'ഇന്ത്യയുടെ പ്രകടനം ടെസ്റ്റ് നിലവാരത്തിൽ ആയിരുന്നില്ല, ഇംഗ്ലണ്ടിന് അഭിനന്ദനങ്ങൾ': സുനിൽ ​ഗവാസ്കർ

'ഇംഗ്ലണ്ടിന് മികച്ച ആത്മവിശ്വാസമുണ്ടായിരുന്നു'

ഇം​ഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിലെ പരാജയത്തിന് പിന്നാലെ ഇന്ത്യൻ ടീമിന്റെ പോരായ്മകൾ ചൂണ്ടിക്കാട്ടി മുൻ താരവും കമന്റേറ്ററുമായ സുനിൽ ​ഗവാസ്കർ. ലീഡ്സിൽ ഇന്ത്യയുടെ പ്രകടനം ടെസ്റ്റ് നിലവാരത്തിലായിരുന്നില്ലെന്നാണ് ​ഗവാസ്കർ ചൂണ്ടിക്കാട്ടിയത്. മികച്ച പോരാട്ടം നടത്തിയ ഇം​ഗ്ലണ്ട് ടീമിനെ ​ഗവാസ്കർ അഭിനന്ദിക്കുകയും ചെയ്തു.

'ഇംഗ്ലണ്ട് ടീമിന് അഭിനന്ദനങ്ങൾ. ഇന്ത്യൻ ടീമിൽ അഞ്ച് താരങ്ങൾ സെഞ്ച്വറി നേട്ടം സ്വന്തമാക്കിയിരുന്നു. എന്നിട്ടും ഇംഗ്ലണ്ടിന് മികച്ച ആത്മവിശ്വാസമുണ്ടായിരുന്നു. അതുകൊണ്ടാണ് ഇന്ത്യൻ ടീമിന്റെ അവസാന വിക്കറ്റുകൾ വേ​ഗത്തിൽ സ്വന്തമാക്കാൻ ഇം​ഗ്ലണ്ടിനെ സഹായിച്ചത്. എന്നാൽ അവസാന വിക്കറ്റുകളിൽ ഭേദപ്പെട്ട നിലയിൽ സ്കോർ ചെയ്യാൻ ഇം​ഗ്ലണ്ടിന് സാധിച്ചു. അതാണ് മത്സരത്തിൽ നിർണായകമായത്.'

'ഇം​ഗ്ലണ്ട് അവസാന വിക്കറ്റുകളിൽ നേടിയ റൺസ് മത്സരഫലത്തിൽ മാറ്റം വരുത്തി. ഫീൽഡിങ്ങിൽ ഒരു സാധാരണ പ്രകടനം മാത്രമായിരുന്നു ഇന്ത്യ നടത്തിയത്. ലീഡ്സിൽ ഇന്ത്യയുടെ പ്രകടനം ടെസ്റ്റ് ക്രിക്കറ്റിന്റെ നിലവാരത്തിലായിരുന്നില്ല,' ​ഗവാസ്കർ വ്യക്തമാക്കി.

ഇന്ത്യയ്ക്കെതിരായ ഒന്നാം ടെസ്റ്റിൽ ഇം​ഗ്ലണ്ട് അഞ്ച് വിക്കറ്റിന്റെ വിജയമാണ് നേടിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഒന്നാം ഇന്നിങ്സിൽ 471 റൺസ് നേടി. ക്യാപ്റ്റൻ ശുഭ്മൻ ​ഗിൽ 147, റിഷഭ് പന്ത് 134, യശസ്വി ജയ്സ്വാൾ 101 എന്നിവരുടെ മികവിലാണ് ഇന്ത്യ മികച്ച സ്കോറിലെത്തിയത്. ആദ്യ ഇന്നിങ്സിൽ മറുപടി ബാറ്റിങ്ങിൽ ഇം​ഗ്ലണ്ട് 465 റൺസ് സ്വന്തമാക്കി. 106 റൺസെടുത്ത ഒലി പോപ്പും 99 റൺസുമായി ഹാരി ബ്രൂക്കും ഇംഗ്ലണ്ടിനായി മികച്ച പ്രകടനം പുറത്തെടുത്തു. അഞ്ച് വിക്കറ്റെടുത്ത ജസ്പ്രീത് ബുംമ്രയാണ് ഇന്ത്യൻ ബൗളിങ് സംഘത്തിൽ തിളങ്ങിയത്. ഒന്നാം ഇന്നിങ്സിൽ ആറ് റൺസിന്റെ ലീഡ് നേടാനും ഇന്ത്യയ്ക്ക് സാധിച്ചു.

രണ്ടാം ഇന്നിങ്സിൽ 364 റൺസിലാണ് ഇന്ത്യൻ സംഘം ഓൾഔട്ടായത്. കെ എൽ രാഹുൽ 137 റൺസോടെയും റിഷഭ് പന്ത് 118 റൺസെടുത്തും ഇന്ത്യൻ നിരയിൽ തിളങ്ങി. 371 റൺസിന്റെ വിജയലക്ഷ്യമാണ് ഇന്ത്യൻ സംഘം രണ്ടാം ഇന്നിങ്സിൽ ഇം​ഗ്ലണ്ടിന് മുന്നിൽ വെച്ചത്. വിജയലക്ഷ്യത്തിലേക്ക് ബാറ്റുവെച്ച ഇം​ഗ്ലണ്ട് മത്സരത്തിന്റെ അവസാന ദിവസം അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. 149 റൺസെടുത്ത ബെൻ ഡക്കറ്റിന്റെയും 65 റൺസെടുത്ത സാക്ക് ക്രൗളിയുടെയും പുറത്താകാതെ 53 റൺസെടുത്ത ജോ റൂട്ടിന്റെയും പ്രകടനം ഇം​ഗ്ലണ്ട് വിജയത്തിൽ നിർണായകമായി.

Content Highlights: Sunil Gavaskar Gives Shubman Gill's India Blunt Reality Check After Defeat

To advertise here,contact us