ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിൽ ഡ്യൂക്ക് ബോളിനെ ചൊല്ലിയുള്ള വിവാദം കനക്കുകയാണ്. പന്തിന്റെ ആകൃതി പെട്ടെന്ന് മാറുന്നു എന്ന് ചൂണ്ടിക്കാട്ടി ഇരുടീമുകളും ഇതിനോടകം പലതവണ പരാതി ഉന്നയിച്ച് കഴിഞ്ഞു. കഴിഞ്ഞ ദിവസം ഇന്ത്യൻ നായകൻ ശുഭ്മാൻ ഗിൽ അമ്പയറോട് കയർക്കുന്ന കാഴ്ചക്കും ലോർഡ്സ് സാക്ഷിയായി.
ഇന്നലെ ഇന്ത്യൻ സ്റ്റാർ പേസർ ജസ്പ്രീത് ബുംറക്ക് മുന്നില് ഡ്യൂക്ക് ബോളിനെ കുറിച്ച ചോദ്യമെത്തി. വിവാദ വിഷയങ്ങളിൽ പ്രതികരിച്ച് തന്റെ ശമ്പളം കുറക്കാൻ താൽപര്യമില്ലെന്നായിരുന്നു ബുംറയുടെ പ്രതികരണം. 'പന്ത് മാറ്റുന്നത് എന്റെ കയ്യിലുള്ള കാര്യമല്ല.മൈതാനത്ത് ഞാൻ കഠിനാധ്വാനം ചെയ്യുന്നുണ്ട്. അതിനുള്ള പ്രതിഫലം കൃത്യമായി ലഭിക്കുന്നുണ്ട്. വിവാദ വിഷയങ്ങളിൽ പ്രതികരിച്ച് എന്റെ ശമ്പളം കുറക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല'- ബുംറ പറഞ്ഞു.
വളരെ ചുരുങ്ങിയ സമയം കൊണ്ട് ഡ്യൂക്ക് ബോളുകള് മൃദുവാകുന്നുവെന്നും പെട്ടെന്ന് ആകൃതി മാറുന്നു എന്നും ഇന്ത്യ നേരത്തേ വിമർശനമുയർത്തിയിരുന്നു. ഒരോവറിനിടെ അമ്പയറോട് 'ഇതിന്റെ പഴക്കം പത്തോവർ തന്നെയാണോ' എന്ന് ചോദിക്കുന്ന മുഹമ്മദ് സിറാജിന്റെ വീഡിയോ വൈറലായി. സീം ലഭിക്കുന്നില്ലെന്ന് പറഞ്ഞ് കൊണ്ടിരുന്ന സിറാജിനെ ബോളിങ് എന്റിലേക്ക് പറഞ്ഞയക്കുന്ന അമ്പയറെ കാണാമായിരുന്നു.
കമന്ററി ബോക്സിൽ ഇരുന്ന സുനിൽ ഗവാസ്കറും സിറാജിന്റെ അഭിപ്രായത്തോട് യോജിച്ചു. 'പത്തോവറല്ല, ആ പന്തിന് 20 ഓവർ പഴക്കമുള്ളത് പോലെ തോന്നുന്നു' എന്നാണ് ഗവാസ്കർ പറഞ്ഞത്.
Story Highlight: Bumrah's response to the Duke Ball controversy