ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റിൽ ഇന്ത്യൻ നിരയിൽ ക്യാപ്റ്റൻ ശുഭ്മൻ ഗിൽ നാലാം നമ്പറിൽ ബാറ്റ് ചെയ്യുമെന്ന് വൈസ് ക്യാപ്റ്റൻ റിഷഭ് പന്ത്. മറ്റെന്നാൾ ആരംഭിക്കുന്ന ഒന്നാം ടെസ്റ്റിന് മുമ്പായി നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇന്ത്യൻ ബാറ്റിങ് ഓഡറിനെക്കുറിച്ച് പന്ത് സംസാരിച്ചത്. അഞ്ചാം നമ്പറിൽ താൻ ബാറ്റിങ്ങിനെത്തുമെന്നും റിഷഭ് പന്ത് പറഞ്ഞു.
'ഇന്ത്യൻ ടീമിൽ മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങളിൽ ആര് ബാറ്റ് ചെയ്യുമെന്നതാണ് ഇപ്പോഴത്തെ ചർച്ചയെന്ന് ഞാൻ കരുതുന്നു. നാലാം നമ്പറിൽ ശുഭ്മൻ ഗിൽ ബാറ്റ് ചെയ്യുമെന്നാണ് ഞാൻ കരുതുന്നത്. അഞ്ചാം നമ്പറിൽ ഞാൻ ക്രീസിലെത്തും. ബാറ്റിങ് ഓഡറിൽ മറ്റ് നമ്പറുകളിൽ ആര് ക്രീസിലെത്തുമെന്ന് ഇപ്പോഴും ചർച്ച നടക്കുകയാണ്,' പന്ത് വ്യക്തമാക്കി.
സൂപ്പർതാരം വിരാട് കോഹ്ലി വിരമിച്ചതോടെയാണ് ഇന്ത്യൻ ടെസ്റ്റ് ടീമിൽ നാലാം നമ്പറിൽ ആര് കളിക്കുമെന്നതിൽ ആകാംഷ ഉയർന്നത്. നേരത്തെ മൂന്നാം നമ്പറിൽ കളിച്ചുകൊണ്ടിരുന്ന ഗിൽ നാലാം സ്ഥാനത്തേയ്ക്കെത്തുമെന്ന് റിഷഭ് പന്ത് പറഞ്ഞുകഴിഞ്ഞു. ഇതോടെ മൂന്നാം നമ്പറിൽ ആര് കളിക്കുമെന്നതാണ് ആരാധകർക്ക് ഇനി അറിയേണ്ടത്.
ഇംഗ്ലണ്ട് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം: ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), റിഷഭ് പന്ത് (വൈസ് ക്യാപ്റ്റൻ, വിക്കറ്റ് കീപ്പർ), യശസ്വി ജയ്സ്വാൾ, കെ എൽ രാഹുൽ, സായി സുദർശൻ, അഭിമന്യൂ ഈശ്വരൻ, കരുൺ നായർ, നിതീഷ് കുമാർ റെഡ്ഡി, രവീന്ദ്ര ജഡേജ, ധ്രുവ് ജുറേൽ (വിക്കറ്റ് കീപ്പർ), വാഷിങ്ടൺ സുന്ദർ, ഷാർദുൽ താക്കൂർ, ജസ്പ്രീത് ബുംമ്ര, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ആകാശ് ദീപ്, അർഷ്ദീപ് സിങ്, കുൽദീപ് യാദവ്, ഹർഷിത് റാണ.
Content Highlights: Rishabh Pant confirms Shubman Gill will bat at No.4