ഡക്കറ്റിനെ പുറത്താക്കിയ ശേഷമുള്ള ആഘോഷം അതിരുവിട്ടു; സിറാജിന് പിഴയിട്ട് ഐ സി സി

മത്സരത്തിന്റെ മൂന്നാം ദിവസം ഇംഗ്ലണ്ട് ബാറ്റർമാർ സമയം പാഴാക്കുമെന്ന വിമർശനം ഉണ്ടായിരുന്നു.

ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ട് ഓപ്പണര്‍ ബെന്‍ ഡക്കറ്റിനെ പുറത്താക്കിയശേഷമുള്ള അമിതാവേശപ്രകടനത്തില്‍ മുഹമ്മദ് സിറാജിനെ ശിക്ഷിച്ച് ഐസിസി.

ഇന്നലെ ആദ്യ സെഷനില്‍ ഇംഗ്ലണ്ട് ഇന്നിങ്സിലെ ആറാം ഓവറിലായിരുന്നു സിറാജ് ഡക്കറ്റിനെ പുറത്താക്കിയത്. സിറാജിന്‍റെ പന്തില്‍ ഡക്കറ്റിനെ ജസ്പ്രീത് ബുംമ്ര പിടികൂടുകയായിരുന്നു. ഡക്കറ്റിന് അടുത്തെത്തി ആവേശത്തില്‍ അലറിവിളിച്ച സിറാജ് ചെറുതായി തോളിലൊന്ന് തട്ടി. ഇതാണ് ഐസിസി അച്ചടക്കലംഘനമായി കണക്കാക്കിയത്.

എതിര്‍ ടീം കളിക്കാരന്‍റെയോ സപ്പോര്‍ട്ട് സ്റ്റാഫിന്‍റെയോ ദേഹത്ത് തട്ടുകയോ മോശം പദപ്രയോഗം നടത്തുകയോ അശ്ലീല ആംഗ്യങ്ങള്‍ കാണിക്കുകയോ ചെയ്യുന്നത് ഐസിസി പെരുമാറ്റച്ചട്ടത്തിലെ ആര്‍ട്ടിക്കിള്‍ 2.5 പ്രകാരം കുറ്റകരമാണ്. ഇതോടെ സിറാജിന് മാച്ച് ഫീയുടെ 15 ശതമാനം പിഴ ചുമത്തിയ ഐസിസി ഒരു ഡീ മെറിറ്റ് പോയന്‍റും ശിക്ഷയായി വിധിച്ചു.

മത്സരത്തിന്റെ മൂന്നാം ദിവസം ഇംഗ്ലണ്ട് ബാറ്റർമാർ സമയം പാഴാക്കുമെന്ന വിമർശനം ഉണ്ടായിരുന്നു. ഇതിന് പിന്നാലെ ഇന്ത്യൻ താരങ്ങൾ മൈതാനത്ത് കൂടുതൽ അഗ്രഷൻ കാണിച്ചിരുന്നു. ഇതിന്റെ ഭാഗമെന്നോണമായിരുന്നു സിറാജിന്റെ ഇടപെടൽ.

അതേ സമയം ലോർഡ്‌സിൽ അഞ്ചാം ദിനം കളി തുടങ്ങാനുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഇന്ത്യൻ സമയം 3.30 ന് ആരംഭിക്കുന്ന അഞ്ചാം സെഷന് കാത്തിരിക്കാൻ ക്രിക്കറ്റ് ആരാധകർക്ക് ഒരുപാട് കാരണങ്ങളുണ്ട്.

ഒരു ദിനം ബാക്കി നിൽക്കെ ഇന്ത്യയ്ക്ക് ജയിക്കാൻ വേണ്ടത് ആറ് വിക്കറ്റ് ശേഷിക്കെ 135 റൺസ് മാത്രമാണ്. 90 .2 എറിഞ്ഞുതീരാനിരിക്കെ ഇംഗ്ലണ്ടിന് ജയത്തിലേക്ക് വേണ്ടത് ആറ് വിക്കറ്റുകളുമാണ്.

അതേ സമയം മത്സരത്തിന്റെ രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ടിന്റെ 193 എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യയ്ക്ക് 58 റൺസ് ചേർക്കുന്നതിനിടെ നാല് വിക്കറ്റുകൾ നഷ്ടമായിട്ടുണ്ട്. ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ (6), ജയ്‌സ്വാൾ (0), കരുൺ നായർ (14 ), നൈറ്റ് വാച്ച് മാനായി എത്തിയ ആകാശ് ദീപ് (1) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്.

നേരത്തെ ഇന്ത്യയുടെ മികച്ച ബൗളിങ് ആക്രമണത്തിൽ ഇംഗ്ലണ്ട് 192 റൺസിൽ കൂടാരം കയറിയിരുന്നു. വാഷിംഗ്‌ടൺ സുന്ദർ നാല് വിക്കറ്റും ബുംറയും സിറാജും രണ്ട് വിക്കറ്റ് വീതവും നേടി. നിതീഷ് കുമാർ റെഡ്‌ഡിയും ആകാശ് ദീപും ഓരോ വിക്കറ്റ് നേടിയും ആക്രമണത്തിൽ പങ്കാളിയായി. ഇംഗ്ലണ്ട് നിരയിൽ ഒരാൾക്ക് പോലും നിലയുറപ്പിക്കാനായില്ല.

40 റൺസ് നേടിയ ജോ റൂട്ട് ആണ് ടോപ് സ്‌കോറർ. നേരത്തേ ആദ്യ ഇന്നിങ്‌സില്‍ ഇരുടീമിനും ഒരേ സ്‌കോറായിരുന്നു. ഇംഗ്ലണ്ടിന്റെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 387 റണ്‍സില്‍ ഇന്ത്യയുടെ സ്‌കോറും നിന്നു.

Content Highlights: Siraj fined and handed demerit point for Duckett wicket celebration

To advertise here,contact us