ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ ഇരട്ട സെഞ്ച്വറി നേടിയിരിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ശുഭ്മൻ ഗിൽ. 387 പന്തുകൾ നേരിട്ട് 30 ഫോറുകളും മൂന്ന് സിക്സറുകളും സഹിതം ശുഭ്മൻ ഗിൽ 269 റൺസാണ് നേടിയത്. ഒന്നാം ഇന്നിങ്സിൽ ഇന്ത്യയെ 587 എന്ന മികച്ച സ്കോറിലെത്തിക്കാനും ഗില്ലിന് സാധിച്ചു. ഇതിനിടെയിൽ ഗിൽ സ്വന്തം പേരിൽ കുറിച്ചത് നിരവധി റെക്കോർഡുകളാണ്.
ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ നേടിയ ഇന്ത്യൻ ബാറ്റർമാരിൽ ഏഴാം സ്ഥാനത്താണ് ശുഭ്മൻ ഗിൽ. 319 റൺസ് നേടിയ വിരേന്ദർ സെവാഗ് ആണ് ഈ നേട്ടത്തിൽ മുന്നിലുള്ളത്. 2008ൽ ചെന്നൈയിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെയാണ് സേവാഗ് ചരിത്രം കുറിച്ചത്.
ടെസ്റ്റ് ക്രിക്കറ്റിൽ ഒരു ഇന്ത്യൻ ക്യാപ്റ്റൻ നേടുന്ന ഏറ്റവും ഉയർന്ന സ്കോറുമാണ് ഗിൽ എഡ്ജ്ബാസ്റ്റണിൽ അടിച്ചെടുത്തത്. 2019ൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ വിരാട് കോഹ്ലി നേടിയ പുറത്താകാതെ 254 റൺസെന്ന നേട്ടം ഗിൽ പഴങ്കഥയാക്കി.
ഇംഗ്ലണ്ടിൽ ഇന്ത്യൻ ബാറ്റർ നേടുന്ന ഏറ്റവും ഉയർന്ന സ്കോർ ആണ് ഗിൽ നേടിയതെന്നത് മറ്റൊരു ചരിത്രം. 2004ൽ സിഡ്നിയിൽ ഓസ്ട്രേലിയയ്ക്കെതിരെ സച്ചിൻ തെണ്ടുൽക്കർ നേടിയ പുറത്താകാതെ 241 റൺസെന്ന റെക്കോർഡാണ് ഗിൽ തിരുത്തിയെഴുത്തിയത്.
എവേ രാജ്യത്ത് ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ നേടിയ മൂന്നാമത്തെ ഇന്ത്യൻ ബാറ്ററാണ് ഗിൽ. മുമ്പ് 2004ൽ മുൾട്ടാനിൽ സെവാഗ് നേടിയ 309 റൺസും അതേ പരമ്പരയിൽ റാവൽപിണ്ടിയിൽ രാഹുൽ ദ്രാവിഡ് നേടിയ 270 റൺസുമാണ് എവേ രാജ്യത്ത് ഇന്ത്യൻ ബാറ്റർമാർ നേടിയ വ്യക്തിഗത സ്കോറുകൾ.
ഇരട്ട സെഞ്ച്വറി നേടുന്ന ആറാമത്തെ ഇന്ത്യൻ ക്യാപ്റ്റനാണ് ഗിൽ. ടെസ്റ്റ് ക്രിക്കറ്റിൽ ഇരട്ട സെഞ്ച്വറി നേടുന്ന രണ്ടാമത്തെ പ്രായം കുറഞ്ഞ താരവും ഗിൽ തന്നെയാണ്. 25 വയസും 298 ദിവസവും പ്രായമുള്ളപ്പോഴാണ് ഗില്ലിന്റെ നേട്ടം. 23 വയസും 39 ദിവസവും പ്രായമുള്ളപ്പോൾ ഇരട്ട സെഞ്ച്വറി മുൻ നായകൻ മൻസൂർ അലി ഖാൻ പട്ടൗഡിയാണ് ഈ നേട്ടത്തിൽ ഗില്ലിന് മുമ്പിലുള്ളത്. 25 വയസിൽ ടെസ്റ്റിലും ഏകദിനത്തിലും ഇരട്ട സെഞ്ച്വറി നേട്ടമാണ് ഗില്ലിന്റെ പേരിലായ മറ്റൊരു റെക്കോർഡ്. നേരത്തെ 2023ൽ ന്യൂസിലാൻഡിനെതിരെ ഗിൽ ഏകദിന ക്രിക്കറ്റിലും ഇരട്ട സെഞ്ച്വറി നേടിയിരുന്നു.
Content Highlights: Full list of records broken by Shubman Gill during 269-run innings against England