'കുടുംബമായി ടൂര്‍ പോകുന്നതല്ല, രാജ്യം ഏല്‍പ്പിച്ച വലിയൊരു ഉത്തരവാദിത്വമുണ്ട്' ; ബിസിസിഐയെ പിന്തുണച്ച് ഗംഭീര്‍

ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫിയിലെ ടീമിന്റെ മോശം പ്രകടനത്തിനു പിന്നാലെയായിരുന്നു ബിസിസിഐ നിയന്ത്രണം കൊണ്ടു വന്നത്

വിദേശ പര്യടനങ്ങളില്‍ കളിക്കാര്‍ക്കൊപ്പം കുടുംബാഗങ്ങളെ കൊണ്ടു പോകുന്നതില്‍ നിയന്ത്രണം കൊണ്ടു വന്ന ബിസിസിഐയുടെ തീരുമാനത്തെ ശരിവെച്ച് ഗൗതംഗംഭീര്‍. ലോര്‍ഡ്സ് ടെസ്റ്റിനിടെ ഒരു ചോദ്യത്തിന് മറുപടിയായി ഇക്കാര്യം വ്യക്തമാക്കുകയായിരുന്നു ഗംഭീര്‍. 'കുടുംബാംഗങ്ങള്‍ എല്ലാവര്‍ക്കും പ്രധാനമാണ്. പക്ഷെ രാജ്യം ഏല്‍പ്പിച്ച വലിയ ദൗത്യം അതിലേറെ പ്രധാനമാണ്. അവധിക്കാലം ആഘോഷിക്കാനല്ല ടീം വിദേശത്ത് പോകുന്നത്'- ഗംഭീര്‍ പറഞ്ഞു. കുറച്ചാളുകള്‍ക്ക് മാത്രം ലഭിക്കുന്ന അവസരമാണിതെന്നും ആ അവസരം രാജ്യത്തിനു വേണ്ടി വിനിയോഗിക്കണമെന്നും ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.

ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫിയിലെ ടീമിന്റെ മോശം പ്രകടനത്തിനു പിന്നാലെയായിരുന്നു ബിസിസിഐ ഇത്തരത്തിലൊരു നിയന്ത്രണം ഏര്‍പ്പെടുത്തിയത്. വിരാട് കോലി അടക്കമുള്ള പല താരങ്ങളും ഇതിനെതിരെ രംഗത്ത് വന്നിരുന്നു. കളിക്കാര്‍ക്കൊപ്പം കുടുംബാംഗങ്ങളെ അനുവദിക്കുന്നതാണ് ഏറ്റവും ഉചിതമെന്ന് അഭിപ്രായപ്പെട്ട കോലി കുടുംബാംഗങ്ങള്‍ ഒപ്പമുള്ളത് വലിയ ആശ്വാസമാണെന്നും വ്യക്തമാക്കിയിരുന്നു. കടുത്ത നിയന്ത്രണങ്ങള്‍ക്കെതിരേ വിമര്‍ശനം വന്നതോടെ ബോര്‍ഡ് ഇക്കാര്യത്തില്‍ ചെറിയ ഇളവുകള്‍ വരുത്തി.

പുതിയ നിയമനുസരിച്ച് 45 ദിവസത്തെ വിദേശപര്യടനമാണെങ്കില്‍ രണ്ടാഴ്ചമാത്രമേ പങ്കാളിയെയും കുടുംബാംഗങ്ങളെയും കൂടെത്താമസിപ്പിക്കാവൂ. ഹ്രസ്വകാല പരമ്പരയാണെങ്കില്‍ ഏഴുദിവസം മാത്രമേ പാടുള്ളൂ. കോലിയുടെ റിട്ടയര്‍മെന്റിന് പിന്നില്‍ ഈ നിയന്ത്രണവും കാരണമായെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു.

Content highlights: bcci strict rules gautam gambhir response

To advertise here,contact us