ഇന്ത്യയുമായി ക്രിക്കറ്റ് പരമ്പര കളിക്കാൻ താൽപ്പര്യമുണ്ടെന്ന് അറിയിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്. ഓഗസ്റ്റ് 17 മുതൽ മൂന്ന് ഏകദിനങ്ങളും മൂന്ന് ട്വന്റി 20യും ഇന്ത്യ ബംഗ്ലാദേശിൽ കളിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ മെയ് മാസത്തിലുണ്ടായ ഇന്ത്യ-പാകിസ്താൻ സംഘർഷങ്ങൾക്ക് പിന്നാലെ ബംഗ്ലാദേശുമായി ക്രിക്കറ്റ് കളിക്കുന്നതിൽ നിന്ന് ബിസിസിഐ പിന്മാറിയേക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇരുരാജ്യങ്ങളുമായി സംഘർഷമുണ്ടായപ്പോൾ ബംഗ്ലാദേശ് പാകിസ്താന് പിന്തുണ നൽകിയെന്നതാണ് ഏഷ്യാ കപ്പ് ഉൾപ്പെടെയുള്ള പരമ്പരകളിൽ നിന്ന് ഇന്ത്യ പിന്മാറുന്നവെന്ന റിപ്പോർട്ടുകൾക്ക് ആധാരമായത്.
അടുത്ത മാസം നടത്താന് ഉദ്ദേശിച്ച ബംഗ്ലാദേശുമായുള്ള പരമ്പരയ്ക്ക് ഇന്ത്യ തയ്യാറായില്ലെങ്കിലും, മറ്റൊരു സമയത്ത് പരമ്പര നടത്താൻ ആഗ്രഹിക്കുന്നുവെന്നാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്ഡ് പറയുന്നത്. 'ബിസിസിഐയുമായുള്ള ചർച്ചകൾ നല്ല രീതിയിൽ പുരോഗമിക്കുന്നുണ്ട്. നിലവിൽ ഇന്ത്യൻ സർക്കാരിന്റെ അനുമതിക്കായാണ് ബിസിസിഐ കാത്തിരിക്കുന്നത്. ഓഗസ്റ്റിലോ സെപ്റ്റംബറിലോ പരമ്പര നടന്നില്ലെങ്കിൽ മറ്റൊരു സമയത്ത് മത്സരങ്ങൾ നടത്തണമെന്നാണ് ആഗ്രഹം,' ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് പ്രസിഡന്റ് അമിനൂൾ ഇസ്ലാം പ്രതികരിച്ചു.
ആഗസ്റ്റ് 17ന് ആരംഭിച്ച് ആഗസ്റ്റ് 31നാണ് ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ഏകദിന, ട്വന്റി 20 പരമ്പരകൾ തീരുമാനിച്ചിരുന്നത്. പിന്നാലെ സെപ്റ്റംബർ 10 മുതലാണ് ഏഷ്യാ കപ്പ് ക്രിക്കറ്റ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്. മെയിൽ നടന്ന ഇന്ത്യ - പാകിസ്താൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഇനി ഐസിസി ടൂർണമെന്റുകളിൽ ഇരുടീമുകളെയും (ഇന്ത്യ,പാകിസ്താന്) വ്യത്യസ്ത ഗ്രൂപ്പുകളിൽ ഉൾപ്പെടുത്തണമെന്ന് ബിസിസിഐ ഐസിസിയോട് ആവശ്യപ്പെടുമെന്ന് സൂചനകളുണ്ടായിരുന്നു. എന്നാൽ ഏഷ്യാകപ്പ് നടന്നാൽ ഇന്ത്യയും പാകിസ്താനും തമ്മിൽ മത്സരമുണ്ടാകാൻ സാധ്യത കൂടുതലാണ്.
Content Highlights: BCCI is awaiting government clearance to tour Bangladesh: BCB president