'ഗില്ലിനോട് സഹതാപമുണ്ട്, ഗ്രൗണ്ടിൽ ഇറങ്ങുമ്പോഴെ ക്യാപ്റ്റൻസിയുടെ ബുദ്ധിമുട്ട് മനസിലാകൂ': അലിസ്റ്റർ കുക്ക്

'രണ്ടാം ടെസ്റ്റിനുള്ള ടീമില്‍ ഇന്ത്യ മാറ്റങ്ങള്‍ ഉണ്ടാകും. കരുണ്‍ നായരോ സായ് സുദര്‍ശനോ പ്ലേയിങ് ഇലവനില്‍ നിന്ന് പുറത്താകും'

ഇന്ത്യൻ ക്രിക്കറ്റ് ടെസ്റ്റ് ടീം നായകൻ ശുഭ്മൻ ​ഗില്ലിന്റെ ക്യാപ്റ്റൻസിയെ വിലയിരുത്തി ഇം​ഗ്ലണ്ട് ക്രിക്കറ്റ് ടീം മുൻ നായകൻ അലിസ്റ്റർ കുക്ക്. ​ഗില്ലിനോട് സഹതാപമുണ്ടെന്ന് കുക്ക് പറഞ്ഞു. കളത്തിലിറങ്ങുമ്പോഴാണ് ക്യാപ്റ്റന്റെ ബുദ്ധിമുട്ടുകൾ മനസിലാകുകയെന്നും കുക്ക് പറയുന്നു. ഒരു ഇംഗ്ലീഷ് ദിനപത്രത്തിൽ എഴുതിയ ലേഖനത്തിലാണ് കുക്കിന്റെ പ്രസ്താവന.

'എനിക്ക് ഗില്ലിനെ ഓര്‍ത്ത് സഹതാപമുണ്ട്. പ്രത്യേകിച്ച് ലീഡ്സ് ടെസ്റ്റിൽ ഇംഗ്ലണ്ടിന്‍റെ രണ്ടാം ഇന്നിങ്സിൽ. വിക്കറ്റ് വീഴ്ത്തുന്നതില്‍ ഇന്ത്യൻ ബൗളര്‍മാര്‍ പരാജയപ്പെട്ടു. അപ്പോൾ ​ഗില്ലിന് പകരമായി തീരുമാനങ്ങളെടുക്കാനും നടപ്പാക്കാനുമായി നിരവധി പേരുണ്ടായിരുന്നു. ഡിആര്‍എസില്‍ എടുക്കണമെങ്കിൽ പോലും അവരെല്ലാം ഇടപെടുന്നുണ്ടായിരുന്നു. ആ തീരുമാനങ്ങളെല്ലാം പിഴയ്ക്കുകയും ചെയ്തു,' കുക്ക് പ്രതികരിച്ചു.

'ക്യാപ്റ്റനാവുന്നതിന് മുമ്പ് നേതൃഗുണം വളര്‍ത്താനുള്ള പല പുസ്തകങ്ങളും ​ഗിൽ വായിച്ചിട്ടുണ്ടാവാം. പക്ഷെ ഗ്രൗണ്ടിലിറങ്ങി നില്‍ക്കുമ്പോഴെ യാഥാര്‍ത്ഥ്യം മനസിലാവൂ. തനിക്ക് പകരം മറ്റ് പലരും തീരുമാനങ്ങളെടുക്കുന്നത് കണ്ട് ഗില്‍ ശരിക്കും ഞെട്ടിപ്പോയിരിക്കാം,' കുക്ക് പറഞ്ഞു.

'ആദ്യ ടെസ്റ്റില്‍ തന്നെ ഗില്ലിന് അനുഭവസമ്പത്തിന്റെ കുറവുണ്ടെന്ന് വ്യക്തമായിരുന്നു. 340 റണ്‍സ് ലീഡ് കടന്നപ്പോൾ തന്നെ ഇന്ത്യ ആക്രമിച്ച് കളിച്ച് ഇം​ഗ്ലണ്ടിനെ സമ്മർദ്ദത്തിലാക്കാൻ ശ്രമിക്കണമായിരുന്നു. 370 എന്ന ലക്ഷ്യത്തിലേക്ക് ഇം​ഗ്ലണ്ട് ബാറ്റ് ചെയ്യുമ്പോൾ കൂടുതൽ അറ്റാക്കിങ് ഫീൽഡിങ് ഒരുക്കണമായിരുന്നു. രവീന്ദ്ര ജഡേജ അടക്കമുള്ള ഇന്ത്യൻ ബൗളര്‍മാര്‍ക്ക് പരാജയമായിരുന്നു. ഇന്ത്യൻ പിച്ചുകളിൽ നിന്ന് വ്യത്യസ്തമായി വേ​ഗത കുറച്ച് പന്തെറിയാൻ ജഡേജക്ക് ശ്രമിക്കാമായിരുന്നു,' കുക്ക് കൂട്ടിച്ചേർത്തു.

'രണ്ടാം ടെസ്റ്റിനുള്ള ടീമില്‍ ഇന്ത്യ മാറ്റങ്ങള്‍ ഉണ്ടാകും. കരുണ്‍ നായരോ സായ് സുദര്‍ശനോ പ്ലേയിങ് ഇലവനില്‍ നിന്ന് പുറത്താകും. നീതീഷ് കുമാർ റെഡ്ഡിയും കുൽദീപ് യാദവും ഇന്ത്യൻ ടീമിൽ കളിക്കാനും സാധ്യതയുണ്ട്,' കുക്ക് വ്യക്തമാക്കി.

Content Highlights: Former England captain Alastair Cook on Gill's captaincy

To advertise here,contact us