ഇംഗണ്ടിനെതിരായ മൂന്നാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് മികച്ച തുടക്കം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ടിന്റെ ആദ്യ രണ്ട് വിക്കറ്റുകൾ വീണു.
സാക്ക് ക്രൗളി (18), ബെൻ ഡക്കറ്റ് (23) എന്നിവരുടെ വിക്കറ്റുകളാണ് ആതിഥേയർക്ക് നഷ്ടമായത്. 14-ാം ഓവറിലാണ് രണ്ട് വിക്കറ്റുകളും വീണത്. തന്റെ ആദ്യ ഓവർ എറിയാനെത്തിയ നിതീഷ് കുമാർ റെഡ്ഡിയാണ് വിക്കറ്റുകൾ നേടിയത്. കഴിഞ്ഞ മത്സരങ്ങളിൽ തിളങ്ങാതിരുന്ന താരത്തിന്റെ തിരിച്ചുവരവ് കൂടിയായിരുന്നു ഇത്.
നേരത്തെ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ രണ്ട് മത്സരങ്ങളിൽ തിളങ്ങാതിരുന്ന പ്രസിദ്ധ് കൃഷ്ണയെ ഇന്ത്യ ഇലവനിൽ നിന്നൊഴിവാക്കി. ജസ്പ്രീത് ബുംമ്ര തിരിച്ചെത്തി. മറ്റ് മാറ്റങ്ങൾ ഇല്ല.
മൂന്നാം ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമിനെ ഇന്നലെ തന്നെ പ്രഖ്യാപിച്ചിരുന്നു. ജോഷ് ടങ്ങിന് പകരമായി ജൊഫ്ര ആർച്ചർ ടീമിലേക്കെത്തുന്നതാണ് പ്രധാന പ്രത്യേകത. നാല് വർഷത്തിന് ശേഷമാണ് ആർച്ചർ ഇംഗ്ലണ്ടിനായി ടെസ്റ്റ് ക്രിക്കറ്റ് കളിക്കാനൊരുങ്ങുന്നത്.
പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങൾ പൂർത്തിയാകുമ്പോൾ ഇരുടീമുകളും ഓരോ മത്സരങ്ങൾ വീതം വിജയിച്ചു. ഇതോടെ പരമ്പരയിൽ മുന്നിലെത്താൻ ഇന്ന് തുടങ്ങുന്ന മത്സരത്തിൽ വിജയിക്കാനാണ് ഇരുടീമുകളുടെയും ശ്രമം.
മൂന്നാം ടെസ്റ്റിനുള്ള ഇംഗ്ലണ്ടിന്റെ പ്ലേയിങ് ഇലവൻ: ബെൻ ഡക്കറ്റ്, സാക്ക് ക്രൗളി, ഒലി പോപ്പ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ജാമി സ്മിത്ത്(വിക്കറ്റ് കീപ്പർ), ബെൻ സ്റ്റോക്സ് (ക്യാപ്റ്റൻ), ക്രിസ് വോക്സ്, ബ്രൈഡൻ കാർസ്, ജോഫ്ര ആർച്ചർ, ഷോയിബ് ബഷീർ.
മൂന്നാം ടെസ്റ്റിനുള്ള ഇന്ത്യയുടെ പ്ലേയിങ് ഇലവൻ: ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), റിഷഭ് പന്ത് (വൈസ് ക്യാപ്റ്റൻ, വിക്കറ്റ് കീപ്പർ), യശസ്വി ജയ്സ്വാൾ, കെ എൽ രാഹുൽ, കരുൺ നായർ, നിതീഷ് കുമാർ റെഡ്ഡി, രവീന്ദ്ര ജഡേജ, വാഷിങ്ടൺ സുന്ദർ, ജസ്പ്രീത് ബുംമ്ര, മുഹമ്മദ് സിറാജ്, ആകാശ് ദീപ്.
content Highlight:Lord's Test: Nitish Reddy removes England's openers in one over