ടെസ്റ്റ് ക്രിക്കറ്റിൽ തന്റെ ആദ്യ ഇരട്ട സെഞ്ച്വറി നേട്ടവുമായി ഇന്ത്യൻ ടെസ്റ്റ് ടീം ക്യാപ്റ്റൻ ശുഭ്മൻ ഗിൽ. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിലാണ് ഗില്ലിന്റെ നേട്ടം. 311 പന്തുകൾ നേരിട്ട് 200 റൺസുമായി ഗിൽ ക്രീസിൽ തുടരുകയാണ്. 21 ഫോറുകളും രണ്ട് സിക്സറുകളും താരത്തിന്റെ ബാറ്റിൽ നിന്ന് ഇതിനോടകം പിറന്നുകഴിഞ്ഞു.
ടെസ്റ്റ് കരിയറിലെ 34-ാം മത്സരത്തിലാണ് ഗില്ലിന്റെ ഇരട്ട സെഞ്ച്വറി നേട്ടം. 2,200ലധികം റൺസ് താരത്തിന്റെ ബാറ്റിൽ നിന്ന് പിറന്നു. ഏഴ് സെഞ്ച്വറികളും ഏഴ് അർധ സെഞ്ച്വറികളും ഇന്ത്യൻ യുവനായകന്റെ കരിയറിൽ ചേർക്കപ്പെട്ടുകഴിഞ്ഞു. കഴിഞ്ഞ മത്സരത്തിലും ഇംഗ്ലണ്ടിനെതിരെ ഗിൽ സെഞ്ച്വറി നേടിയിരുന്നു. ക്യാപ്റ്റനായുള്ള ആദ്യ മത്സരത്തിൽ സെഞ്ച്വറി നേടിയ ഗിൽ രണ്ടാം മത്സരത്തിൽ ഇരട്ട സെഞ്ച്വറി നേട്ടവും സ്വന്തമാക്കി.
അതിനിടെ ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിൽ ഇന്ത്യ മികച്ച സ്കോറിലേക്ക് നീങ്ങുകയാണ്. രണ്ടാം ദിവസം രണ്ടാം സെഷൻ പുരോഗമിക്കുമ്പോൾ ഇന്ത്യൻ സ്കോർ ആറ് വിക്കറ്റ് നഷ്ടത്തിൽ 472 റൺസെന്ന നിലയിലാണ്. 89 റൺസെടുത്ത രവീന്ദ്ര ജഡേജയുടെ വിക്കറ്റാണ് രണ്ടാം ദിവസം ഇന്ത്യയ്ക്ക് നഷ്ടമായത്. ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിനൊപ്പം 21 റൺസുമായി വാഷിങ്ടൺ സുന്ദറാണ് ക്രീസിലുള്ളത്.
Content Highlights: Shubman Gill scored maiden double hunderd in his International Career