ജഡേജക്കെതിരെ ഗുരുതരാരോപണവുമായി സ്റ്റോക്‌സ്; ഇന്ത്യൻ താരത്തിന്റെ മറുപടി ഇങ്ങനെ

ജഡേജക്കെതിരെ അമ്പയറോട് പരാതിപ്പെടുന്ന ഇംഗ്ലീഷ് നായകനെ മൈതാനത്ത് കാണാമായിരുന്നു

ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിനം എഡ്ജ്ബാസ്റ്റൺ നിരവധി നാടകീയ രംഗങ്ങൾക്കാണ് വേദിയായത്. കൂറ്റൻ സ്‌കോറിലേക്ക് കുതിച്ച് കൊണ്ടിരുന്ന ഇന്ത്യയെ മൈൻഡ് ഗെയിമുകളിലൂടെ അടക്കം വീഴ്ത്താന്‍ ഇംഗ്ലീഷ് താരങ്ങൾ ശ്രമിക്കുന്നത് കാണാമായിരുന്നു

അതിനിടെ ഇന്ത്യന്‍ ഓള്‍റൗണ്ടർ രവീന്ദ്ര ജഡേജക്കെതിരെ മൈതാനത്ത് വച്ച് ഇംഗ്ലീഷ് നായകൻ ബെൻ സ്റ്റോക്‌സ് ഒരു ഗുരുതരാരോപണമുന്നയിച്ചു. ജഡേജ പിച്ചിലെ ഡേഞ്ചർ ഏരിയയിലൂടെ ബോധപൂർവം ഓടി വിള്ളലുണ്ടാക്കാൻ ശ്രമിക്കുന്നു എന്നായിരുന്നു ആരോപണം. പിച്ചിൽ ചൂണ്ടി 'സുഹൃത്തേ നിങ്ങൾ എന്താണീ കാണിക്കുന്നത്' എന്ന് ചോദിക്കുന്ന സ്‌റ്റോക്‌സിനെ മൈതാനത്ത് കാണാമായിരുന്നു. ഉടൻ ജഡേജയുടെ മറുപടിയെത്തി. 'ഞാനെന്തിന് അത് ചെയ്യണം. എന്റെ ശ്രദ്ധ ബാറ്റിങ്ങിൽ മാത്രമാണ്'.

Sir Jadeja classic on the Stumps Mic. 😂 pic.twitter.com/SqhuVJqq4f

രണ്ടാം ദിനത്തിന് ശേഷം പ്രസ് കോൺഫറൻസിലും ജഡേജ ഇക്കാര്യം വിശദീകരിച്ചു. 'പിച്ചിൽ ഞാൻ വിള്ളലുണ്ടാക്കാൻ ശ്രമിക്കുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാൽ അദ്ദേഹത്തിന്റെ ബോളർമാർ തന്നെ ആ പണിയെടുക്കുമ്പോൾ ഞാനെന്തിന് അത് ചെയ്യണം. വിക്കറ്റിന് മുകളിലൂടെ ഓടുന്നു എന്ന് അദ്ദേഹം നിരന്തരം അമ്പയറോട് പരാതിപ്പെടുന്നുണ്ടായിരുന്നു. എന്നാൽ എനിക്ക് അങ്ങനെ ഒരു ഉദ്ദ്യേശവും ഉണ്ടായിരുന്നില്ല. ഒന്നോ രണ്ടോ തവണ ഞാൻ അറിയാതെ ഓടിയിരിക്കാം. എന്നാൽ സ്‌റ്റോക്‌സ് പറഞ്ഞത് പോലെയല്ല കാര്യങ്ങൾ'- ജഡേജ പറഞ്ഞു.

ഗില്ലിന്റെ മനോഹര ഇന്നിങ്‌സിനെ കുറിച്ച് ചോദിച്ച മാധ്യമ പ്രവർത്തകരോട് ഏറെ ആത്മവിശ്വാസത്തോടെയാണ് ഇന്ത്യന്‍ നായകന്‍ ബാറ്റ് വീശുന്നത് എന്നായിരുന്നു ജഡേജയുടെ പ്രതികരണം. 'ഗിൽ ക്രീസിൽ ഏറെ ആത്മവിശ്വാസത്തോടെയാണ് നിൽക്കുന്നത്. പുതിയൊരു ചുമതല തലയുള്ളതിന്റെ സമ്മർദമൊന്നും അയാളുടെ ബാറ്റിങ്ങിൽ കാണുന്നില്ല. നിർഭാഗ്യത്തിന്റെ അകമ്പടിയിലാണ് അയാള്‍ ഇന്ന് പുറത്തായത്. ഗില്‍ പുറത്താവുമെന്ന് ഞാൻ കരുതിയിരുന്നില്ല. ക്രീസിൽ ഞങ്ങൾ പാർട്ട്ണര്‍ഷിപ്പിനെ കുറിച്ച് മാത്രമാണ് സംസാരിച്ച് കൊണ്ടിരുന്നത്. അത് കൊണ്ടാണ് അത്രയും മികച്ചൊരു കൂട്ടുകെട്ട് പടുത്തുയർത്താനായത്'- ജഡേജ പറഞ്ഞു.

Story highlight : Stokes makes serious allegations against Jadeja; Indian player responds

To advertise here,contact us