'ഗിൽ ഒരു മുൻ ഇന്ത്യന്‍ ക്യാപ്റ്റനെ അനുകരിക്കാൻ ശ്രമിക്കുന്നു'; വിമർശനവുമായി ട്രോട്ട്, കുംബ്ലെയുടെ മറുപടി

'എതിരാളികളെ വിരൽചൂണ്ടി ഭയപ്പെടുത്താമെന്നൊക്കെ അദ്ദേഹം കരുതിയിരിക്കാം'

ശുഭ്മാൻ ഗിൽ മുൻ ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയെ അനുകരിക്കാൻ ശ്രമിക്കുകയാണെന്ന് മുൻ ഇംഗ്ലീഷ് താരം ജൊനാഥൻ ട്രോട്ട്. ഇന്നലെ ലോർഡ്‌സിൽ അരങ്ങേറിയ സംഭവത്തിൽ ഗിൽ മാന്യതയുടെ പരിതികളൊക്കെ ലംഘിച്ചെന്ന് ട്രോട്ട് പറഞ്ഞു.

'ഇംഗ്ലണ്ട് ഫീൽഡ് ചെയ്യുമ്പോൾ ശുഭ്മാൻ ഗില്ലിന്റെ അഭിനയം എനിക്കൊട്ടും ഇഷ്ടമായില്ല. ക്രാവ്‌ളിയുടെ മുഖത്തേക്ക് വിരൽ ചൂണ്ടിയതോടെ അയാൾ മാന്യതയുടെ സീമകളൊക്കെ ലംഘിച്ചു. ഒരു മുൻ ഇന്ത്യൻ ക്യാപ്റ്റനെ അനുകരിക്കാൻ ശ്രമിക്കുകയാണ് ഗില്‍. എതിരാളികളെ വിരൽചൂണ്ടി ഭയപ്പെടുത്താമെന്നൊക്കെ അദ്ദേഹം കരുതിയിരിക്കാം. എന്നാൽ ഗ്രൗണ്ടിൽ ഇതത്ര നല്ല കാര്യമായി തോന്നിയില്ല. കളിക്കളത്തിൽ മത്സര ബുദ്ധിയൊക്കെ നല്ലത് തന്നെ. പക്ഷെ അതിര് വിടാതെ സൂക്ഷിക്കണം'- ട്രോട്ട് പ്രതികരിച്ചു. വിരാട് കോഹ്ലിയെ ചൂണ്ടിയാണ് ട്രോട്ട് മുൻ ക്യാപ്റ്റനെന്ന് പറഞ്ഞത്.

അതേ സമയം മൂന്നാം ദിനം ഇംഗ്ലണ്ട് ഒരോവര്‍ പോലും നേരിടാന്‍ ആഗ്രഹിച്ചിരുന്നില്ല എന്ന് കമന്‍ററി ബോക്സിലുണ്ടായിരുന്ന അനില്‍ കുംബ്ലേ അഭിപ്രായപ്പെട്ടു. വാഷിങ്ടണ്‍ സുന്ദറിനെ പുറത്താക്കിയ ശേഷം നിരാശയോടെ നിന്ന ആര്‍ച്ചര്‍ ഇതിന് തെളിവാണെന്ന് കുബ്ലെ പറഞ്ഞു.

ലോർഡ്‌സ് ടെസ്റ്റിന്റെ മൂന്നാം ദിനം ഏറെ നാടകീയതകൾ നിറഞ്ഞതായിരുന്നു. രണ്ടാം ഇന്നിങ്‌സിൽ ഇംഗ്ലീഷ് ഓപ്പണർമാർ ബാറ്റിങ്ങിനിറങ്ങുമ്പോൾ അഞ്ച് മിനിറ്റാണ് കളിയില്‍ അവശേഷിച്ചിരുന്നത്. സാക് ക്രാവ്‌ളിയും ബെൻ ഡക്കറ്റും വിക്കറ്റ് കളഞ്ഞ് കുളിക്കാതിരിക്കാനായി സമയം നഷ്ടത്തപ്പെടുത്താൻ ബോധപൂർവം ശ്രമങ്ങൾ ആരംഭിച്ചു.

ജസ്പ്രീത് ബുംറയുടെ ആദ്യ ഓവറിൽ തന്നെ ഒന്നിലധികം തവണ ക്രാവ്‌ളി ബോളിങ് തടസപ്പെടുത്തി. ഇന്ത്യൻ താരങ്ങൾ അമ്പയറോട് പരാതിപ്പെട്ടു. അരിശം മൂത്ത ഇന്ത്യൻ നായകൻ ശുഭ്മാൻ ഗിൽ ക്രാവ്‌ളിക്കരികിലെത്തി കയർക്കുന്നത് കാണാമായിരുന്നു. രണ്ടാം ഇന്നിങ്‌സിൽ വെറും രണ്ടേ രണ്ട് പന്ത് എറിഞ്ഞ് കഴിയുമ്പോഴേക്കുമാണ് ഇംഗ്ലീഷ് ഓപ്പണർമാർ ബോളിങ് തടസപ്പെടുത്താന്‍ ശ്രമങ്ങള്‍ ആരംഭിച്ചത്.

ഓവർ പുരോഗമിക്കവെ കയ്യിൽ പന്ത് കൊണ്ടെന്ന് പറഞ്ഞ് ക്രാവ്ളി വീണ്ടും ഓവര്‍ തടസപ്പെടുത്തി. ഗ്ലൗസ് കൊണ്ടുവരാൻ പവലിയൻ ചൂണ്ടി ആംഗ്യം കാണിച്ചു. ഇത് കണ്ട് നിന്ന ബുംറയും ഇന്ത്യൻ താരങ്ങളും ഇംഗ്ലീഷ് ഓപ്പണർമാർക്ക് ചുറ്റും കൂടി കയ്യടിക്കുന്നത് കാണാമായിരുന്നു. ശുഭ്മാൻ ഗിൽ ക്രാവ്‌ളിക്കരികിലെത്തി ഇംപാക്ട് സബ് ആക്ഷൻ കാണിച്ചു. തനിക്ക് മുഖാമുഖം വന്ന ഡക്കറ്റിനോടും ഗിൽ രോഷ പ്രകടനം നടത്തി. വെറും ഒരോവറാണ് ഇന്ത്യക്ക് മൂന്നാം ദിനം എറിയാനായത്

StoryHighlight: 'Gill is trying to imitate a former Indian captain'- jonathan trott

To advertise here,contact us