ഡക്കറ്റും ക്രൗളിയും അടിച്ചെടുത്തത് ചരിത്രം; സ്വന്തമായത് നിരവധി റെക്കോർഡുകൾ

1953ൽ വെസ്റ്റ് ഇൻഡീസ് താരങ്ങളായ അലൻ റേയും ജെഫ് സ്റ്റോൾമെയറും ചേർന്ന് നേടിയ റെക്കോർഡ് തിരുത്തപ്പെട്ടു

ഇന്ത്യയ്ക്കെതിരായ ഒന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ ഇം​ഗ്ലണ്ട് ഓപണർമാരായ ബെൻ ഡക്കറ്റും സാക്ക് ക്രൗളിയും ചേർന്ന് അടിച്ചെടുത്തത് ചരിത്രം. ഇരുവരും ചേർന്ന ഒന്നാം വിക്കറ്റ് കൂട്ടുകെട്ടിൽ പിറന്നത് 188 റൺസാണ്. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഇന്ത്യയ്ക്കെതിരെ നാലാം ഇന്നിങ്സിന്റെ ഓപണിങ് വിക്കറ്റിൽ ഒരു ടീം നേടുന്ന ഏറ്റവും ഉയർന്ന പാർട്ണർഷിപ്പാണിത്. 1953ൽ വെസ്റ്റ് ഇൻഡീസ് താരങ്ങളായ അലൻ റേയും ജെഫ് സ്റ്റോൾമെയറും ചേർന്ന് നേടിയ 142 റൺസിന്റെ പിരിയാത്ത ഒന്നാം വിക്കറ്റ് കൂട്ടുകെട്ടിന്റെ റെക്കോർഡാണ് ഇം​ഗ്ലണ്ട് താരങ്ങൾ തിരുത്തിയെഴുതിയത്.

ലീഡ്സിലെ ഹെഡിങ്ലി സ്റ്റേഡിയത്തിൽ നാലാം ഇന്നിങ്സിലെ ഏറ്റവും ഉയർന്ന കൂട്ടുകെട്ടാണിത്. അതുപോലെ ഇം​ഗ്ലണ്ട് ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ നാലാം ഇന്നിങ്സിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ ഓപണിങ് കൂട്ടുകെട്ടുമാണിത്. നാലാം ഇന്നിങ്സിൽ ഇം​ഗ്ലണ്ട് ഓപണർമാരായ സാക്ക് ക്രൗളി 65 റൺസും ബെൻ ഡക്കറ്റ് 149 റൺസും അടിച്ചെടുത്തു. മത്സരത്തിൽ ഇം​ഗ്ലണ്ട് വിജയത്തിൽ നിർണായകമായതും ഈ കൂട്ടുകെട്ടാണ്.

ലീഡ്സ് ടെസ്റ്റിന്റെ അവസാന ദിവസമായ ഇന്നലെ അഞ്ച് വിക്കറ്റിന്റെ വിജയമാണ് ഇം​ഗ്ലണ്ട് സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഒന്നാം ഇന്നിങ്സിൽ 471 റൺസ് നേടി. ക്യാപ്റ്റൻ ശുഭ്മൻ ​ഗിൽ 147, റിഷഭ് പന്ത് 134, യശസ്വി ജയ്സ്വാൾ 101 എന്നിവരുടെ മികവിലാണ് ഇന്ത്യ മികച്ച സ്കോറിലെത്തിയത്. ആദ്യ ഇന്നിങ്സിൽ മറുപടി ബാറ്റിങ്ങിൽ ഇം​ഗ്ലണ്ട് 465 റൺസ് സ്വന്തമാക്കി. 106 റൺസെടുത്ത ഒലി പോപ്പും 99 റൺസുമായി ഹാരി ബ്രൂക്കും ഇം​ഗ്ലണ്ടിനായി മികച്ച പ്രകടനം പുറത്തെടുത്തു. അഞ്ച് വിക്കറ്റെടുത്ത ജസ്പ്രീത് ബുംമ്രയാണ് ഇന്ത്യൻ ബൗളിങ് സംഘത്തിൽ തിളങ്ങിയത്. ഒന്നാം ഇന്നിങ്സിൽ ആറ് റൺസിന്റെ ലീഡ് നേടാനും ഇന്ത്യയ്ക്ക് സാധിച്ചു.

രണ്ടാം ഇന്നിങ്സിൽ 364 റൺസിലാണ് ഇന്ത്യൻ സംഘം ഓൾഔട്ടായത്. കെ എൽ രാഹുൽ 137 റൺസോടെയും റിഷഭ് പന്ത് 118 റൺസെടുത്തും ഇന്ത്യൻ നിരയിൽ തിളങ്ങി. 371 റൺസിന്റെ വിജയലക്ഷ്യമാണ് ഇന്ത്യൻ സംഘം രണ്ടാം ഇന്നിങ്സിൽ ഇം​ഗ്ലണ്ടിന് മുന്നിൽ വെച്ചത്. വിജയലക്ഷ്യത്തിലേക്ക് ബാറ്റുവെച്ച ഇം​ഗ്ലണ്ട് മത്സരത്തിന്റെ അവസാന ദിവസം അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. 149 റൺസെടുത്ത ബെൻ ഡക്കറ്റിന്റെയും 65 റൺസെടുത്ത സാക്ക് ക്രൗളിയുടെയും പുറത്താകാതെ 53 റൺസെടുത്ത ജോ റൂട്ടിന്റെയും പ്രകടനം ഇം​ഗ്ലണ്ട് വിജയത്തിൽ നിർണായകമായി.

Content Highlights: Ben Duckett-Zak Crawley Pair Shatters Multiple Records

To advertise here,contact us