ക്യാപ്റ്റൻസി മോഹമുണ്ടായിരുന്നോ? ജഡേജയുടെ മറുപടി ഇങ്ങനെ

ആറാം വിക്കറ്റിൽ ഗില്ലിനൊപ്പം 203 റൺസിന്‍റെ കൂട്ടുകെട്ടാണ് ജഡേജ പടുത്തുയര്‍ത്തിയത്

എഡ്ജ്ബാസ്റ്റണിൽ ഇന്ത്യ ഇംഗ്ലണ്ടിന് മുന്നിൽ കൂറ്റൻ സ്‌കോറുയർത്തുമ്പോൾ ടീമിലെ സെക്കന്റ് ടോപ് സ്‌കോറർ രവീന്ദ്ര ജഡേജയായിരുന്നു. 137 പന്തിൽ 89 റൺസാണ് ജഡേജ അടിച്ചെടുത്തത്. ക്യാപ്റ്റന്‍ ശുഭ്മാൻ ഗില്ലിന് കൂട്ടായി ക്രീസിൽ നിലയുറപ്പിച്ച ജദ്ദു ആറാം വിക്കറ്റിൽ ഗില്ലിനൊപ്പം 203 റൺസ് സ്‌കോർബോർഡിൽ ചേർത്തു. ഒടുക്കം സെഞ്ച്വറിക്ക് 11 റൺസകലെ താരം ജോഷ് ടങ്ങിന് വിക്കറ്റ് നല്‍കി മടങ്ങി.

കളിക്ക് ശേഷം ഇന്നലെ പ്രസ് കോൺഫറൻസില്‍ ജഡേജക്ക് മുന്നിൽ നിരവധി ചോദ്യങ്ങളെത്തി. അതിലൊന്ന് 15 വർഷത്തെ കരിയറിനിടെ എപ്പോഴെങ്കിലും ക്യാപ്റ്റൻസി മോഹം മനസിൽ ഉദിച്ചിരുന്നോ എന്നാണ്. ഒരു പുഞ്ചിരിയോടെ ജഡേജ പറഞ്ഞ മറുപടി ഇതായിരുന്നു. 'ഇല്ല.. ആ കാലമൊക്കെ കഴിഞ്ഞില്ലേ!

ഗില്ലിന്റെ മനോഹര ഇന്നിങ്‌സിനെ കുറിച്ച് ചോദിച്ച മാധ്യമ പ്രവർത്തകരോട് ഏറെ ആത്മവിശ്വാസത്തോടെയാണ് അയാൾ ബാറ്റ് വീശുന്നത് എന്നായിരുന്നു ജഡേജയുടെ പ്രതികരണം. 'ഗിൽ ക്രീസിൽ ഏറെ ആത്മവിശ്വാസത്തോടെയാണ് നിൽക്കുന്നത്. പുതിയൊരു ചുമതല തലയുള്ളതിന്റെ സമ്മർദമൊന്നും അയാളുടെ ബാറ്റിങ്ങിൽ കാണുന്നില്ല. നിർഭാഗ്യത്തിന്റെ അകമ്പടിയിലാണ് അയാള്‍ ഇന്ന് പുറത്തായത്. ഗില്‍ പുറത്താവുമെന്ന് ഞാൻ കരുതിയിരുന്നില്ല. ക്രീസിൽ ഞങ്ങൾ പാർട്ടണര്‍ഷിപ്പിനെ കുറിച്ച് മാത്രമാണ് സംസാരിച്ച് കൊണ്ടിരുന്നത്. അത് കൊണ്ടാണ് അത്രയും മികച്ചൊരു കൂട്ടുകെട്ട് പടുത്തുയർത്താനായത്'- ജഡേജ പറഞ്ഞു.

ഒന്നാം ഇന്നിങ്‌സിൽ 587 റൺസാണ് ഇന്ത്യ അടിച്ചെടുത്തത്. ജഡേജക്ക് പുറമേ യശസ്വി ജയ്‌സ്വാളും അർധ സെഞ്ച്വറിയിൽ തൊട്ടു. മറുപടി ബാറ്റിങ്ങിൽ ഇംഗ്ലണ്ടിന് തുടക്കത്തിൽ തന്നെ മൂന്ന് വിക്കറ്റുകൾ നഷ്ടമായി. രണ്ടാം ദിനം സ്റ്റമ്പെടുക്കുമ്പോൾ 77 ന് മൂന്ന് എന്ന നിലയിലാണ് ഇംഗ്ലണ്ട്.

Story highlight: Question about captaincy ambition; Jadeja's reply

To advertise here,contact us