'ഗില്ലിന് ഇത് പറയാൻ എന്തവകാശം'; ലോര്‍ഡ്സിലെ രോഷപ്രകടനത്തില്‍ രൂക്ഷവിമര്‍ശനം

'ഇന്ത്യന്‍ ക്യാപ്റ്റന്‍ ഇത് പോലെ എത്ര സമയം കളഞ്ഞിട്ടുണ്ട്'

ലോർഡ് ടെസ്റ്റിന്റെ മൂന്നാം ദിനം അരങ്ങേറിയ നാടകീയ സംഭവങ്ങളിൽ ശുഭ്മാൻ ഗില്ലിന് രൂക്ഷ വിമർശനം. സാക് ക്രാവ്‌ളിക്കെതിരെ ഗിൽ നടത്തിയ രോഷ പ്രകടനം അനാവശ്യമായിരുന്നു എന്ന് ഇംഗ്ലീഷ് ബോളിങ് കോച്ച് ടിം സൗത്തി പറഞ്ഞു.

'ഇന്ത്യ ഏത് കാര്യത്തിലാണ് പരാതിപ്പെടുന്നത്? കഴിഞ്ഞ ദിവസം ശുഭ്മാൻ ഗിൽ എത്ര സമയം ഇത് പോലെ നഷ്ടപ്പെടുത്തിയിട്ടുണ്ട്. മസാജിനായി ഗ്രൗണ്ടിൽ എത്ര നേരം കിടന്നു അദ്ദേഹം. ഇതൊക്കെ കളിയുടെ ഭാഗമാണ്. നിങ്ങൾ ഒരു ദിവസത്തിന്റെ അവസാനം ബാറ്റ് ചെയ്യാനെത്തുമ്പോൾ വിക്കറ്റ് കളയാൻ ആഗ്രഹിക്കില്ല'- സൗത്തി അഭിപ്രായപ്പെട്ടു.

രണ്ടാം ഇന്നിങ്‌സിൽ ഇംഗ്ലീഷ് ഓപ്പണർമാർ ബാറ്റിങ്ങിനിറങ്ങുമ്പോൾ അഞ്ച് മിനിറ്റാണ് കളിയില്‍ അവശേഷിച്ചിരുന്നത്. സാക് ക്രാവ്‌ളിയും ബെൻ ഡക്കറ്റും വിക്കറ്റ് കളഞ്ഞ് കുളിക്കാതിരിക്കാനായി സമയം നഷ്ടത്തപ്പെടുത്താൻ ബോധപൂർവം ശ്രമങ്ങൾ ആരംഭിച്ചു.

ജസ്പ്രീത് ബുംറയുടെ ആദ്യ ഓവറിൽ തന്നെ ഒന്നിലധികം തവണ ക്രാവ്‌ളി ബോളിങ് തടസപ്പെടുത്തി. ഇന്ത്യൻ താരങ്ങൾ അമ്പയറോട് പരാതിപ്പെട്ടു. അരിശം മൂത്ത ഇന്ത്യൻ നായകൻ ശുഭ്മാൻ ഗിൽ ക്രാവ്‌ളിക്കരികിലെത്തി കയർക്കുന്നത് കാണാമായിരുന്നു. രണ്ടാം ഇന്നിങ്‌സിൽ വെറും രണ്ടേ രണ്ട് പന്ത് എറിഞ്ഞ് കഴിയുമ്പോഴേക്കുമാണ് ഇംഗ്ലീഷ് ഓപ്പണർമാർ ബോളിങ് തടസപ്പെടുത്താന്‍ ശ്രമങ്ങള്‍ ആരംഭിച്ചത്.

ഓവർ പുരോഗമിക്കവെ കയ്യിൽ പന്ത് കൊണ്ടെന്ന് പറഞ്ഞ് ക്രാവ്ളി വീണ്ടും ഓവര്‍ തടസപ്പെടുത്തി. ഗ്ലൗസ് കൊണ്ടുവരാൻ പവലിയൻ ചൂണ്ടി ആംഗ്യം കാണിച്ചു. ഇത് കണ്ട് നിന്ന ബുംറയും ഇന്ത്യൻ താരങ്ങളും ഇംഗ്ലീഷ് ഓപ്പണർമാർക്ക് ചുറ്റും കൂടി കയ്യടിക്കുന്നത് കാണാമായിരുന്നു. ശുഭ്മാൻ ഗിൽ ക്രാവ്‌ളിക്കരികിലെത്തി ഇംപാക്ട് സബ് ആക്ഷൻ കാണിച്ചു. തനിക്ക് മുഖാമുഖം വന്ന ഡക്കറ്റിനോടും ഗിൽ രോഷ പ്രകടനം നടത്തി. വെറും ഒരോവറാണ് ഇന്ത്യക്ക് മൂന്നാം ദിനം എറിയാനായത്.

Story Highlight: Shubman Gill criticised for dramatic incidents at Lords

To advertise here,contact us