ഇന്ത്യയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ ഇംഗ്ലണ്ട് പതറുന്നു. രണ്ടാം ദിവസം സ്റ്റമ്പെടുക്കുമ്പോൾ ഇംഗ്ലണ്ട് ആദ്യ ഇന്നിങ്സിൽ മൂന്ന് വിക്കറ്റുകൾ നഷ്ടത്തിൽ 77 റൺസെന്ന നിലയിലാണ്. ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് സ്കോറായ 587 റൺസിന് ഒപ്പമെത്താൻ ഇംഗ്ലണ്ടിന് 510 റൺസ് കൂടി വേണം. സ്കോർ ഇന്ത്യ ആദ്യ ഇന്നിങ്സിൽ 587, ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്സ് മൂന്നിന് 77.
നേരത്തെ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 303 റൺസെന്ന നിലയിലാണ് ഇന്ത്യ രണ്ടാം ദിവസം രാവിലെ ബാറ്റിങ് ആരംഭിച്ചത്. ജഡേജയും ഗില്ലും ചേർന്ന ആറാം വിക്കറ്റ് കൂട്ടുകെട്ട് ഇന്ത്യൻ സ്കോർബോർഡിനെ മുന്നോട്ട് നയിച്ചു. 137 പന്തുകൾ നേരിട്ട ജഡേജ 10 ഫോറും ഒരു സിക്സറും സഹിതമാണ് 89 റൺസെടുത്തത്. ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിന്റെ ബാറ്റിങ്ങാണ് ഇന്ത്യയ്ക്ക് ആദ്യ ഇന്നിങ്സിൽ കരുത്തായത്. 387 പന്തുകൾ നേരിട്ട് 30 ഫോറുകളും മൂന്ന് സിക്സറുകളും സഹിതം ശുഭ്മൻ ഗിൽ 269 റൺസ് നേടി. ഇരുവരും ചേർന്ന ആറാം വിക്കറ്റിൽ 203 റൺസ് കൂട്ടിച്ചേർത്തു.
എട്ടാമനായി ക്രീസിലെത്തിയ വാഷിങ്ടൺ സുന്ദറും ഇന്ത്യൻ സ്കോർബോർഡിൽ നിർണായക സംഭാവന നൽകി. 103 പന്തിൽ മൂന്ന് ഫോറും ഒരു സിക്സറും സഹിതം സുന്ദർ 42 റൺസെടുത്തു. ഗില്ലിനൊപ്പം എട്ടാം വിക്കറ്റിൽ 144 റൺസ് കൂട്ടിച്ചേർക്കാനും സുന്ദറിന് കഴിഞ്ഞു. ഒന്നാം ദിവസം ഇന്ത്യൻ നിരയിൽ യശസ്വി ജയ്സ്വാൾ 87 റൺസ് നേടിയിരുന്നു. 107 പന്തിൽ 13 ഫോറുകൾ സഹിതമാണ് ജയ്സ്വാളിന്റെ ഇന്നിങ്സ്. ഇംഗ്ലണ്ടിനായി സ്പിന്നർ ഷുഹൈബ് ബഷീർ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. ക്രിസ് വോക്സ് രണ്ട് വിക്കറ്റുകളും സ്വന്തമാക്കി.
രണ്ടാം ഇന്നിങ്സ് ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിന് തുടക്കത്തിലെ തിരിച്ചടി നൽകാൻ ഇന്ത്യയ്ക്ക് കഴിഞ്ഞു. റൺസെടുക്കും മുമ്പെ ബെൻ ഡക്കറ്റും ഒലി പോപ്പും പുറത്തായി. ഇരുവരെയും അടുത്തടുത്ത പന്തുകളിൽ ആകാശ് ദീപാണ് പുറത്താക്കിയത്. പിന്നാലെ 19 റൺസെടുത്ത സാക്ക് ക്രൗളിയെ മുഹമ്മദ് സിറാജും പുറത്താക്കി. രണ്ടാം ദിനം മത്സരം അവസാനിക്കുമ്പോൾ 18 റൺസോടെ ജോ റൂട്ടും 30 റൺസുമായി ഹാരി ബ്രൂക്കുമാണ് ക്രീസിലുള്ളത്.
Content Highlights: England reach 77/3, trail by 510 runs; Shubman Gill's historic 269 takes India to 587