'കഠിനമായ വേദനയോടെയാണ് പന്ത് ബാറ്റ് വീശിയത്'; തുറന്നു പറഞ്ഞ് രാഹുൽ

താന്‍ സെഞ്ച്വറി നേടാന്‍ തിരക്ക് കൂട്ടിയതാണ് പന്ത് റണ്ണൗട്ടാവാനുള്ള കാരണമെന്ന് രാഹുല്‍

ലോർഡ്‌സ് ടെസ്റ്റിൽ റിഷഭ് പന്തിന്റെ വിരലിനേറ്റ പരിക്ക് ഇന്ത്യൻ ആരാധകരേയും മാനേജ്‌മെന്റിനെയും ഏറെ ആശങ്കയിലാക്കിയിരുന്നു. പലപ്പോഴും ധ്രുവ് ജുറേലാണ് വിക്കറ്റ് കീപ്പറുടെ റോളിൽ മൈതാനത്തുണ്ടായിരുന്നത്. ഇപ്പോഴിതാ ഒന്നാം ഇന്നിങ്‌സിൽ കഠിനമായ വേദന സഹിച്ചാണ് പന്ത് ബാറ്റ് വീശിയത് എന്ന് പറയുകയാണ് കെ.എൽ രാഹുൽ.

'കഠിനമായ വേദനയോടെയാണ് പന്ത് ബാറ്റ് ചെയ്തത്. ഒരുപാട് തവണ അദ്ദേഹത്തിന്റെ ഗ്ലൗവിൽ പന്ത് കൊണ്ടു. ബൗണ്ടറി നേടാനാവുമെന്ന് ഉറപ്പുള്ള പല പന്തുകളും ഒഴിവാക്കി കളയുകയാണെന്ന് അവൻ എന്നോട് പറഞ്ഞു. അതിൽ അയാൾ അസ്വസ്ഥനായിരുന്നു'- രാഹുൽ പറഞ്ഞു.

പരിക്കിനിടയിലും 74 റണ്‍സ് നേടിയാണ് പന്ത് ഗ്രൗണ്ട് വിട്ടത്.

താന്‍ സെഞ്ച്വറി നേടാന്‍ തിരക്ക് കൂട്ടിയതാണ് പന്ത് റണ്ണൗട്ടാവാനുള്ള കാരണമെന്ന് രാഹുല്‍ തുറന്ന് പറഞ്ഞു. ലീഡ് പിടിക്കുമെന്ന് തോന്നിച്ച ഘട്ടത്തിൽ ഇന്ത്യൻ ബാറ്റിങ് നിര പൊടുന്നനെ തകർന്നടിയാൻ കാരണം പന്തിന്റെ വിക്കറ്റായിരുന്നു.

'ഉച്ചഭക്ഷണത്തിന് മുമ്പ് തന്നെ ഞാൻ സെഞ്ച്വറിയിൽ തൊടുമെന്ന് ബാറ്റിങ്ങിനിടെ പന്തിനോട് പറഞ്ഞു. ലഞ്ചിന് മുമ്പ് ബഷീറെറിഞ്ഞ അവസാന ഓവർ അതിന് പറ്റിയ അവസരമാണെന്ന് തോന്നി. ഒരു പന്തിൽ ബൗണ്ടറി നേടാൻ അവസരമുണ്ടായിരുന്നു. അതിന് കഴിയാതെ വന്നതോടെ സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യാൻ കഴിയുമോ എന്ന് പന്ത് എന്നോട് ചോദിച്ചു. ആ സിംഗിൾ ഒരിക്കലും സംഭവിക്കരുതായിരുന്നു. അവന്‍റെ റൺ ഔട്ട് കളിയുടെ ഗതി തന്നെ മാറ്റി'- രാഹുൽ പ്രതികരിച്ചു

ചായക്ക് മുമ്പ് വരെ ഇന്ത്യ നല്ല പൊസിഷനിൽ ആയിരുന്നെന്നും പന്തിന്റെ വിക്കറ്റ് കളിയെ ബാധിച്ചെന്നും രാഹുൽ കൂട്ടിച്ചേർത്തു. ഉച്ച ഭക്ഷണത്തിന് മുമ്പ് പന്ത് പുറത്തായപ്പോൾ സെഞ്ച്വറി നേടി അല്‍പസമയത്തിനകം രാഹുലും കൂടാരം കയറി. പിന്നീട് ജഡേജയും നിതീഷ് റെഡ്ഡിയും വാഷിങ്ടൺ സുന്ദറും ചേർന്നാണ് ഇന്ത്യയെ സുരക്ഷിത തീരമണച്ചത്.

Storyhighlight: 'Rishabh Pant batted with an injury'- Kl Rahul

To advertise here,contact us