എഡ്ജ്ബാസ്റ്റൺ ടെസ്റ്റിൽ സ്പിന്നർ കുൽദീപ് യാദവിനെ ടീമിൽ ഉൾപ്പെടുത്താനുള്ള ആവശ്യം ശക്തമായിരുന്നു. ബോളിങ് നിര അമ്പേ പരാജയമായ ആദ്യ ടെസ്റ്റിൽ അഞ്ച് വിക്കറ്റിന്റെ തോൽവിയാണ് ഗില്ലും സംഘവും വഴങ്ങിയത്. ജസ്പ്രീത് ബുംറയൊഴികെ മറ്റാർക്കും വലിയ സംഭാവനകൾ നൽകാനായില്ല.
ഇതോടെയാണ് ബെഞ്ചിലിരിക്കുന്ന കുൽദീപിനെ രണ്ടാം ടെസ്റ്റിൽ പരിഗണിക്കണം എന്ന ആവശ്യം ഉയർന്നത്. എന്നാൽ രണ്ടാം ടെസ്റ്റിനുള്ള ഇലവൻ പ്രഖ്യാപിച്ചപ്പോൾ കുൽദീപിന് പകരം വാഷിങ്ടൺ സുന്ദറാണ് ടീമിൽ ഇടംപിടിച്ചത്. ഇതോടെ
ഇന്ത്യൻ നായകൻ ശുഭ്മാൻ ഗില്ലിന് മുന്നിൽ ചോദ്യമെത്തി.
ഗിൽ ഇതിന് നൽകിയ മറുപടി ഇങ്ങനെ. 'കുൽദീപിനെ കളിപ്പിക്കണമെന്ന ആഗ്രഹമില്ലാഞ്ഞിട്ടല്ല. എന്നാൽ ബാറ്റിങ് കരുത്ത് വർധിപ്പിക്കുന്ന കാര്യം കൂടി പരിഗണനയിൽ വന്നു'
രണ്ടാം ടെസ്റ്റിൽ കുൽദീപ് ടീമിലേക്ക് പരിഗണിക്കപ്പെട്ടില്ലെങ്കിൽ അന്യായമായിപ്പോവുമെന്ന് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ് അഭിപ്രായപ്പെട്ടിരുന്നു. 'കഴിഞ്ഞ എട്ട് വർഷത്തിനുള്ളിൽ ആകെ 13 ടെസ്റ്റ് മത്സരങ്ങളിലാണ് കുൽദീപിന് അവസരം ലഭിച്ചത്. മുമ്പ് അശ്വിൻ ടീമിലുണ്ട് എന്ന പേര് പറഞ്ഞാണ് നിങ്ങൾ അയാളെ ഒഴിവാക്കിയത്. ഇപ്പോൾ നിങ്ങൾ എന്ത് പറയും'- കൈഫ് ചോദിച്ചു. ഇതേ അഭിപ്രായം തന്നെയായിരുന്നു ആര് അശ്വിനും.
'20 വിക്കറ്റുകളും വീഴ്ത്തണം എന്ന പദ്ധതി ഗംഭീറിനും ഗില്ലിനുമുണ്ടോ. എങ്കിൽ കുൽദീപ് യാദവിനെ ടീമിലേക്ക് ഗൗരവത്തില് തന്നെ പരിഗണിക്കണം. അതിനായി ആരെ വേണമെങ്കിലും ഒഴിവാക്കാം. അയാൾ പന്തെറിഞ്ഞാൽ ഇംഗ്ലണ്ടിന് അധികം സ്കോർ ചെയ്യാനാവില്ല. ഇംഗ്ലീഷ് ബാറ്റർമാർക്ക് മുന്നിൽ നിരന്തരം പ്രതിസന്ധി സൃഷ്ടിച്ച് അയാൾ നിങ്ങൾക്കായി പരമ്പര നേടിത്തരും. - അശ്വിൻ പറഞ്ഞു.
story highlight : Why was Kuldeep dropped from the second Test? Gill's reply