ജോ റൂട്ടിന് 37-ാം ടെസ്റ്റ് സെഞ്ച്വറി; ഇന്ത്യയ്‌ക്കെതിരെ രണ്ടാം ദിനത്തിൽ ഇംഗ്ലണ്ടിന് ശുഭ തുടക്കം

നേരത്തെ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു

ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റിന്റെ രണ്ടാം ദിനത്തിന്റെ ആദ്യ പന്തിൽ തന്നെ സെഞ്ച്വറി നേടി ജോ റൂട്ട്. ഒന്നാം ദിനം കളി നിർത്തുമ്പോൾ 99 റൺസിലായിരുന്നു റൂട്ട് ഉണ്ടായിരുന്നത്. ബുംമ്രയുടെ പന്തിൽ ബൗണ്ടറി കടത്തി റൂട്ട് സെഞ്ച്വറി ആഘോഷിച്ചു.

ഒന്നാം ദിനം അവസാനിക്കുമ്പോൾ 83 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 251 റൺസാണ് നേടിയിരുന്നത്. 191 പന്തിൽ 99 റൺസുമായി ജോ റൂട്ടും 102 പന്തിൽ 39 റൺസുമായി ബെൻ സ്റ്റോക്‌സുമായിരുന്നു ക്രീസിൽ. എന്നാൽ രണ്ടാം ദിനത്തിന്റെ തുടക്കത്തിൽ തന്നെ ബുംമ്ര ബെൻ സ്റ്റോക്‌സിനെ മടക്കി. 44 റൺസാണ് സ്റ്റോക്സ് നേടിയത്.

പതിവിന് വിപരീതമായി അതിവേഗം സ്കോർ ചലിപ്പിക്കുകയെന്ന തങ്ങളുടെ ബാസ് ബോൾ ശൈലി മാറ്റി വെച്ച് പ്രതിരോധിച്ച് കളിച്ചാണ് ഇംഗ്ലണ്ട് മുന്നോട്ട് പോയത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ടിന്റെ ആദ്യ രണ്ട് വിക്കറ്റുകൾ നേരത്തെ വീണെങ്കിലും പിന്നീട് അവർ കളിയിലേക്ക് തിരിച്ചുവന്നു.

സാക്ക് ക്രൗളി (18), ബെൻ ഡക്കറ്റ് (23), ഒലി പോപ്പ് (44 ), ഹാരി ബ്രൂക്ക് (11 ) എന്നിവരുടെ വിക്കറ്റുകളാണ് ആതിഥേയർക്ക് ഇന്നലെ നഷ്ടമായത്. 14-ാം ഓവറിലാണ് ആദ്യ രണ്ട് വിക്കറ്റുകളും വീണത്. തന്റെ ആദ്യ ഓവർ എറിയാനെത്തിയ നിതീഷ് കുമാർ റെഡ്‌ഡിയാണ് വിക്കറ്റുകൾ നേടിയത്. കഴിഞ്ഞ മത്സരങ്ങളിൽ തിളങ്ങാതിരുന്ന താരത്തിന്റെ തിരിച്ചുവരവ് കൂടിയായിരുന്നു ഇത്.

സാക്ക് ക്രൗളി, ബെൻ ഡക്കറ്റ് എന്നിവരെയാണ് നിതീഷ് പറഞ്ഞയച്ചത്. ശേഷം 109 റൺസിന്റെ മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് പൊളിച്ച് ജഡേജ മൂന്നാം വിക്കറ്റ് നേടി. ഒലി പോപ്പിനെയാണ് ജഡേജ പിഴുതത്. ഇടവേളയ്‌ക്കൊടുവിൽ ബുംമ്ര ഹാരി ബ്രൂക്കിനെ മടക്കി.

നേരത്തെ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ രണ്ട് മത്സരങ്ങളിൽ തിളങ്ങാതിരുന്ന പ്രസിദ്ധ് കൃഷ്‌ണയെ ഇന്ത്യ ഇലവനിൽ നിന്നൊഴിവാക്കി. ജസ്പ്രീത് ബുംമ്ര തിരിച്ചെത്തി. മറ്റ് മാറ്റങ്ങൾ ഇല്ല.

മൂന്നാം ടെസ്റ്റിനുള്ള ഇം​ഗ്ലണ്ട് ടീമിനെ ഇന്നലെ തന്നെ പ്രഖ്യാപിച്ചിരുന്നു. ജോഷ് ടങ്ങിന് പകരമായി ജൊഫ്ര ആർച്ചർ ടീമിലേക്കെത്തുന്നതാണ് പ്രധാന പ്രത്യേകത. നാല് വർഷത്തിന് ശേഷമാണ് ആർച്ചർ ഇം​ഗ്ലണ്ടിനായി ടെസ്റ്റ് ക്രിക്കറ്റ് കളിക്കുന്നത്.

പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങൾ പൂർത്തിയാകുമ്പോൾ ഇരുടീമുകളും ഓരോ മത്സരങ്ങൾ വീതം വിജയിച്ചു. ഇതോടെ പരമ്പരയിൽ മുന്നിലെത്താൻ ഇന്ന് തുടങ്ങുന്ന മത്സരത്തിൽ വിജയിക്കാനാണ് ഇരുടീമുകളുടെയും ശ്രമം.

Content Highlights: Joe Root slams his 37th century in Test cricket

To advertise here,contact us