ദീപ്തി ശർമ പറഞ്ഞു.

ഇം​ഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തിൽ നാല് വിക്കറ്റിനായിരുന്നു ഇന്ത്യൻ വിജയം. 64 പന്തിൽ മൂന്ന് ഫോറും ഒരു സിക്സറും സഹിതം പുറത്താകാതെ 68 റൺസെടുത്ത ദീപ്തിയുടെ ബാറ്റിങ്ങാണ് ഇന്ത്യയ്ക്ക് വിജയം നേടിത്തന്നത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇം​ഗ്ലണ്ട് വനിതകൾ നിശ്ചിത 50 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 258 റൺസെടുത്തു. 83 റൺസെടുത്ത സോഫിയ ഡങ്കലിയാണ് ടോപ് സ്കോറർ. 53 റൺസെടുത്ത ആലിസ് സോഫിയ ഡേവിഡ്സൺ സോഫിയയ്ക്ക് മികച്ച പിന്തുണ നൽകി. ഇരുവരും ചേർന്ന അഞ്ചാം വിക്കറ്റിൽ 106 റൺസ് കൂട്ടിച്ചേർത്തിരുന്നു. ക്യാപ്റ്റൻ നാറ്റ് സ്കിവർ ബ്രെന്റ് 41 റൺസും എമ ലാംമ്പ് 39 റൺസും സോഫി എക്ലസ്റ്റോൺ 23 റൺസും സംഭാവന ചെയ്തു.

മറുപടി ബാറ്റിങ്ങിൽ ഇന്ത്യൻ നിരയിൽ എല്ലാവരും ഭേദപ്പെട്ട സംഭാവനകൾ നൽകി. പ്രതിക റാവൽ 23, സ്മൃതി മന്ദാന 28, ഹർലീൻ ഡിയോൾ 27, ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ 17, ജമീമ റോഡ്രി​ഗസ് 48, ദീപ്തി ശർമ പുറത്താകാതെ 62, റിച്ച ഘോഷ് 10, അമൻജോത് കൗർ പുറത്താകാതെ 20 എന്നിങ്ങനെയാണ് ഇന്ത്യൻ ബാറ്റർമാരുടെ സംഭാവന. മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയിൽ ഇന്ത്യ 1-0ത്തിന് മുന്നിലെത്തി.

Content Highlights: We are taking one game at a time says Deepti Sharma

To advertise here,contact us