വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ ഓസ്ട്രേലിയ മികച്ച സ്കോറിലേക്ക്. സ്റ്റീവ് സ്മിത്തിന്റെയും കാമറൂൺ ഗ്രീനിന്റെയും അർധ സെഞ്ച്വറികളാണ് രണ്ടാം ഇന്നിങ്സിൽ ഓസ്ട്രേലിയയെ മികച്ച സ്കോറിലേക്ക് നയിക്കുന്നത്. മൂന്നാം ദിവസം വെളിച്ചക്കുറവിനെ തുടർന്ന് നേരത്തെ മത്സരം നിർത്തുമ്പോൾ ഓസീസ് സ്കോർ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 221 റൺസെന്ന നിലയിലാണ്. രണ്ടാം ഇന്നിങ്സിൽ ഓസീസ് ലീഡ് ഇപ്പോൾ 264 റൺസിലെത്തി. സ്കോർ ഓസ്ട്രേലിയ ഒന്നാം ഇന്നിങ്സ് 286, വെസ്റ്റ് ഇൻഡീസ് ആദ്യ ഇന്നിങ്സ് 253. ഓസ്ട്രേലിയ രണ്ടാം ഇന്നിങ്സ് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 221.
നേരത്തെ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 12 റൺസെന്ന നിലയിലാണ് ഓസ്ട്രേലിയ മൂന്നാം ദിവസം ബാറ്റിങ് പുനരാരംഭിച്ചത്. 123 പന്തുകൾ നേരിട്ട അഞ്ച് ഫോറുകൾ സഹിതം ഗ്രീൻ 52 റൺസെടുത്തു. 119 പന്തിൽ ഏഴ് ഫോറും ഒരു സിക്സറും സഹിതമാണ് സ്റ്റീവ് സ്മിത്ത് 71 റൺസ് നേടിയത്. 60 പന്തിൽ നാല് ഫോറുകളോടെ ട്രാവിസ് ഹെഡ് 39 റൺസും സംഭാവന ചെയ്തു. 27 പന്തിൽ 26 റൺസെടുത്ത അലക്സ് ക്യാരി ക്രീസിൽ തുടരുന്നുണ്ട്.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ ആദ്യ ഇന്നിങ്സിൽ 286 റൺസെടുത്തിരുന്നു. അലക്സ് ക്യാരി 63 റൺസും ബ്യൂ വെബ്സ്റ്റർ 60 റൺസും സംഭാവന ചെയ്തു. വെസ്റ്റ് ഇൻഡീസ് ഒന്നാം ഇന്നിങ്സിൽ 253 റൺസാണ് നേടിയത്. 75 റൺസെടുത്ത ബ്രണ്ടൻ കിങ് ആണ് വിൻഡീസ് നിരയിലെ ടോപ് സ്കോറർ.
Content Highlights: Half-centuries from Smith and Green give Australia control