ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില് കളിയിലെ താരമാകേണ്ടിയിരുന്നത് ശുഭ്മാന് ഗില്ലായിരുന്നില്ലെന്ന് തുറന്നു പറഞ്ഞ് മുന് താരം ആര് അശ്വിന്. ഗില്ലിന് പകരം മത്സരത്തില് 10 വിക്കറ്റെടുത്ത ആകാശ് ദീപായിരുന്നു കളിയിലെ താരമാകേണ്ടിയിരുന്നതെന്നും അശ്വിന് തന്റെ യുട്യൂബ് ചാനലില് പറഞ്ഞു.
ഞാന് പറയുന്നത് വലിയൊരു യാഥാര്ത്ഥ്യമാണ്, എഡ്ജ്ബാസ്റ്റൺ പോലെ ഫ്ലാറ്റായ പിച്ചില് 10 വിക്കറ്റെടുത്ത ആകാശ് ദീപായിരുന്നു യഥാര്ത്ഥത്തില് കളിയിലെ താരമാകേണ്ടിയിരുന്നതെന്ന് അശ്വിന് പറഞ്ഞു. ബൗളര്മാര്ക്ക് കാര്യമായ സഹായമൊന്നും ലഭിക്കാതിരുന്ന പിച്ചില് ആകാശ് ദീപ് മികച്ചുകളിച്ചുവെന്നും അശ്വിന് കൂട്ടിച്ചേർത്തു.
അതേ സമയം ഇന്ത്യ 336 റൺസിന്റെ വമ്പൻ ജയം നേടിയ രണ്ടാം ടെസ്റ്റിൽ ഗില് ആകെ മൊത്തം 430 റൺസ് നേടിയിരുന്നു. രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സില് 269 റണ്സ് നേടിയ ഗില് രണ്ടാം ഇന്നിങ്സില് 161 റൺസ് നേടുകയും ചെയ്തിരുന്നു.
ആദ്യ ഇന്നിംഗ്സില് നാലു വിക്കറ്റും രണ്ടാം ഇന്നിംഗ്സില് ആറ് വിക്കറ്റും വീഴ്ത്തി ആകാശ് ദീപും ഇന്ത്യൻ വിജയത്തില് നിര്ണായക പങ്കുവഹിച്ചിരുന്നു. പരമ്പരയിലെ ആദ്യ ടെസ്റ്റില് ആകാശ് ദീപ് കളിച്ചിരുന്നില്ല. ജസ്പ്രീത് ബുംമ്രയും പ്രസിദ്ധ് കൃഷ്ണയും മുഹമ്മദ് സിറാജുമായിരുന്നു ആദ്യ ടെസ്റ്റില് ഇന്ത്യക്കായി പന്തെറിഞ്ഞത്.
എന്നാല് രണ്ടാം ടെസ്റ്റില് ബുമ്രക്ക് വിശ്രമം അനുവദിച്ചതോടെയാണ് ആകാശ് ദീപിന് പ്ലേയിംഗ് ഇലവനില് അവസരം ലഭിച്ചത്. ഇന്ന് തുടങ്ങിയ മൂന്നാം ടെസ്റ്റില് ടോസ് നേടി ഇംഗ്ലണ്ട് ബാറ്റിംഗ് തെരഞ്ഞെടുത്തപ്പോള് ജസ്പ്രീത് ബുംമ്ര പ്ലേയിംഗ് ഇലവനില് തിരിച്ചെത്തിയപ്പോൾ ആകാശ് ദീപിനെ ഇന്ത്യ നിലനിർത്തി. പകരം പ്രസിദ്ധ് കൃഷ്ണ പുറത്തായി.
content Highlight: Gill should not have been the Man of the Match in the second Test, Ashwin