ടെസ്റ്റ് ചാംപ്യൻഷിപ്പിൽ ചരിത്ര നേട്ടവുമായി ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ട്രാവിസ് ഹെഡ്. ടെസ്റ്റ് ചാംപ്യൻഷിപ്പിൽ 10 പ്ലെയർ ഓഫ് ദ് മാച്ച് പുരസ്കാരങ്ങൾ നേടുന്ന ആദ്യ താരമായിരിക്കുകയാണ് ഓസീസ് ബാറ്റർ. വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ടെസ്റ്റിൽ പ്ലെയർ ഓഫ് ദ് മാച്ച് പുരസ്കാരം നേടിയതോടെയാണ് ട്രാവിസ് ഹെഡ് ചരിത്ര നേട്ടത്തിലെത്തിയത്. ടെസ്റ്റ് ചാംപ്യൻഷിപ്പിലെ 50-ാം മത്സരത്തിലാണ് ഹെഡിന്റെ നേട്ടം.
വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ടെസ്റ്റിന്റെ രണ്ട് ഇന്നിങ്സുകളിലും ട്രാവിസ് ഹെഡ് അർധ സെഞ്ച്വറി നേടിയിരുന്നു. ആദ്യ ഇന്നിങ്സിൽ ഹെഡ് നേടിയ 59 റൺസിന്റെ ബലത്തിലാണ് ഓസ്ട്രേലിയ 180 എന്ന സ്കോറിലേക്കെത്തിയത്. രണ്ടാം ഇന്നിങ്സിൽ ട്രാവിസ് ഹെഡ് 61, ബ്യൂ വെബ്സ്റ്റർ 63, അലക്സ് ക്യാരി 65 എന്നിവർ ഓസീസിനായി മികച്ച സംഭാവനകൾ നൽകി. ഹെഡും വെബ്സ്റ്ററും ചേർന്ന അഞ്ചാം വിക്കറ്റിൽ 102 റൺസ് കൂട്ടിച്ചേർത്തിരുന്നു.
മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെതിരെ 159 റൺസിൻ്റെ വിജയമാണ് ഓസീസ് സംഘം നേടിയത്. മൂന്നാം ദിവസം 301 റൺസിൻ്റെ വിജയലക്ഷ്യത്തിലേക്ക് ബാറ്റുവെച്ച വിൻഡീസ് സംഘം 141 റൺസിൽ എല്ലാവരും പുറത്തായി. സ്കോർ ഓസ്ട്രേലിയ ഒന്നാം ഇന്നിങ്സ് 180, വെസ്റ്റ് ഇൻഡീസ് ആദ്യ ഇന്നിങ്സ് 190. ഓസ്ട്രേലിയ രണ്ടാം ഇന്നിങ്സ് 310, വെസ്റ്റ് ഇൻഡീസ് രണ്ടാം ഇന്നിങ്സ് 141.
Content Highlights: Travis Head becomes the first player in the WTC history to win 10 Man of the Match awards