ഐപിഎൽ 2025 ലെ മിന്നും പ്രകടനവുമായി ഇന്ത്യയുടെ അണ്ടര് 19 ടീമിനൊപ്പം ഇംഗ്ലണ്ടിലെത്തിയതായിരുന്നു വൈഭവ് സൂര്യവംശി. ഐപിഎല്ലിന്റെ തന്റെ വെടിക്കെട്ട് വൈബ് തുടർന്ന വൈഭവ് ഇംഗ്ലണ്ട് അണ്ടർ 19 ടീമിനെതിരെയുള്ള അഞ്ചുമത്സരങ്ങളടങ്ങിയ പരമ്പരയിൽ ടോപ് സ്കോററായി.
അഞ്ച് മത്സങ്ങളില് നിന്ന് 355 റണ്സാണ് വൈഭവ് അടിച്ചെടുത്തത്. ഓരോ സെഞ്ച്വറിയും അര്ധ സെഞ്ച്വറിയും ഉള്പ്പെടുന്നതാണ് വൈഭവിന്റെ പ്രകടനം. നാലാം ഏകദിനത്തില് നേടിയ 143 റണ്സാണ് വൈഭവിന്റെ ഉയര്ന്ന സ്കോര്. 78 പന്തില് നിന്നായിരുന്നു 14കാരന്റെ വിസ്മയ ഇന്നിങ്സ്. പത്ത് സിക്സറുകളും പതിമൂന്ന് ഫോറുകളും ഇന്നിങ്സിൽ ഉണ്ടായിരുന്നു. ഒരു മത്സരത്തില് 86 റണ്സെടുക്കാനും വൈഭവിന് സാധിച്ചിരുന്നു.
ഇംഗ്ലണ്ട് ക്യാപ്റ്റന് തോമസ് റ്യൂ ആണ് രണ്ടാം സ്ഥാനത്ത്. അഞ്ച് മത്സരങ്ങളില് 280 റണ്സാണ് റ്യൂ നേടിയത്. ഒരു സെഞ്ച്വറിയും ഒരു അര്ധ സെഞ്ച്വറിയും ഇതില് ഉള്പ്പെടും. 131 റണ്സാണ് ഉയര്ന്ന സ്കോര്. ഇന്ത്യയുടെ വിഹാന് മല്ഹോത്ര മൂന്നാം സ്ഥാനത്തുണ്ട്. അഞ്ച് മത്സരങ്ങളിൽ നിന്ന് നിന്ന് 243 റണ്സാണ് വിഹാന് നേടിയത്. ഒരു സെഞ്ച്വറി നേടിയ താരത്തിന്റെ ഉയര്ന്ന സ്കോര് 129 റണ്സാണ്.
അതേ സമയം പരമ്പരയിലെ അവസാന മത്സരത്തില് ഇന്നലെ ഇന്ത്യ പരാജയപ്പെട്ടിരുന്നു. ഏഴ് വിക്കറ്റിന്റെ തോല്വിയാണ് ഇന്ത്യന് യുവ നിര നേരിട്ടത്. ടോസ് നേടി ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത ഓവറില് ഒമ്പത് വിക്കറ്റ് നഷ്ടത്തില് 210 റണ്സാണ് നേടിയത്. മറുപടി ബാറ്റിങ്ങില് ഇംഗ്ലണ്ട് 31.1 ഓവറില് മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില് ലക്ഷ്യം മറികടന്നു. തോറ്റെങ്കിലും 3-2 വിജയത്തിൽ ഇന്ത്യ പരമ്പര സ്വന്തമാക്കി.
Content HIghlights: Vaibhav continues IPL vibe in England; Top scorer in ODI series