ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ക്രിക്കറ്റ് പരമ്പരയിലെ മൂന്നാം ടെസ്റ്റിന് നാളെ ലോഡ്സിൽ തുടക്കമാവും. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങൾ പൂർത്തിയാകുമ്പോൾ ഇരുടീമുകളും ഓരോ മത്സരങ്ങൾ വീതം വിജയിച്ചു. ഇതോടെ പരമ്പരയിൽ മുന്നിലെത്താൻ നാളെ തുടങ്ങുന്ന മത്സരത്തിൽ വിജയിക്കാനാണ് ഇരുടീമുകളുടെയും ശ്രമം.
ലോഡ്സിൽ മൂന്നാം ടെസ്റ്റിന് ഇറങ്ങുമ്പോൾ ഇരുടീമിലും മാറ്റങ്ങൾ ഉറപ്പാണ്. എഡ്ജ്ബാസ്റ്റണിൽ വിശ്രമം അനുവദിച്ച ഇന്ത്യൻ പേസർ ജസ്പ്രീത് ബുംമ്ര ടീമിലേക്ക് മടങ്ങിയെത്തും. ലോഡ്സിൽ ബുംമ്ര ഇന്ത്യൻ നിരയിൽ തിരിച്ചെത്തുമെന്ന് രണ്ടാം ടെസ്റ്റിനുശേഷം ടീം ക്യാപ്റ്റൻ ശുഭ്മന് ഗില് വ്യക്തമാക്കിയിരുന്നു. ബുംമ്രയ്ക്ക് പകരം ടീമിലെത്തിയ ആകാശ് ദീപ് 10 വിക്കറ്റുമായി തിളങ്ങുകയും ചെയ്തു. ഇതോടെ ആദ്യ രണ്ട് ടെസ്റ്റിലും നിരാശപ്പെടുത്തിയ പ്രസിദ്ധ് കൃഷ്ണയ്ക്ക് പ്ലേയിംഗ് ഇലവനില് സ്ഥാനം നഷ്ടമായേക്കും. ഇന്ത്യൻ ടീമിൽ മറ്റ് മാറ്റങ്ങൾക്ക് സാധ്യതയില്ല.
മൂന്നാം ടെസ്റ്റിന് മുമ്പായി ഇംഗ്ലണ്ട് ടീമിലേക്ക് ബൗളിങ് ഓൾറൗണ്ടർ ഗസ് ആറ്റ്കിൻസണെ ഉൾപ്പെടുത്തിയിരുന്നു. ആദ്യ ടെസ്റ്റിന് പിന്നാലെ ജൊഫ്ര ആർച്ചറിനെ ഇംഗ്ലണ്ട് ടീമിലേക്ക് വിളിച്ചിരുന്നെങ്കിലും രണ്ടാം ടെസ്റ്റിൽ കളിപ്പിച്ചിരുന്നില്ല. എന്നാൽ രണ്ടാം ടെസ്റ്റ് പരാജയപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ ഇരുവരെയും മൂന്നാം ടെസ്റ്റിൽ കളിപ്പിക്കുവാൻ സാധ്യതയുണ്ട്. എന്നാൽ ഇരുവർക്കും പകരം ആര് പുറത്തിരിക്കുമെന്നതാണ് ഇംഗ്ലണ്ട് ടീമിന്റെ ആശങ്ക.
ഇംഗ്ലണ്ട് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം: ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), റിഷഭ് പന്ത് (വൈസ് ക്യാപ്റ്റൻ, വിക്കറ്റ് കീപ്പർ), യശസ്വി ജയ്സ്വാൾ, കെ എൽ രാഹുൽ, സായി സുദർശൻ, അഭിമന്യൂ ഈശ്വരൻ, കരുൺ നായർ, നിതീഷ് കുമാർ റെഡ്ഡി, രവീന്ദ്ര ജഡേജ, ധ്രുവ് ജുറേൽ (വിക്കറ്റ് കീപ്പർ), വാഷിങ്ടൺ സുന്ദർ, ഷാർദുൽ താക്കൂർ, ജസ്പ്രീത് ബുംമ്ര, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ആകാശ് ദീപ്, അർഷ്ദീപ് സിങ്, കുൽദീപ് യാദവ്.
ഇന്ത്യയ്ക്കെതിരായ മൂന്നാം ടെസ്റ്റിനുള്ള ഇംഗ്ലണ്ട് സ്ക്വാഡ് : ബെൻ ഡക്കറ്റ്, സാക്ക് ക്രൗളി, ഒലി പോപ്പ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ജാമി സ്മിത്ത്, ബെൻ സ്റ്റോക്സ് (ക്യാപ്റ്റൻ), ക്രിസ് വോക്സ്, ബ്രൈഡൻ കാർസ്, ജോഷ് ടങ്, ഷുഹൈബ് ബഷീർ, ജൊഫ്ര ആർച്ചർ, ജാമി ഓവർടൺ, ഗസ് ആറ്റ്കിൻസൺ, ജേക്കബ് ബെഥൽ, സാം കുക്ക്.
Content Highlights: India vs England 3rd test will begin from tommorrow