ഇംഗ്ലണ്ട് അണ്ടർ 19 ടീമിനെതിരായ ഏകദിന പരമ്പരയിൽ തകർത്തടിച്ച് വാർത്തകളിൽ ഇടംപിടിച്ച താരമാണ് ഇന്ത്യയുടെ പതിനാലുകാരൻ താരം വൈഭവ് സൂര്യവംശി. ഐപിഎല്ലിലെ തന്റെ വെടിക്കെട്ട് വൈബ് തുടർന്ന താരം അഞ്ച് കളികളിൽനിന്ന് 71 ശരാശരിയിൽ 355 റൺസാണ് എടുത്തിരുന്നത്.
വൈഭവ് തന്നെയായിരുന്നു പരമ്പരയിലെ ടോപ് സ്കോറർ. 174 സ്ട്രൈക്ക് റേറ്റിലായിരുന്നു വൈഭവിന്റെ റൺവേട്ട. 30 ഫോറുകളും 29 സിക്സറുകളും സഹിതമാണ് വൈഭവ് 355 റൺസെടുത്തത്.
അതേ സമയം ഇംഗ്ലണ്ടിനെതിരായ ഒന്നാം യൂത്ത് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ താരത്തിന് തിളങ്ങാനായില്ല. കെന്റ് കൗണ്ടി ക്രിക്കറ്റ് ഗ്രൗണ്ടിൽ നടക്കുന്ന മത്സരത്തിൽ ഓപ്പണറായി എത്തിയ വൈഭവ്, ഒന്നാം ഇന്നിങ്സിൽ 14 റൺസെടുത്ത് പുറത്തായി. 13 പന്തിൽ മൂന്നു ഫോറുകൾ സഹിതം ഏകദിന ശൈലിയിൽ 14 റൺസെടുത്ത വൈഭവിനെ, അലക്സ് ഗ്രീനാണ് പുറത്താക്കിയത്. റാൽഫി ആൽബർട്ട് ക്യാച്ചെടുത്തു.
മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ അണ്ടർ 19 നായകൻ ആയുഷ് മാത്രെ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. 26 ഓവർ പൂർത്തിയാകുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 124 റണ്സ് എന്ന നിലയിലാണ് ഇന്ത്യൻ അണ്ടർ 19 ടീം. വൈഭവിനൊപ്പം ഓപ്പണറായെത്തിയ ക്യാപ്റ്റൻ ആയുഷ് മാത്രെ 69 റൺസോടെയും വിഹാൻ മൽഹോത്ര 35 റൺസോടെയും ക്രീസിൽ.
Content Highlights: 14-year-old fails to impress in first innings of Test vs england