ഇന്ത്യയ്ക്കെതിരായ മൂന്നാം ടെസ്റ്റിന് കുറച്ചുകൂടി പേസും ബൗൺസുമുള്ള പിച്ചൊരുക്കാൻ ഇംഗ്ലണ്ട് ക്രിക്കറ്റ്. ജൂൺ രണ്ടാം വാരം ലോഡ്സിൽ നടന്ന ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിൽ പേസ് ബൗളർമാർക്ക് വലിയ പിന്തുണയാണ് ലഭിച്ചത്. ഇതിനേക്കാൾ കുറച്ചുകൂടി പേസും ബൗൺസും ഇന്ത്യയ്ക്കെതിരായ മൂന്നാം ടെസ്റ്റിൽ ലഭിക്കണമെന്നാണ് ഇംഗ്ലണ്ട് ക്രിക്കറ്റിന്റെ ആവശ്യം.
'കുറച്ചുകൂടി പേസ്, അതുപോലെ കുറച്ചുകൂടി ബൗൺസ്, വിക്കറ്റിന്റെ ഇരുവശങ്ങളിലേക്കും പന്ത് സ്വിങ് ചെയ്യുന്ന ഒരു പിച്ചായിരിക്കും ലോഡ്സിൽ തയ്യാറാക്കുക,' മാർലിബൻ ക്രിക്കറ്റ് ക്ലബ് ഗ്രൗണ്ട് അതോററ്റിയുടെ മുഖ്യചുമതലക്കാരനായ കാൾ മക്ഡർമട്ട് മാധ്യമങ്ങളോട് പ്രതികരിച്ചു.
'പിച്ച് ഏത് രീതിയിൽ തയ്യാറാക്കിയാലും മൂന്നാം ടെസ്റ്റ് ഒരു ബ്ലോക്ക്ബസ്റ്റർ പോരാട്ടമായിരിക്കും. ബാറ്റിങ്ങിന് അനുകൂലമായ ഒരു ഫ്ലാറ്റ് പിച്ചിന് പകരം ബാറ്റിങ്ങിനെയും ബൗളിങ്ങിനെയും ഒരുപോലെ പിന്തുണയ്ക്കുന്ന പിച്ചാണ് തയ്യാറാക്കേണ്ടത്. അങ്ങനെയെങ്കിൽ മികച്ചയൊരു മത്സരം പ്രതീക്ഷിക്കാം,' മക്ഡർമട്ട് വ്യക്തമാക്കി.
ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള രണ്ട് ടെസ്റ്റ് മത്സരങ്ങൾ പൂർത്തിയാകുമ്പോൾ ഇരുടീമുകളും ഓരോ വിജയങ്ങൾ വീതം നേടിയിരിക്കുകയാണ്. ആദ്യ മത്സരം ഇംഗ്ലണ്ട് വിജയിച്ചപ്പോൾ രണ്ടാം ടെസ്റ്റ് ഇന്ത്യയും സ്വന്തമാക്കി. ഇതോടെ ലോഡ്സിൽ നടക്കുന്ന മൂന്നാം ടെസ്റ്റ് വിജയിച്ച് പരമ്പരയിൽ മുന്നിലെത്തുകയാണ് ഇരുടീമുകളുടെയും ലക്ഷ്യം.
Content Highlights: England want pace and bounce at Lord's