ഗ്ലോബൽ സൂപ്പർ ലീഗിൽ ഹെറ്റ്മെയറിന്റെ വെടിക്കെട്ട്; ഒരോവറിൽ പറത്തിയത് അഞ്ച് സിക്സറുകൾ

ഫാബിയൻ അലന്റെ ഓവറിലാണ് അ‍ഞ്ച് സിക്സർ ഉൾപ്പെടെ 32 റൺസ് ഹെറ്റ്മെയർ അടിച്ചെടുത്തത്

​തെക്കേ അമേരിക്കൻ രാജ്യമായ ​ഗയാനയിൽ നടക്കുന്ന ​ഗ്ലോബൽ സൂപ്പർ ലീ​ഗ് ട്വന്റി 20 ക്രിക്കറ്റ് ടൂർണമെന്റിൽ വെടിക്കെട്ട് ബാറ്റിങ്ങുമായി വെസ്റ്റ് ഇൻഡീസ് താരം ഷിമ്രോൺ ഹെറ്റ്മെയർ. ​ഗയാന അമസോൺ വാരിയേഴ്സിന് വേണ്ടി ഒരോവറിൽ അഞ്ച് സിക്സറുകളാണ് ഹെറ്റ്മെയർ അടിച്ചുപറത്തിയത്. ഓസ്ട്രേലിയൻ ബി​ഗ് ബാഷ് ലീ​ഗ് ടീമായ ഹൊബർട്ട് ഹരികെയ്ൻസിന് വേണ്ടി പന്തെറിഞ്ഞ സ്പിന്നർ ഫാബിയൻ അലന്റെ ഓവറിലാണ് അ‍ഞ്ച് സിക്സർ ഉൾപ്പെടെ 32 റൺസ് ഹെറ്റ്മെയർ അടിച്ചെടുത്തത്.

മത്സരത്തിൽ ടോസ് നേടിയ ഹൊബാർട്ട് ഹരികെയ്ൻസ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. മുൻനിരയിലെ താരങ്ങൾക്ക് വലിയ ഇന്നിങ്സുകൾ കളിക്കാൻ കഴിയാതിരുന്നതോടെ ഹരികെയ്ൻസിന്റെ ഇന്നിങ്സ് ചെറിയ സ്കോറിൽ ഒതുങ്ങി. 16.1 ഓവറിൽ 125 റൺസാണ് ഹരികെയ്ൻസിന് നേടാനായത്. 28 റൺസെടുത്ത ഫാബിയൻ അലനാണ് ഹരികെയ്ൻസ് നിരയിലെ ടോപ് സ്കോറർ.

മറുപടി ബാറ്റിങ്ങിൽ ​ഗയാനയും ബാറ്റിങ് തകർച്ച നേരിട്ടു. 8.3 ഓവറിൽ ​ഗയാന മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 42 റൺസെന്ന നിലയിൽ തകരുമ്പോഴാണ് ഹെറ്റ്മെയർ ബാറ്റിങ്ങിനെത്തിയത്. 10-ാം ഓവർ മത്സരത്തിൽ വഴിത്തിരിവായി. ഫാബിയൻ അലൻ എറിഞ്ഞ ഓവറിലെ ആദ്യ നാല് പന്തുകളിലും ഹെറ്റ്മെയർ നിലം തൊടാതെ അതിർത്തി കടത്തി. അഞ്ചാം പന്തിൽ രണ്ട് റൺസായിരുന്നു ഹെറ്റ്മെയറുടെ സമ്പാദ്യം. ആറാം പന്തിലും ഹെറ്റ്മെയറിന്റെ ബാറ്റിൽ നിന്ന് സിക്സർ പറന്നു.

ICYMI: Shimron Hetmyer went BEAST MODE!🔥5️⃣ maximums in an over! 🇬🇾 x 🇦🇺#GSLT20 #GlobalSuperLeague #GAWvHH #BetCabana pic.twitter.com/B38wWaKg9k

മത്സരത്തിൽ 10 പന്തുകൾ നേരിട്ട ഹെറ്റ്മെയർ 39 റൺസെടുത്ത് പുറത്തായി. ആറ് സിക്സറുകൾ ഉൾപ്പെടുന്നതായിരുന്നു ഹെറ്റ്മെയറിന്റെ ഇന്നിങ്സ്. 390.00 ആയിരുന്നു സ്ട്രൈക്ക് റേറ്റ്. പിന്നാലെ 16.3 ഓവറിൽ ആറ് വിക്കറ്റുകൾ നഷ്ടത്തിൽ ​ഗയാന ലക്ഷ്യത്തിലെത്തി. വിജയത്തോടെ ​ഗ്ലോബൽ സൂപ്പർ ലീ​ഗിന്റെ ഫൈനലിന് ​ഗയാന അമസോൺ വാരിയേഴ്സ് യോ​ഗ്യത നേടി. ബം​ഗ്ലാദേശിൽ നിന്നുള്ള റാങ്ക്പൂർ റൈഡേഴ്സ് ആണ് ഫൈനലിൽ ​ഗയാനയുടെ എതിരാളികൾ.

Content Highlights: Shimron Hetmyer's 5 sixes in 1 over in Global Super League

To advertise here,contact us