ത്രിരാഷ്ട്ര ട്വന്റി 20 പരമ്പര; സിംബാബ്‍വെയെ തകർത്ത് ആദ്യ ജയം ദക്ഷിണാഫ്രിക്കയ്ക്ക്

വിജയലക്ഷ്യത്തിലേക്ക് ബാറ്റുവെച്ച ദക്ഷിണാഫ്രിക്കയ്ക്ക് മോശം തുടക്കമായിരുന്നു ലഭിച്ചത്

ന്യൂസിലാൻഡ്, സിംബാബ്‌വെ, ദക്ഷിണാഫ്രിക്ക ടീമുകൾ ഉൾപ്പെടുന്ന ത്രിരാഷ്ട്ര ട്വന്റി 20 ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ സിംബാബ്‌വെക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് ജയം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെ നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 141 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിൽ 15.5 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ദക്ഷിണാഫ്രിക്ക ലക്ഷ്യം മറികടന്നു.

ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. 38 പന്തില്‍ പുറത്താവാതെ 54 റണ്‍സ് നേടിയ സിക്കന്ദര്‍ റാസയാണ് സിംബാബ്‌വെയെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. മൂന്ന് വിക്കറ്റ് നേടിയ ജോര്‍ജ് ലിന്‍ഡെയുടെ ബൗളിങ്ങ് സിംബാബ്‍വെയെ ചെറിയ സ്കോറിലൊതുക്കാൻ ദക്ഷിണാഫ്രിക്കയ്ക്ക് കരുത്തായി.

വിജയലക്ഷ്യത്തിലേക്ക് ബാറ്റുവെച്ച ദക്ഷിണാഫ്രിക്കയ്ക്ക് മോശം തുടക്കമായിരുന്നു ലഭിച്ചത്. 38 റണ്‍സെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. ലുവാന്‍ ഡ്രി പ്രിട്ടോറ്യൂസ് പൂജ്യം, റീസ ഹെന്‍ഡ്രിക്‌സ് 11, റാസി വാന്‍ ഡര്‍ ഡസ്സന്‍ 16 എന്നിവർ‌ വേ​ഗത്തിൽ മടങ്ങി. എന്നാല്‍ മധ്യനിര ബാറ്റർമാരുടെ മികവിൽ ദക്ഷിണാഫ്രിക്ക വിജയത്തിലെത്തി.

റുബിന്‍ ഹെന്‍മാന്‍ 45, ഡിവാള്‍ഡ് ബ്രേവിസ് 41 എന്നിവർ പ്രോട്ടീസിനെ മുന്നോട്ട് നയിച്ചു. നാലാം വിക്കറ്റിൽ ഇരുവരും 72 റണ്‍സാണ് കൂട്ടിചേര്‍ത്തത്. കോര്‍ബിന്‍ ബോഷ് 23 റൺസും സംഭാവന ചെയ്തു. സിംബാബ്‍വെയ്ക്കായി റിച്ചാര്‍ഡ് ഗവാര മൂന്ന് വിക്കറ്റ് വീഴ്ത്തി.

Content Highlights: SA beat Zimbabwe in tri-series opener

To advertise here,contact us