അന്താരാഷ്ട്ര ക്രിക്കറ്റില് ജോ റൂട്ടിനെ ഏറ്റവും കൂടുതല് തവണ പുറത്താക്കിയ ബൗളറായി ജസ്പ്രിത് ബുംമ്ര. ലോര്ഡ്സ് ടെസ്റ്റില് റൂട്ടിന്റെ സ്റ്റംപ് തെറിപ്പിച്ചാണ് ഈ നേട്ടത്തിലെത്തിയത്. 25 മത്സരങ്ങള്ക്കിടെ 15-ാം തവണയാണ് ബുംമ്ര റൂട്ടിനെ പുറത്താക്കുന്നത്. ഓസ്ട്രേലിയന് താരം പാറ്റ് കമ്മിന്സിനെയാണ് ബുംമ്ര മറികടന്നത്.
31 മത്സരങ്ങള്ക്കിടെ 14 തവണ കമ്മിന്സ് റൂട്ടിനെ മടക്കിയച്ചു. ഇന്ത്യന് ഓള്റൗണ്ടര് രവീന്ദ്ര ജഡേജയാണ് മൂന്നാം സ്ഥാനത്ത്. ഇരുവരും 43 തവണ നേര്ക്കുനേര് വന്നപ്പോള് 13 തവണ റൂട്ടിന്റെ വിക്കറ്റെടുക്കാന് ജഡേജയ്ക്ക് സാധിച്ചു.
അതേ സമയം ലോർഡ്സിൽ മറ്റൊരു റെക്കോഡ് കൂടി ബുംമ്ര മറികടന്നിരുന്നു. വിദേശത്ത് ഏറ്റവും കൂടുതല് തവണ അഞ്ചു വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന ഇന്ത്യന് ബൗളറെന്ന നേട്ടമാണ് ബുംമ്ര സ്വന്തമാക്കിയത്. മുന് ക്യാപ്റ്റന് കപില് ദേവിന്റെ റെക്കോഡാണ് ബുംമ്ര സ്വന്തം പേരിലാക്കിയത്.
വിദേശത്ത് താരത്തിന്റെ പതിമൂന്നാം അഞ്ച് വിക്കറ്റ് നേട്ടമാണിത്. 35 ടെസ്റ്റുകളില് നിന്നാണ് ബുംമ്രയുടെ നേട്ടം. 66 ടെസ്റ്റുകളില് നിന്നാണ് കപില്ദേവ് 12 തവണ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയത്. ഇംഗ്ലണ്ടില് ഏറ്റവും കൂടുതല് അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ ഏഷ്യന് ബൗളറെന്ന റെക്കോര്ഡും ബുമ്ര സ്വന്തമാക്കി.
Content Highlights: Bumrah surpasses Cummins; holds the record for most dismissals of Root