ഓസ്ട്രേലിയൻ ക്രിക്കറ്റ് മുൻ താരം ആദം ഗിൽക്രിസ്റ്റിനെയും ഇന്ത്യൻ ടെസ്റ്റ് ടീം വൈസ് ക്യാപ്റ്റൻ റിഷഭ് പന്തിനെയും താരതമ്യപ്പെടുത്തരുതെന്ന് ഇന്ത്യൻ മുൻ താരം രവിചന്ദ്രൻ അശ്വിൻ. ഇരുതാരങ്ങളും വ്യത്യസ്തരാണെന്ന് അശ്വിൻ അഭിപ്രായപ്പെട്ടു.
'റിഷഭ് പന്ത് ഇപ്പോൾ ഒരു പുതുമുഖ താരമല്ല. അതുകൊണ്ട് ഇപ്പോൾ ഞാൻ റിഷഭിനെ അയാളുടെ നിലവാരത്തിൽ തന്നെ വിലയിരുത്തുന്നു. ആദം ഗിൽക്രിസ്റ്റിനും റിഷഭ് പന്തിനുമുള്ള കഴിവുകൾ വ്യത്യസ്തമാണ്,' അശ്വിൻ തന്റെ യുട്യൂബ് ചാനലിൽ പ്രതികരിച്ചു.
'ആദം ഗിൽക്രിസ്റ്റിന് സമാനമായ താരമാണ് റിഷഭ് പന്തെന്ന് വിലയിരുത്തുന്നത് കേൾക്കാം. എന്നാൽ അത് ശരിയല്ല. ഗിൽക്രിസ്റ്റ് എക്കാലത്തെയും മികച്ച വിക്കറ്റ് കീപ്പറാണ്. ടെസ്റ്റ് ക്രിക്കറ്റിൽ ഏഴാം നമ്പറിലെത്തി ഗിൽക്രിസ്റ്റ് മത്സരഫലം തന്നെ മാറ്റിമറിക്കും. എന്നാൽ റിഷഭ് പന്ത് അഞ്ചാം നമ്പറിലാണ് ബാറ്റ് ചെയ്യുന്നത്. അത് മത്സരത്തിലുണ്ടാക്കുന്ന സ്വാധീനം വ്യത്യസ്തമാണ്.'
'ഗിൽക്രിസ്റ്റിന് ഡിഫൻസ് ഷോട്ടുകൾ കളിക്കാൻ സാധിച്ചിരുന്നില്ല. എന്നാൽ റിഷഭ് പന്തിന് നന്നായി ഡിഫൻസ് ഷോട്ടുകൾ കളിക്കാൻ കഴിയും. റിഷഭ് പന്തിനെ ഒരു വിക്കറ്റ് കീപ്പറായി മാത്രമല്ല, മികച്ചയൊരു ബാറ്റർ എന്ന നിലയിലാണ് വിലയിരുത്തലുകൾ നടത്തേണ്ടത്. റിഷഭ് പന്തിന് അവന്റേതായ കാര്യങ്ങൾ ചെയ്യാൻ സാധിക്കും,' അശ്വിൻ വ്യക്തമാക്കി.
Content Highlights: Ravichandran Ashwin has spoken about the comparisons between Pant and Gilchrist