മാറ്റിവെയ്ക്കപ്പെട്ട ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ക്രിക്കറ്റ് പരമ്പരയ്ക്ക് പകരം ഇന്ത്യൻ ടീം ശ്രീലങ്കൻ പര്യടനം നടത്തിയേക്കുമെന്ന് റിപ്പോർട്ട്. ന്യൂസ്വയറാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. ഇന്ത്യ ശ്രീലങ്കയിൽ മൂന്ന് ഏകദിന മത്സരങ്ങളും മൂന്ന് ട്വന്റി 20 മത്സരങ്ങളും കളിക്കുമെന്നാണ് സൂചനകൾ. ഇക്കാര്യത്തിൽ രണ്ട് ക്രിക്കറ്റ് ബോർഡുകളും തമ്മിൽ ചർച്ചകൾ നടക്കുകയാണ്.
മെയിൽ ഇന്ത്യയും പാകിസ്താനും തമ്മിലുണ്ടായ സംഘർഷങ്ങളിൽ പാകിസ്താന് പിന്തുണ നൽകിയതിനെ തുടർന്നാണ് ബംഗ്ലാദേശുമായുള്ള ക്രിക്കറ്റ് പരമ്പര ബിസിസിഐ ഉപേക്ഷിച്ചത്. ബംഗ്ലാദേശിലേക്ക് പര്യടനം നടത്താൻ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് കേന്ദ്ര സർക്കാർ അനുമതി ലഭിച്ചിരുന്നില്ല. ഇതോടെ ഇരുരാജ്യങ്ങളിലെയും ക്രിക്കറ്റ് ബോർഡുകൾ പരമ്പര മാറ്റിവെയ്ക്കാൻ തീരുമാനം എടുക്കുകയായിരുന്നു.
ഓഗസ്റ്റ് 17 മുതലായിരുന്നു ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള പരമ്പര നിശ്ചയിച്ചിരുന്നത്. ഓഗസ്റ്റ് 31ന് പരമ്പര അവസാനിക്കുമായിരുന്നു. നിലവിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം ഇംഗ്ലണ്ടിൽ പര്യടനം നടത്തുകയാണ്. ബംഗ്ലാദേശ് പരമ്പര ഒഴിവാക്കിയതോടെ സെപ്റ്റംബർ 10ന് ഏഷ്യാകപ്പിലാണ് ഇന്ത്യൻ ടീം മത്സരിക്കേണ്ടത്. എന്നാൽ ഇന്ത്യയും പാകിസ്താനും നേർക്കുനേർ വരുമെന്നതിനാൽ ഏഷ്യാകപ്പിൽ കളിക്കുന്നതിൽ നിന്നും ഇന്ത്യ പിന്മാറുമെന്ന് സൂചനയുണ്ടായിരുന്നു.
Content Highlights: BCCI Mulls India Vs Sri Lanka Series In August