രണ്ടാം ഇന്നിങ്സിലും സെഞ്ച്വറിക്കരിൽ ഷാന്റോ; ശ്രീലങ്ക-ബംഗ്ലാദേശ് ടെസ്റ്റ് സമനിലയിലേക്ക്

രണ്ടാം ഇന്നിങ്സിൽ ബംഗ്ലാദേശിന്റെ ലീഡ് 247 റൺസായി ഉയർന്നു

ശ്രീലങ്കയും ബം​ഗ്ലാദേശും തമ്മിലുള്ള ആദ്യ ടെസ്റ്റ് സമനിലയിലേക്ക് നീങ്ങുന്നു. മത്സരത്തിന്റെ അവസാന ദിവസമായ ഇന്ന് രണ്ടാം ഇന്നിങ്സ് ബാറ്റിങ് തുടരുന്ന ബം​ഗ്ലാദേശ് നാല് വിക്കറ്റ് നഷ്ടത്തിൽ 237 റൺസെടുത്തിട്ടുണ്ട്. രണ്ടാം ഇന്നിങ്സിൽ ബംഗ്ലാദേശിന്റെ ലീഡ് 247 റൺസായി ഉയർന്നു. 89 റൺസുമായി ക്രീസിൽ തുടരുന്ന ക്യാപ്റ്റൻ നജ്മുൾ ഹൊസൈൻ ഷാന്റോയിലാണ് ബം​ഗ്ലാദേശിന്റെ പ്രതീക്ഷകൾ. സ്കോർ ബംഗ്ലാദേശ് ആദ്യ ഇന്നിങ്സ് 495, ശ്രീലങ്ക ഒന്നാം ഇന്നിങ്സിൽ 485. ബം​ഗ്ലാദേശ് രണ്ടാം ഇന്നിങ്സിൽ നാലിന് 237.

നേരത്തെ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 177 റൺസെന്ന നിലയിലാണ് ബം​ഗ്ലാദേശ് അവസാന ദിവസം രാവിലെ ബാറ്റിങ് ആരംഭിച്ചത്. 49 റൺസെടുത്ത മുഷ്ഫിഖർ റഹീമിന്റെ വിക്കറ്റാണ് ഇന്ന് ബം​ഗ്ലാദേശിന് നഷ്ടമായത്. ഷാന്റോയ്ക്കൊപ്പം നാലാം വിക്കറ്റിൽ റഹീം 109 റൺസ് കൂട്ടിച്ചേർത്തിരുന്നു. ആദ്യ ഇന്നിങ്സിൽ സെഞ്ച്വറി നേടിയ ഷാന്റോ രണ്ടാം ഇന്നിങ്സിലും സെഞ്ച്വറിക്കരികിലാണ്.

നേരത്തെ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ബം​ഗ്ലാദേശ് ഒന്നാം ഇന്നിങ്സിൽ 495 റൺസെടുത്തിരുന്നു. നജ്മുൾ ഹൊസൈൻ ഷാന്‍റോ 148, മുഷ്‌ഫീഖര്‍ റഹീം 163 റണ്‍സെടുത്തു. ലിറ്റണ്‍ ദാസ് 90 റണ്‍സാണ് സംഭാവന ചെയ്തത്.

മറുപടി ബാറ്റിങ്ങിൽ ശ്രീലങ്ക ആദ്യ ഇന്നിങ്സിൽ 485 റൺസിൽ എല്ലാവരും പുറത്തായി. പാതും നിസങ്കയുടെയും കമിന്ദു മെൻഡിസിന്റെയും ഇന്നിങ്‌സാണ് ശ്രീലങ്കയ്ക്ക് തുണയായത്. പാതും നിസങ്ക 256 പന്തുകളില്‍ 187 റൺസെടുത്തപ്പോൾ 148 പന്തുകളില്‍ 87 റണ്‍സുമായി കമിന്ദു മെൻഡിസ് പൊരുതി. ദിനേശ് ചന്ദിമല്‍ 54 റൺസ് നേടി.

Content Highlights: Rahim, Shanto help extend lead to over 240 runs against Sri Lanka

To advertise here,contact us